രാജ്യത്തെ സ്വകാര്യ ബാങ്കുകളിൽ മാസം നാലിൽ അധികം തവണ പണമിടപാട് നടത്തുന്നതിന് മാർച്ച് ഒന്നു മുതൽ 150 രൂപ സർവീസ് ചാർജ് ഈടാക്കി തുടങ്ങി. അഞ്ചും അതിൽ കൂടുതലും ഇടപാടുകൾക്കാണ് ഇത് ബാധകമാവുക. എച്ച്‌ഡിഎഫ്‌സി, ഐസിഐസിഐ, ആക്‌സിസ് ബാങ്കുകളാണ് നിലവിൽ ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ഇതേക്കുറിച്ച് മലയാളികൾ പ്രതികരിക്കുന്നത് ഇങ്ങനെ..

ബാങ്കിങ് ഇടപാടുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി പണരഹിത സമ്പദ്‌വ്യവസ്ഥയാണ് ലക്ഷ്യമിടുന്നതെങ്കിൽ ബാങ്കുകൾ അത്തരത്തിലുളള സൗകര്യങ്ങളും ലഭ്യമാക്കണം. ഇത്ര ഭീമമായ സർവീസ് ചാർജുകൾ ഈടാക്കുന്നതിനു മുൻപ് തന്നെ എല്ലാ കടകളിലും മറ്റ് കച്ചവട കേന്ദ്രങ്ങളിലും പിഒഎസ് മെഷീനുകൾ ലഭ്യമാക്കുകയാണ് വേണ്ടത്. എല്ലായിടത്തും പ്ലാസ്റ്റിക് മണി സ്വീകരിക്കാൻ കഴിയണം. കാർഡ് ഇടപാടുപകൾക്ക് ഈടാക്കുന്ന സേവന നികുതി പൂർണമായും ഒഴിവാക്കണം. ഇതെല്ലാം ചെയ്യാതെ പെട്ടെന്ന് ഇത്രയും വലിയ തുക സർവീസ് ചാർജായി വാങ്ങിക്കുന്നത് ഉപഭോക്താക്കളെ ഇത്തരം ബാങ്കുകളിൽ നിന്ന് അകറ്റും.

– ആൻജോ അൽഫോൺസ്, മർച്ചന്റ് നേവി

സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന നടപടിയാണ് ഇത്. നമ്മുടെ അക്കൗണ്ടിലെ പണം പിൻവലിക്കാനും നിക്ഷേപിക്കാനുമെല്ലാം ബാങ്കിന് ഇത്രയധികം പണം നൽകുന്നത് ന്യായീകരിക്കാനാവില്ല. നെറ്റ് ബാങ്കിങ്ങ് പ്രോത്സാഹിപ്പിക്കാനുളള നടപടിയാണെങ്കിൽ ഓൺലൈൻ വഴിയുളള ഇടപാടുകൾക്ക് ഇപ്പോൾ ഈടാക്കുന്ന സർവീസ് ചാർജ് എടുത്തു മാറ്റണം. കൂടാതെ പൂർണമായും നമ്മുടെ രാജ്യം ഡിജിറ്റൽ ആകാൻ സജ്ജമായിട്ടില്ല. ഇന്നും രാജ്യത്തെ പകുതിയിലധികം ജനങ്ങൾക്കും ഓൺലൈൻ ബാങ്കിങ് പരിചിതമല്ലാത്ത സാഹചര്യത്തിൽ ഇത് വലിയ തിരിച്ചടിയാണ്. ഈ തീരുമാനം ചെറുകിട കച്ചവടക്കാർ ഉൾപ്പെടെയുളള സാധാരണക്കാരെ സാരമായി ബാധിക്കുമെന്നതിൽ തർക്കമില്ല.

– രാം ദാസ്, സോഫ്റ്റ്‌വെയർ എൻജിനിയർ

ബാങ്കിലെ എല്ലാവിധ ഇടപാടുകൾക്കും നാലിൽ കൂടുതലായാൽ സർവീസ് ചാർജ് ഈടാക്കാനുളള നീക്കം വൻ കോർപറേറ്റുകളെ സഹായിക്കാനാണ്. ന്യൂ ജനറേഷൻ ബാങ്കുകളാണ് ഇപ്പോഴിത് നടപ്പിലാക്കിയിരിക്കുന്നത്. പതിയെ മറ്റു പൊതു മേഖലാ ബാങ്കുകളിലേക്കും ഇത് വ്യാപിക്കും. എടിഎമ്മിൽ പോകുമ്പോൾ ചാർജ് ഈടാക്കിയിരുന്ന പോലെ ബാങ്കിൽ പോയി നാലിൽ കൂടുതൽ ഇടപാട് നടത്തിയാലും ഇനി പണം നൽകണം. എല്ലാവിധ കറൻസി ഇടപാടുകളും അവസാനിപ്പിക്കുന്നതിനുളള നീക്കമാണിത്. ജനങ്ങളെ നിർബന്ധിപ്പിച്ച് ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ തുടർച്ചയാണ് ഈ നടപടി.

ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് സമൂഹത്തിലെ സാധാരണക്കാരെയായിരിക്കും. ബാങ്കിൽ പോയി ഇടപാടു നടത്തുന്ന സാധാരണക്കാരെ പൂർണമായും നിയന്ത്രിക്കുന്നതാണ് പുതിയ നീക്കം. ഇത് അവർക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ട് വളരെ വലുതായിരിക്കും. ഇടപാടുകാരെ പൂർണമായും ബാങ്കിൽ നിന്ന് അടർത്തി മാറ്റുകയാണ് പുതിയ തീരുമാനം. അതുപോലെ ഇടപാടുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ബാങ്കിൽ നിന്ന് മാറുന്നത് ബാങ്കിന്റെ തകർച്ചയിലേക്കും വഴിവയ്ക്കും.

– എസ്.എസ്.അനിൽ, ജനറൽ സെക്രട്ടറി, ബിഇഎഫ്ഐ(കേരള)

ഇത്ര വലിയ തുക സർവീസ് ചാർജായി ഈടാക്കാനുളള തീരുമാനം ബാങ്കുകളെ ആശ്രയിച്ച് പണം സൂക്ഷിക്കുന്നവർക്ക് തിരിച്ചടിയാണ്. ബാങ്കുകൾ തന്നെ അനുവദിച്ച കാർഡുകൾക്ക് ഇപ്പോൾ എന്ത് പ്രാധാന്യമാണ് നൽകുന്നത്. സാധാരണക്കാരുടെ പണ ഇടപാടുകൾ സുരക്ഷിതമാക്കാനുളള നടപടിയായാണ് ഡെബിറ്റ് കാർഡുകൾ അടക്കമുളളവ ഇറക്കിയത്. എന്നാൽ അതിനും ബാങ്കിലെ ഇടപാടുകൾക്കും എല്ലാം സർവീസ് ചാർജ് നൽകണം എന്ന അവസ്ഥയാണ്. എല്ലാ ഇടപാടുകൾക്കും സർവീസ് ചാർജ് ഈടാക്കാൻ ബാങ്ക് തയാറെടുക്കുകയാണെങ്കിൽ ഇനി മുതൽ പണം ജനങ്ങൾ കൈയ്യിൽ സൂക്ഷിക്കുകയാണ് വേണ്ടത്. അങ്ങനെ മോഷ്‌ടാക്കളും കളളപ്പണക്കാരും രാജ്യത്ത് ഇതുമൂലം വർദ്ധിക്കട്ടെ..!

റിങ്കു ഫ്രാൻസിസ്, സോഫ്റ്റ്‌വെയർ എൻജിനിയർ

ബാങ്കുകളുടെ ഈ തീരുമാനത്തെ ഞാൻ അനുകൂലിക്കുന്നു. കാർഡ് ഉപയോഗവും ഓൺലൈൻ ബാങ്കിങ്ങും ഇതുമൂലം വർദ്ധിക്കും. ഇതൊരു നല്ല മുന്നേറ്റമാണ്. വീട്ടാവശ്യങ്ങൾക്ക് മാസം പതിനായിരമോ ഇരുപതിനായിരമോ ആവശ്യമായി വന്നേക്കാം. ഈ തുക എടിഎമ്മിൽ നിന്ന് രണ്ട് തവണയായി വേണമെങ്കിൽ എടുക്കുകയും ചെയ്യാം. നമ്മുടെ സൗകര്യാർഥം നമുക്ക് ബാക്കി പണമിടപാടുകൾ ഓൺലൈനായും നടത്താൻ സാധിക്കും. നമുക്ക് ക്യൂ നിൽക്കാതെ വേഗത്തിൽ പണമിടപാട് നടത്താൻ സാധിക്കുന്നതിന് ചെറിയ തുക സർവീസ് ചാർജായി നൽകുന്നതിൽ എന്താണ് തെറ്റ്?

സുധീഷ് പൈ, സീനിയർ ജനറൽ മാനേജർ

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