തിരുവനന്തപുരം: മലയാള സാഹിത്യത്തിൽ വേറിട്ട രചനാ രീതിയുടെ, രാഷ്ട്രീയ കഥകളുടെ ജനിതകമെഴുതിയ എം സുകുമാരൻ (75) ഇനി ചരിത്രഗാഥ.  ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് തിരുവനന്തപുരം ശ്രീ ചിത്ര തിരുന്നാള്‍ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂറ്റില്‍ വച്ചായിരുന്നു മരണം. തിരുവനന്തപുരം കോട്ടയ്ക്കകത്ത് പ്രശാന്ത് നഗറിലായിരുന്ന താമസം. പാലക്കാട് ചിറ്റൂരിൽ നാരയാണ മന്നാടിയാരുടെയും മീനാക്ഷിയമ്മയുടെയും  മകനായി 1943 ൽ ജനിച്ചു.  ഭാര്യ മീനാക്ഷി, മകൾ രജനി.

എഴുത്തിലും വ്യക്തി ജീവിതത്തിലും രാഷ്ട്രീയത്തിലും സുകുമാരൻ പുലർത്തിയ നിലപാടുകൾ മരിക്കാത്ത സ്മാരകങ്ങളായി  നിലകൊളളും.  മുദ്രാവാക്യം വിളികളല്ല, രാഷ്ട്രീയ സാഹിത്യം എന്നത് അദ്ദേഹത്തിന്‍റെ രചനകൾ അടിവരയിട്ടു.

സാഹിത്യത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെയും അഴിമുഖമായിരുന്നു അദ്ദേഹത്തിന്‍റെ സൃഷ്ടികളും ജീവിതവും.  അരാഷ്ട്രീയതയുടെയും ആവർത്തനങ്ങളുടെയും ലോകത്തേയ്ക്ക് ചേക്കേറിക്കൊണ്ടിരുന്ന മലയാള സാഹിത്യ ലോകത്ത്  രാഷ്ട്രീയത്തിന്‍റെ ശുദ്ധവായു തുറന്നുവിട്ട അസുരസങ്കീർത്തനങ്ങളായിരുന്നു അദ്ദേഹത്തിന്‍റെ രചനകൾ. മലയാള സാഹിത്യത്തിലെ  ഉണർത്തുപാട്ടാണ് അന്നും ഇന്നും എം സുകുമാരന്‍റെ സർഗാത്മക സൃഷ്ടികൾ.

രാഷ്ട്രീയ നിലപാടുകളുടെ പേരില്‍ രാഷ്ട്രപതി നേരിട്ട് ഇടപെട്ട് പിരിച്ചുവിടുന്ന സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരായ ത്രിവിക്രമൻപിളളയെയും പി ടി തോമസിനെയുമായിരുന്നു.  ഇതിന് തൊട്ടുപുറകെ  ഇതേ യൂണിയനിൽപ്പെട്ട എം സുകുമാരനെ സർവീസിൽ നിന്നും പുറത്താക്കി. സുകുമാരനൊപ്പം എ എൻ ഗോവിന്ദൻ നമ്പ്യാർ, കെ ടി തോമസ് എന്നിവരെയും പുറത്താക്കി.

സാഹിത്യ ലോകത്തും വ്യക്തി ജീവിതത്തിലും ആൾക്കൂട്ടങ്ങളുടെ ആരവങ്ങളുടെ ഭാഗമായില്ല അദ്ദേഹം. തന്‍റെ വഴിയിലൂടെ ഏകനായി ആ എഴുത്തുകാരൻ നടന്നു.

തിരുവനന്തപുരത്ത് ജോലിയുമായി എത്തിയ ശേഷം അദ്ദേഹം സാഹിത്യത്തിന്‍റെ ലോകത്തേയ്ക്ക് കടക്കുകയായിരുന്നു. 1965 മുതൽ 1982 വരെയുളള പതിനേഴ് വർഷം അദ്ദേഹത്തിന്‍റെ നിരവധി സൃഷ്ടികൾ പുറത്തു വന്നു. കേരളത്തിലെ സാഹിത്യ രാഷ്ട്രീയ മണ്ഡലങ്ങളിൽ ഏറെ ചലനങ്ങൾ സൃഷ്ടിച്ചവയായിരുന്നു ആ രചനകൾ. ആദ്യകാല രചനകളുടെ വൈയക്തികതയുടെ മണ്ഡലത്തിൽ നിന്നും തീവ്രമായ രാഷ്ട്രീയ വേരോട്ടമുളള കഥകളിലേയ്ക്ക് അദ്ദേഹം പിന്നീട് കടന്നു ചെല്ലുകയായിരുന്നു.

