/indian-express-malayalam/media/media_files/uploads/2020/07/fi-1.jpg)
മോനിപ്പിള്ളി: അമേരിക്കയിൽ ഭർത്താവ് കൊലപ്പെടുത്തിയ കോട്ടയം മോനിപ്പള്ളി സ്വദേശിനി മെറിന്റെ മൃതദേഹം നാട്ടിലെത്തിക്കില്ല. മൃതദേഹം എംബാം ചെയ്യാനുള്ള ബുദ്ധിമുട്ട് കാരണമാണ് മൃതദേഹം അമേരിക്കയിൽ നിന്നു നാട്ടിലെത്തിക്കാൻ സാധിക്കാത്തത്.
മെറിന്റെ ശരീരത്തിൽ 17 കുത്തുകളേറ്റിട്ടുണ്ട്. ഇങ്ങനെയൊരു സാഹചര്യത്തിൽ മൃതദേഹം എംബാം ചെയ്യാൻ ബുദ്ധിമുട്ടുണ്ടാകുമെന്ന് ആശുപത്രി അധികൃതർ അമേരിക്കയിലുള്ള മെറിന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിച്ചു. ഇക്കാര്യം മോനിപ്പള്ളിയിലെ വീട്ടിൽ അറിയിച്ചിട്ടുണ്ട്. മൃതദേഹം നാട്ടിലെത്തിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.
മെറിന്റെ സംസ്‌കാരം അടുത്ത ശനിയാഴ്‌ച അമേരിക്കയിൽ നടക്കും. മൃതദേഹം മയാമിയിൽ നിന്ന് ന്യൂയോർക്കിൽ എത്തിച്ച ശേഷം ആദ്യ വിമാനത്തിൽത്തന്നെ ഇന്ത്യയിലേക്കെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ നേരത്തെ പറഞ്ഞിരുന്നു.
Read Also: പിറന്നാളും വിവാഹവാർഷികവും ഇന്ന്; മെറിൻ പോയത് ആഘോഷങ്ങൾക്ക് കാത്തുനിൽക്കാതെ
അമേരിക്കയിലെ സൗത്ത് ഫ്ളോറിഡയിൽ ബ്രൊവാർഡ് ഹെൽത്ത് കോറൽ സ്‌പ്രിങ്‌സ് ആശുപത്രിയിൽ നഴ്‌സായിരുന്ന മെറിൻ ജോയി ചൊവ്വാഴ്‌ച വൈകിട്ട് ഏഴരയോടെയാണു കൊല്ലപ്പെട്ടത്. കോവിഡിനെതിരായ പോരാട്ടത്തിനിടെയാണ് മെറിൻ ഭർത്താവ് ഫിലിപ്പ് മാത്യു (34) വിന്റെ കത്തിമുനയ്‌ക്കിരയായത്. ആശുപത്രിയുടെ നാലാം നിലയിലെ കോവിഡ് വാർഡിൽനിന്ന് ജോലി കഴിഞ്ഞ് മിയാമിയിലെ താമസ സ്ഥലത്തേക്കു പോകാനിറങ്ങിയതായിരുന്നു മെറിൻ. കാറിലെത്തിയ ഫിലിപ്പ് പാര്‍ക്കിങ് ലോട്ടിൽവച്ച് മെറിനെ കുത്തിവീഴ്‌ത്തിയ ശേഷം ശരീരത്തിലൂടെ വാഹനം ഓടിച്ചുകയറ്റി. മെറിന്റെ ശരീരത്തിൽ 17 കുത്തുകളേറ്റതായാണ് റിപ്പോർട്ട്. മെറിനെ പൊലീസ് ഉടന്‍ പൊംപാനോ ബീച്ചിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കൊലപാതകത്തിനുപിന്നാലെ കാറോടിച്ച് കടന്നുകളഞ്ഞ ഫിലിപ്പിനെ പിന്നീട് സ്വയം കുത്തിമുറിവേൽപ്പിച്ച നിലയിൽ ഹോട്ടൽ മുറിയിൽനിന്ന് പൊലീസ് പിടികൂടുകയായിരുന്നു. ഫിലിപ്പിനെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി. ഫിലിപ്പ് മിഷഗണിലാണു താമസിച്ചിരുന്നത്.
