scorecardresearch

Latest News

മന്ത്രി സുധാകരന്റെ വംശീയ പരാമർശത്തിനെതിരെ മലയാളി ലോക ബാങ്ക് ഉദ്യോഗസ്ഥൻ

മാനവികതയുടെയും സമത്വവാദത്തിന്റെയും ചരിത്രമുളള കേരളത്തിന്റെ പാരമ്പര്യത്തിന് എതിരായ മന്ത്രിയുടെ പരാമർശം ഞെട്ടലുളവാക്കുന്നുവെന്ന് ബാലാമേനോൻ

g sudhakaran, PWD minister

ലോകബാങ്ക് ഉദ്യോഗസ്ഥന് നേരെ മന്ത്രി ജി. സുധാകരൻ നടത്തിയ വംശീയ പരാമർശത്തിൽ വ്യക്തിപരമായി മാപ്പ് ചോദിച്ച് മലയാളിയായ ലോകബാങ്ക് ഉദ്യോഗസ്ഥൻ. ലോക ബാങ്ക് ഉദ്യോഗസ്ഥനായ ബാല മേനോൻ  എന്ന ബാലകൃഷ്ണ മേനോനാണ് ഫീലിങ് അനോയിഡ് എന്ന ടാഗോടുകൂടി മന്ത്രിയുടെ പെരുമാറ്റത്തിൽ വിഷമവവും മാപ്പ് അപേക്ഷയും നടത്തിയിട്ടുളളത്. മന്ത്രിയുടെ ഫെയ്‌സ് ബുക്ക് പേജിലും മന്ത്രിയുടെ നിലപാടിനോടുളള വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട് ബാല മേനോൻ.

bala menon, balakrishna menon, g. sudhakaran
ബാലാ മേനോൻ

തിരുവനന്തപുരം എഞ്ചിനിയറിങ് കോളജിൽ നിന്നും ആർക്കിടെക്ച്ചറിൽ ബിരുദവും ഡൽഹിയിലെ സ്കൂൾ ഓഫ് പ്ലാനിങ് ആൻഡ് ആർക്കിടെക്ച്ചറിൽ നിന്നും നഗരാസൂത്രണത്തിൽ ബിരുദാനന്തര ബിരുദവും ഹാർവാഡ് സർവകലാശാലയിൽ നിന്നും ഡോക്ടറേറ്റും നേടിയ ബാലാ മേനോൻ   അടുത്തിടെയാണ്  ലോകബാങ്ക്  ആസ്ഥാനത്തേയ്ക്ക്  തിരികെ വന്നത്.  അതിന് മുമ്പ് അദ്ദേഹം കെയ്‌റോ ആസ്ഥാനമാക്കി പ്രവർത്തിക്കുകയായിരുന്നു.

ബാലമേനോന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

കേരളത്തിലെ ഒരു മന്ത്രി അടുത്തിടെ എനിക്കൊപ്പം ജോലി ചെയ്യുന്ന ബെർണാഡ് അരിറ്റ്വായോട്  നടത്തിയ പരാമർശങ്ങൾ അതീവ ദുഃഖകരവും ഞെട്ടിപ്പിക്കുന്നതുമാണ്. ലോകബാങ്കിനോട് വിയോജിക്കുന്നതിനും അതിന്റെ പിന്തുണ സംബന്ധിച്ച ഉത്കണ്ഠകളും രേഖപ്പെടുത്തേണ്ടത് വ്യക്തിപരമായ അധിക്ഷേപത്തിലൂടെയുടെയോ വംശീയ പരാമർശങ്ങൾ നടത്തിയോ അല്ല. അത്തരം രീതികൾ ഒരിക്കലും അംഗീകരിക്കാനാവില്ല. എനിക്ക് അഭിമാനമുണ്ട് ഞങ്ങൾ ഞങ്ങളുടെ പ്രതിഷേധം സർക്കാരിനെ അറിയിച്ചു എന്നതിൽ. ഈ​ സംഭവത്തിൽ എന്റെ വിഷമം ഞാൻ മനന്ത്രിയുടെ ഫെയ്‌സ് ബുക്ക് പേജിൽ അറിയിച്ചു. മാത്രമല്ല, ഇത്തരം പെരുമാറ്റങ്ങളെ അംഗീകരിക്കാത്ത നല്ലവരായ എല്ലാ കേരളീയർക്കും വേണ്ടി വ്യക്തിപമരമായി ഞാൻ ബെർണാഡിനോഡ് മാപ്പ് ചോദിക്കുകയും ചെയ്തു

