തിരുവനന്തപുരം: ഷാർജയിൽ വിവിധ കേസുകളിൽപ്പെട്ട് തടവിൽ കഴിയുന്ന മലയാളികളെ മോചിപ്പിക്കുമെന്ന് ഷാർജ ഭരണാധികാരി ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിം. ഇവർക്ക് ഷാർജയിൽത്തന്നെ ജോലി നൽകുമെന്നും ഷാർജ ഭരണാധികാരി അറിയിച്ചു. കാലിക്കറ്റ് സർവകലാശാലയുടെ ഡി ലിറ്റ് സ്വീകരിച്ചതിന് ശേഷമുള്ള നന്ദി പ്രസംഗത്തിലാണ് ഷാർജ ഭരണാധികാരി സുപ്രധാന തീരുമാനം അറിയിച്ചത്. ഗുരുതരമായ കുറ്റകൃത്യങ്ങൾ ചെയ്യാത്തവരെ മോചിപ്പിക്കുമെന്ന് ഷാർജ ഭരണാധികാരി വ്യക്തമാക്കി.

മുഖ്യമന്ത്രി പിണറായി വിജയന്റെ ആവശ്യം പരിഗണിച്ചാണ് ഈ തീരുമാനം സ്വീകരിച്ചതെന്ന് ഷാർജ്ജ ഭരണാധികാരി വ്യക്തമാക്കി. ഷാർജ്ജയിൽ തടവിൽ കഴിയുന്ന മലയാളികളെ മോചിപ്പിക്കണമെന്ന് പിണറായി വിജയൻ ഷാർജ്ജ ഭരണാധികാരിയോട് ആവശ്യപ്പെട്ടിരുന്നു. കേരളത്തിൽ തനിക്ക് നൽകിയ ഊഷ്മളമായ സ്വീകരണത്തിന് എല്ലാ മലയാളികളോടും ഷെയ്ഖ് സുൽത്താൻ ബിൻ ഖാലിദ് അൽഖാസിം നന്ദി പറഞ്ഞു.

മുഖ്യമന്ത്രി നടത്തിയ അഭ്യര്‍ത്ഥന പ്രകാരമാണ് ജയിലുകളില്‍ കഴിയുന്നവര്‍ക്ക് മാപ്പ് നല്‍കാന്‍ ശൈഖ് സുല്‍ത്താന്‍ തീരുമാനിച്ചത്. കേരളീയര്‍ മാത്രമല്ല ഗുരുതര ക്രിമിനല്‍ കേസുകളില്‍ പെടാത്ത മുഴുവന്‍ വിദേശീയരേയും ജയിലുകളില്‍നിന്നു മോചിപ്പിക്കുകയാണെന്ന് അദ്ദേഹം കലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഡി-ലിറ്റ് ബിരുദം സ്വീകരിച്ചുകൊണ്ട് രാജ്ഭവനില്‍ നടത്തിയ പ്രഭാഷണത്തില്‍ പ്രഖ്യാപിച്ചു. ജയിലുകളില്‍ കഴിയുന്നവരെ മോചിപ്പിക്കാന്‍ ഷാര്‍ജ ഭരണാധികാരി സമ്മതിച്ച കാര്യം ബിരുദദാന ചടങ്ങില്‍ ആദ്യം പരാമര്‍ശിച്ചിരുന്നു. ജയിലുകളിലുളളവരെ നാട്ടിലേക്ക് തിരിച്ചയക്കണമെന്നാണ് ഞാന്‍ അഭ്യര്‍ത്ഥിച്ചത്, ‘എന്നാല്‍ എന്തിന് അവര്‍ നാട്ടില്‍ പോകണം അവര്‍ ഇവിടെ തന്നെ നില്‍ക്കട്ടെ, അവര്‍ക്ക് ഷാര്‍ജ നല്ല ജോലി നല്‍കും’. എന്നാണ് ശൈഖ് സുല്‍ത്താന്‍ പറഞ്ഞത്.

ചെറിയ തര്‍ക്കങ്ങളിലും ബിസിനസ്സ് സംബന്ധമായ കേസുകളിലും പെട്ട് ഷാര്‍ജ ജയിലുകളില്‍ കഴിയുന്നവര്‍ക്ക് തീരുമാനം വലിയ ആശ്വാസമാകും. യു.എ.ഇ.യിലെ മറ്റു എമിറേറ്റ്സുകളിലും ഇതര ഗള്‍ഫ് രാജ്യങ്ങളിലും ജയിലുകളില്‍ പെട്ടുപോയ മലയാളികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും വലിയ പ്രതീക്ഷ നല്‍കുന്നതാണ് ഈ തീരുമാനം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