ഭർത്താവുമായി അകന്നു കഴിയുകയായിരുന്നു മെറിൻ. നെവിൻ എന്നു വിളിക്കുന്ന ഫിലിപ്പ് മാത്യു തന്നെ അപായപ്പെടുത്തുമെന്ന് മെറിനു പേടിയുണ്ടായിരുന്നുവെന്നാണ് സഹപ്രവർത്തകരിൽനിന്നുള്ള വിവരം. ഇതുകാരണം കോറൽ സ്‌പ്രിങ്‌സ് ബ്രൊവാര്‍ഡ് ആശുപത്രിയിലെ ജോലി മതിയാക്കി താമ്പയിലേക്കു താമസം മാറാനുള്ള തയ്യാറെടുപ്പിലായിരുന്നു അവർ. അതിനിടയിലാണ് ദാരുണമായ കൊലപാതകം.
2016 ലായിരുന്നു മെറിൻ-ഫിലിപ്പ് ദമ്പതികളുടെ വിവാഹം. 2017 ലാണു നഴ്‌സിങ് ജോലിയ്‌ക്കായി മെറിൻ ആദ്യമായി യുഎസിലെത്തിയത്. രണ്ട് വർഷത്തിലേറെയായി ബ്രൊവാര്‍ഡ് ആശുപത്രിയിൽ ജോലി ചെയ്യുകയായിരുന്നു. മെറിന്റെ സഹപ്രവർത്തകരിൽ പലരും കൊലപാതകം നേരിട്ടുകണ്ടതായി പറയുന്നു. പാർക്കിങ് ലോട്ടിൽ രക്തത്തിൽ കുളിച്ചു കിടക്കുകയായിരുന്ന മെറിൻ ‘എനിക്കൊരു കുഞ്ഞുണ്ട്..’ എന്ന് അലമുറയിട്ടു കരഞ്ഞതായി സഹപ്രവർത്തകർ കണ്ണീരോടെ ഓർക്കുന്നു. തങ്ങൾക്ക് മെറിൻ ഒരു മാലാഖയെ പോലെയായിരുന്നെന്നും നല്ല സുഹൃത്തായിരുന്നെന്നും സഹപ്രവർത്തക പറഞ്ഞു.
Read Also: ‘എനിക്കൊരു കുഞ്ഞുണ്ട്’; സഹപ്രവർത്തകർക്ക് തീരാവേദനയായി മെറിൻ
കഴിഞ്ഞ ഡിസംബറിൽ നാട്ടില്‍വച്ച് മെറിനും ഫിലിപ്പും തമ്മില്‍ വഴക്കുണ്ടായിരുന്നു. മെറിനെ കൂട്ടാതെ ഫിലിപ്പ് അമേരിക്കയിലേക്കു പോയി. പിന്നീട്, രണ്ട് വയസുള്ള മകളെ തന്റെ മാതാപിതാക്കളെ ഏൽപ്പിച്ച് മെറിൻ തനിച്ച് യുഎസിലേക്ക് പോകുകയായിരുന്നു.വിവാഹമോചനത്തിനു വേണ്ടിയുള്ള നിയമനടപടികൾ പൂർത്തിയാക്കിയാണ് മെറിൻ നാട്ടിൽനിന്ന് മടങ്ങിയത്. ഫിലിപ്പ് തന്നെ അപായപ്പെടുത്താൻ സാധ്യതയുള്ളതായി മെറിൻ പലപ്പോഴും പറഞ്ഞിട്ടുണ്ടെന്ന് മെറിന്റെ സുഹൃത്തുക്കളും വെളിപ്പെടുത്തിയിട്ടുണ്ട്.
തന്നെ കുത്തിയതും വണ്ടി കയറ്റിയതും ഫിലിപ് മാത്യു ആണെന്നു ആശുപത്രിയിലേക്ക് ആംബുലൻസിൽ കൊണ്ടുപോകുന്ന സമയത്ത് മെറിൻ വ്യക്തമായി പൊലീസിനോടു പറഞ്ഞിരുന്നു. ഇതാണ് മരണമൊഴി. ഇത് ആംബുലൻസിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ദേഹത്തെ ക്യാമറയിൽ റെക്കോർഡ് ചെയ്‌തിട്ടുണ്ട്.
മോനിപ്പള്ളി ഊരാളിൽ വീട്ടിൽ താമസിക്കുന്ന പിറവം മരങ്ങാട്ടിൽ ജോയി-മേഴ്സി ദമ്പതികളുടെ മകളാണു മെറിൻ ജോയി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us