scorecardresearch
Latest News

യുഎ ഖാദര്‍ അന്തരിച്ചു; വിടവാങ്ങിയത് തൃക്കോട്ടൂര്‍ പെരുമയുടെ കഥാകാരന്‍

കേന്ദ്ര, കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയ ഖാദര്‍ ചിത്രകാരന്‍ കൂടിയായിരുന്നു

യുഎ ഖാദര്‍ അന്തരിച്ചു; വിടവാങ്ങിയത് തൃക്കോട്ടൂര്‍ പെരുമയുടെ കഥാകാരന്‍

കോഴിക്കോട്: തൃക്കോട്ടര്‍ പെരുമയുടെ കഥകളിലൂടെ മലയാളത്തിന്റെ മനസില്‍ ഇടംപിടിച്ച എഴുത്തുകാരന്‍ യുഎ ഖാദര്‍ അന്തരിച്ചു. 85 വയസായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. സംസ്‌കാരം ഞായറാഴ്ച.

കേന്ദ്ര, കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയ ഖാദര്‍ ചിത്രകാരന്‍ കൂടിയായിരുന്നു. പത്രപ്രവര്‍ത്തകനായും പ്രവര്‍ത്തിച്ചു. നാല്‍പ്പതിലേറെ കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

തൃക്കോട്ടൂര്‍ പെരുമ, അഘോരശിവം, തൃക്കോട്ടൂര്‍ കഥകള്‍, നേടിയ കഥപോലെ ജീവിതം, ഒരുപിടി വറ്റ്, മേശവിളക്ക്, കലശം, വായേ പാതാളം, ഒരു പടകാളിപ്പെണ്ണിന്റെ ചരിതം, ഖുറൈശിക്കൂട്ടം, ഓര്‍മകളുടെ പഗോഡ, കുഞ്ഞബ്ദുള്ള ഹാജിയും കൂട്ടരും ‘ഖാദര്‍ എന്നാല്‍’ (ആത്മകഥാംശമുള്ള കുറിപ്പുകള്‍) തുടങ്ങിയവയാണു പ്രധാന കൃതികള്‍.

കേരള സാഹിത്യ അക്കാദമി, കേരള ലളിതകലാ അക്കാദമി, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം എന്നിവയുടെ ഭാരവാഹിയും പുരോഗമന കലാ സാഹിത്യസംഘം പ്രസിഡന്റുമായിരുന്നു. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണയ സമിതിയില്‍ നാലു തവണ അംഗമായിരുന്നു.

പഴയ ബര്‍മയിലെ റംഗൂണിനു സമീപത്തെ മോണിലെ ബില്ലിന്‍ ഗ്രാമത്തില്‍ 1935 നവംബര്‍ 16നായിരുന്നു ജനനം. പിതാവ് ഉസങ്ങാന്റകത്ത് മൊയ്തൂട്ടി ഹാജി കോഴിക്കോട് കൊയിലാണ്ടി സ്വദേശിയും മാതാവ് മമൈദി ബര്‍മ സ്വദേശിയുമാണ്. ഖാദര്‍ ജനിച്ച് മൂന്നാം ദിവസം മാതാവ് മരിച്ചു. ഏഴാം വയസിലാണു പിതാവിന്റെ ജന്മദേശമായ കൊയിലാണ്ടിയിലെത്തിയത്.

കൊയിലാണ്ടി ഗവ. ഹൈസ്‌കൂളില്‍നിന്ന് പത്താം ക്ലാസ് വിജയിച്ച ഖാദര്‍ മദ്രാസ് കോളജ് ഓഫ് ഫൈന്‍ ആര്‍ട്‌സില്‍ ചേര്‍ന്നെങ്കിലും പഠനം പൂര്‍ത്തിയാക്കിയില്ല. 1952 മുതല്‍ ആനുകാലികങ്ങളില്‍ എഴുതിത്തുടങ്ങി. ‘കണ്ണുനീര്‍ കലര്‍ന്ന പുഞ്ചിരി’ എന്ന ചെറുകഥ 1952ല്‍ പ്രസിദ്ധീകരിച്ചു.

1957 മുതല്‍ പ്രപഞ്ചം വാരികയുടെ സഹപത്രാധിപരായിരുന്ന അദ്ദേഹം 1964ല്‍ സംസ്ഥാന ആരോഗ്യവകുപ്പില്‍ ചേര്‍ന്നു. 1990ല്‍ കോഴിക്കോട് ഗവ. ബീച്ച് ജനറല്‍ ആശുപത്രിയില്‍ അഡ്മിനിസിട്രേഷന്‍ വിഭാഗത്തില്‍നിന്നാണു വിരമിച്ചത്. ഇതിനിടെ അഞ്ചു വര്‍ഷം ഡെപ്യൂട്ടേഷനില്‍ കോഴിക്കോട് ആകാശവാണിയില്‍ പ്രവര്‍ത്തിച്ചു.

കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജിനു സമീപം ‘അക്ഷരം’ വീട്ടിലായിരുന്നു താമസം. ഭാര്യ: ഫാത്തിമാബീവി. മക്കള്‍: ഫിറോസ്, കബീര്‍, അദീപ്, സറീന, സുലേഖ. മരുമക്കള്‍: കെ സലാം, സഗീര്‍ അബ്ദുല്ല, സുബൈദ, ഷെരീഫ, റാഹില.

യുഎ ഖാദറിന്റെ മരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. മലയാള സാഹിത്യത്തിന് പൊതുവിലും പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന് വിശേഷിച്ചും നികത്താനാവാത്ത നഷ്ടമാണ് യു എ ഖാദറിന്റെ നിര്യാണം മൂലം ഉണ്ടായിട്ടുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

“ജീവിതത്തിലുടനീളം മതനിരപേക്ഷതയും പുരോഗമനോന്മുഖവുമായ നിലപാട് കൈക്കൊള്ളുകയും തന്റെ സർഗാത്മക സാഹിത്യത്തിൽ പ്രതിഫലിപ്പിക്കുകയും ചെയ്തു യു എ ഖാദർ. ആ പ്രക്രിയയുടെ സ്വാഭാവിക ഫലമാണ് പുരോഗമന കലാസാഹിത്യ സംഘത്തെ നയിക്കാൻ അദ്ദേഹം കാട്ടിയ സന്നദ്ധത,”  എന്നും മുഖ്യമന്ത്രി പറഞ്ഞു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Malayalam writer ua khader passes away