പ്രിയപ്പെട്ട മന്ത്രി, ലോകബാങ്കിലെ ബെർണാഡ് അരിറ്റ്വായോട്  അങ്ങ് നടത്തിയ പരാമർശങ്ങൾ എന്നിൽ ഞെട്ടലുളവാക്കുകയും ആഴത്തിൽ മുറിവേൽപ്പിക്കുകയും ചെയ്തു. ബെർണാഡ്, ഒരു കേരളീയൻ എന്ന നിലയിലും സഹപ്രവർത്തകൻ എന്ന നിലയിലും എനിക്ക് ഇത് വളരെ വേദനാജനകമായ നിമിഷമാണ്. നമ്മുടെ സംസ്ഥാനം ഉയർത്തിപ്പിടിച്ചിരുന്ന സമത്വവാദത്തിന്റെ പേരിലും മാനവികതയുടെ പേരിലും എക്കാലത്തും അഭിമാനം കൊണ്ടിരുന്നയാളാണ് ഞാൻ. വളരെ മോശമായ പരാമർശങ്ങളാണ് ഉണ്ടായത്. ഈ​ വിഷയത്തിൽ വിഹ്വലതയോടെ എന്നോട് വിഷമം പങ്കുവെച്ച നിരവധി നല്ല കേരളീയരുടെയും പേരിലും വ്യക്തപരമായ പേരിലും ബെർണാഡിനോട് ഞാൻ ക്ഷമ ചോദിക്കുന്നു.” എന്ന് വ്യക്തമാക്കിയാണ് ബാലാ മേനോന്റെ പോസ്റ്റ് അവസാനിക്കുന്നത്. ഇത് മന്ത്രി ജി. സുധാകരന്റെ ഫെയ്‌സ് ബുക്ക് പേജിലും പോസ്റ്റ് ചെയ്തു.

bala menon, world bank, g. sudhakaran
ബാലമേനോന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്

കെ. എസ് ടി പിയുമായി ബന്ധപ്പെട്ട യോഗത്തിലാണ് മന്ത്രി ലോകബാങ്കിനും ആഫ്രോ- അമേരിക്കൻ വംശജനായ ലോകബാങ്ക് ഉദ്യോഗസ്ഥനെതിരെയും പരമാർശങ്ങൾ നടത്തിയത്. ലോക ബാങ്കിനെ വിമർശിക്കുന്നതിനിടയിലാണ് അതിലെ അഫ്രോ- അമേരിക്കൻ വംശജനായ ഉദ്യോഗസ്ഥനെതിരെ വംശീയ പരാമർശം നടത്തിയത്.

മന്ത്രി ജി. സുധാകരന്റെ വിവാദമായ പ്രസംഗത്തിലെ ഭാഗം ഇതാണ്: “കെ.എസ്.ടി.പി റോഡ് നിർമ്മാണം ഇഴയുന്നത് ലോക ബാങ്ക് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുള്ള വീഴ്ച കൊണ്ട് കൂടിയാണ്. അതുകൊണ്ട് വായ്പ പിൻവലിക്കുമെന്ന് പറഞ്ഞൊന്നും കേരളത്തെ പേടിപ്പിക്കാൻ നോക്കണ്ട. ലോകബാങ്ക് ഉണ്ടാകും മുൻപ് തന്നെ കേരളം ഇവിടെയുണ്ട്”

“ഞാൻ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത ശേഷം നാല് തവണ ലോകബാങ്ക് പ്രതിനിധികൾ എന്നെ വന്ന് കണ്ടിരുന്നു. ഇവിടുത്തെ ടീം ലീഡർ ഒരു ആഫ്രിക്കൻ അമേരിക്കക്കാരനാണ്. എന്നുവച്ചാൽ മുൻ പ്രസിഡന്റ് ഒബാമയുടെ വംശം. അയാൾ നീഗ്രോയാണ്. നൂറ്റാണ്ടുകൾക്ക് മുൻപ് അടിമകളാക്കി അമേരിക്കയിൽ കൊണ്ടുവന്ന് പണിചെയ്യിപ്പിച്ചു. അടിമത്തം അവസാനിപ്പിച്ചപ്പോൾ സ്വതന്ത്രനായി. അതിന്റെ ഭാഗമായാണ് ഇന്ന് ഈ ഉയർന്ന സ്ഥാനത്ത് അയാൾ ഇരിക്കുന്നത്”.

സംഭവം വിവാദമായതിനെ തുടർന്ന് മന്ത്രി സുധാകരൻ ഈ​ വിഷയത്തിൽ ഖേദം പ്രകടിപ്പിച്ചു. ഈ​ പരാമർശത്തിൽ വംശീയതയുടെ സ്വഭാവമുണ്ടെന്ന് അറിയില്ലായിരുന്നുവെന്നും അദ്ദേഹം പിന്നീട് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

 

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Malayalee world bank officials fb post against kerala works minister g sudhakaran racial slur