കൊൽക്കത്ത: അവധി കഴിഞ്ഞ് തിരികെ പോയ അസുഖബാധിതനായി കൊൽക്കത്തയിൽ മരിച്ച മലയാളി സൈനികന് നിപ്പ ബാധിച്ചില്ലെന്ന് സ്ഥിരീകരണം. മെയ് 27 നാണ് സൈനികൻ മരണമടഞ്ഞത്.
ഇദ്ദേഹത്തിന്റെ മരണം നിപ്പ വൈറസ് ബാധ മൂലമാണെന്ന സംശയത്തെ തുടർന്ന് ശരീര സ്രവം പരിശോധനയ്ക്ക് പുണെയിലേക്ക് അയച്ചിരുന്നു. ഇതിന്റെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ഐഇ ബംഗ്ലാ (ieBangla.com) റിപ്പോർട്ട് ചെയ്യുന്നു. പാലക്കാട് സ്വദേശിയായ സീനു പ്രസാദി (27)ന്റെ മരണമാണ് നിപ്പ ബാധിച്ചാണെന്ന സംശയം ഉയർത്തിയത്. കൊൽക്കത്തയിൽ വില്യം ഫോർട്ടിലായിരുന്നു ഇദ്ദേഹത്തിനെ നിയമിച്ചിരുന്നത്.
അസുഖബാധിതനായ സീനുവിനെ മെയ് 20 നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മെയ് 27 ഞായറാഴ്ച ഇദ്ദേഹം മരിച്ചു. മെയ് 28 ന് ഇദ്ദേഹത്തിന്റെ മൃതദേഹം സംസ്കരിച്ചു.
മരണത്തെ തുടർന്ന് ആശങ്കകൾ ഉയർന്ന സാഹചര്യത്തിൽ ഇത് നിപ്പ വൈറസ് ബാധ മൂലമാണോയെന്ന് സംശയം പരിഹരിക്കാനാണ് പുണെയിലേക്ക് ശരീര സ്രവം അയച്ചത്. മരണവാർത്ത കൊൽക്കത്തയിൽ ഇന്ത്യൻ ആർമിയുടെ ഈസ്റ്റേൺ കമാന്റ് ആസ്ഥാനത്ത് നിന്ന് പുറത്തിറക്കിയ വാർത്ത കുറിപ്പിലാണ് അറിയിച്ചത്.