തിരുവനന്തപുരം: മഹാരാഷ്‌ട്രയിലെ നാസിക്കിൽ മലയാളി ജവാൻ റോയ് മാത്യു മരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിൽ വീണ്ടും പോസ്റ്റ്മോർട്ടം നടത്തി. ജവാന്റെ ബന്ധുക്കളുടെ ആവശ്യ പ്രകാരമാണ് വീണ്ടും പോസ്റ്റ്‌മോർട്ടം നടത്തിയത്. ജവാന്റെ ഭൗതികശരീരം ഇന്ന് രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ചു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിലാണ് പോസ്റ്റ്‌മോർട്ടം നടത്തിയത്.

അതേസമയം, തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച മൃതദേഹത്തോട് അധികൃതർ അനാദരവ് കാണിച്ചെന്നും ബന്ധുക്കൾ ആരോപിച്ചു. വിമാനത്താവളത്തിലെത്തിയ മൃതദേഹം ഒരു മണിക്കൂറോളം ട്രോളിയിൽ കിടത്തിയെന്നാണ് ബന്ധുക്കളുടെ പരാതി. കൂടാതെ ജവാന്റെ ഭൗതിക ശരീരം ദേശീയ പതാക പോലും പുതപ്പിക്കാതെയാണ് നാട്ടിലെത്തിച്ചത്.

ജവാന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് നേരത്തെ തന്നെ ആരോപിച്ച ബന്ധുക്കൾ മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യാതെ ഏറ്റുവാങ്ങില്ലെന്ന് അറിയിച്ചിരുന്നു. മൃതദേഹം ഒരിക്കൽ കൂടി പോസ്റ്റ്മോർട്ടം ചെയ്യണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ കൊല്ലം കളക്‌ടർക്ക് അപേക്ഷ നൽകുകയും ചെയ്‌തിരുന്നു.

പോസ്റ്റ്‌മോർട്ടത്തിനു ശേഷം ജവാന്റെ മൃതദേഹം റോഡ് മാർഗം കൊല്ലം പവിത്രേശ്വരത്തെ ജന്മനാട്ടിൽ എത്തിക്കും. കഴിഞ്ഞ വ്യാഴാഴ്ചയാണ് റോയ് മാത്യുവിനെ നാസിക്കിലെ സൈനിക താവളത്തിന് സമീപം ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയെന്ന് ബന്ധുക്കൾക്ക് വിവരം ലഭിച്ചത്.

ജോലി സ്ഥലത്തെ മോശം അവസ്ഥ സംബന്ധിച്ച വെളിപ്പെടുത്തലുകൾ ഒരു ഓൺലൈൻ മാധ്യമം പുറത്തുവിട്ടതിന് പിന്നാലെയാണ് ജവാനെ കാണാതായതും പിന്നീട് മരിച്ച നിലയിൽ കണ്ടതും. ഇതാണ് ബന്ധുക്കൾ റോയിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് സംശയിക്കാൻ കാരണം. എന്നാൽ ഓൺലൈൻ മാധ്യമം റോയ്‌യെ ചതിക്കുകയായിരുന്നുവെന്ന് ജവാന്റെ സഹോദരൻ ജോൺ ആരോപിച്ചു. റോയ്‌യുടെ അറിവില്ലാതെയാണ് അവർ വിഡിയോ പകർത്തിയതെന്നും ജോൺ ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