ദുബായ്: പ്രമുഖ മലയാളി വ്യവസായി ജോയി അറയ്ക്കലിന്റെ മരണം ആത്മഹത്യയാണെന്ന് സ്ഥിരീകരിച്ച് ദുബായ് പൊലീസ്. ബിസിനസ് ബേയിലെ കെട്ടിടത്തിന്റെ 14-ാം നിലയില്‍നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് ദുബായ് പൊലീസ് പറയുന്നു. ഈ മാസം 23നായിരുന്നു സംഭവം. സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും ദുബായ് പൊലീസ് അറിയിച്ചു.

മാനന്തവാടിക്കടുത്ത വഞ്ഞോട് സ്വദേശിയാണ് ജോയ് അറയ്ക്കല്‍. കുടുംബസമേതം ദുബായില്‍ ആയിരുന്നു താമസം. ഇരുപത് വർഷത്തോളമായി യുഎഇ ആസ്ഥാനമാക്കി ബിസിനസ് നടത്തുന്ന ജോയ് അറക്കൽ ഇന്നോവ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ മാനേജിങ് ഡയറക്ടറായിരുന്നു.

അതേസമയം മരണത്തിൽ ദുരൂഹതകളൊന്നുമില്ല. മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള നടപടികൾ പൂർത്തിയായി വരുകയാണെന്നും ബര്‍ ദുബായ് പോലീസ് സ്‌റ്റേഷന്‍ ഡയറക്ടര്‍ അറിയിച്ചു. ഇന്ത്യൻ അധികൃതരിൽ നിന്ന് എൻഒസി ലഭിച്ചുകഴിഞ്ഞു. യുഎഇ വിദേശകാര്യ, രാജ്യാന്തര സഹകരണ മന്ത്രാലയത്തിൽ നിന്ന് അനുമതി ലഭിച്ചയുടൻ മൃതദേഹം ബംഗ്ലുരുവിലെത്തിക്കും.

കേരളത്തിലെ ഏറ്റവും വലിയ വീടുകളിലൊന്നായി കണക്കക്കപ്പെടുന്നത് സ്വദേശമായ മാനന്തവാടിയിൽ ജോയി നിർമ്മിച്ച അറയ്ക്കൽ പാലസാണ്. നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നതിലൂടെ ശ്രദ്ധേയനായിരുന്നു ജോയി.

മൃതദേഹം പ്രത്യേക എയര്‍ ആംബുലന്‍സില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിക്കും.തുടര്‍ന്ന് സ്വദേശത്തേക്കു കൊണ്ടുപോകും. ഭാര്യ സെലിന്‍ ജോയിയും മക്കളായ അരുണ്‍ ജോയിയും ആഷ്‌ലി ജോയിയും ജോയ് അറയ്ക്കലിന്റെ മൃതദേഹത്തെ അനുഗമിക്കും. ഇതിനുള്ള പ്രത്യേക അനുമതി കേന്ദ്രസര്‍ക്കാര്‍ ലഭ്യമാക്കിയിട്ടുണ്ട്.

യുഎഇയിലെ ഗോള്‍ഡ് കാര്‍ഡ് വിസ ഉടമയായാണ് ജോയ് അറയ്ക്കല്‍. കഴിഞ്ഞവര്‍ഷമാണ് അദ്ദേഹത്തിനു 10 വര്‍ഷത്തേക്കുള്ള ഗോള്‍ഡ് കാര്‍ഡ് വിസ യുഎഇ അധികൃതര്‍ നല്‍കിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.