1982ൽ അദ്ദേഹം എഴുത്തിന് അർദ്ധവിരാമമിട്ടു. പിന്നീട് പത്ത് വർഷത്തിന് ശേഷം അദ്ദേഹം വീണ്ടുമെഴുതി. ‘പിതൃതർപ്പണം” എന്ന നോവലിലൂടെ അദ്ദേഹം രാഷ്ട്രീയത്തിന്‍റെ വരാൻ പോകുന്ന കാലത്തിന്‍റെ ബോധമണ്ഡലങ്ങളെ മലയാളിക്ക് മുന്നിൽ എഴുതി വച്ചു.

അതിന്‍റെ തുടർച്ചയായി ചെറിയൊരു ഇടവേളയ്ക്ക് ശേഷം  ഒരു നോവൽ കൂടി അദ്ദേഹത്തിന്‍റെ സർഗാത്മകതയിൽ സൃഷ്ടിക്കപ്പെട്ടു, ‘ ജനിതകം’.  ‘പിതൃതർപ്പണ’ത്തിൽ താനെഴുതിയ പുതിയ രാഷ്ട്രീയ ബോധ്യത്തിന്‍റെ ഒരടിക്കുറിപ്പ് പോലെ ‘ജനിതക’മെഴുതി.  പിന്നീട് അദ്ദേഹം സാഹിത്യ ലോകത്ത് നിന്നും പിൻവാങ്ങി. ഇതുവരെ നീണ്ട നിശബ്ദത.

വിദ്യാഭ്യാസം പൂർത്തിയാക്കിയതോടെ സുകുമാരൻ കുറച്ചുകാലം ഷുഗർ ഫാക്ടറിയിൽ ജീവനക്കാരനായി. പിന്നീട് സ്വകാര്യ വിദ്യാലയത്തിൽ പ്രൈമറി അധ്യാപകനായി.

1963 ൽ അദ്ദേഹം തിരുവനന്തപുരം അക്കൗണ്ടന്റ് ആൻഡ് ഓഡിറ്റ് ജനറൽ ഓഫിസിൽ ക്ലാർക്ക് ആയി ജോലിയിൽ ചേർന്നു. സംഘടനാ പ്രവർത്തനങ്ങളുടെ പേരിൽ ജോലിയിൽ നിന്നും പിരിച്ചു വിടപ്പെട്ടു. 1974 ൽ കേന്ദ്ര സർക്കാർ ജോലിയിൽ നിന്നും പിരിച്ചു വിടപ്പെട്ട സുകുമാരൻ  പത്തു വർഷത്തോളം സ്വകാര്യ പ്രസ്സിൽ പ്രൂഫ് തിരുത്തൽ ജോലി ചെയ്തു. 1991 ൽ ആ പണിയും അവസാനിച്ചു. ആ ജോലിക്കാലത്തിന് ശേഷമാണ് 1992 നീണ്ട ഇടവേളയ്ക്ക് ശേഷം സുകുമാരന്‍റെ രചന മലയാളത്തിന് ലഭിക്കുന്നത്.

‘പാറ’, ‘അഴിമുഖം’, ‘ശേഷക്രിയ’, ‘ശുദ്ധവായു’, ‘ജനിതകം’ എന്നിവ നോവലുകൾ. ‘തൂക്കുമരങ്ങൾ ഞങ്ങൾക്ക്‌’, ‘മരിച്ചിട്ടില്ലാത്തവരുടെ സ്‌മാരകങ്ങൾ’, ‘ചരിത്രഗാഥ’, ‘വഞ്ചിക്കുന്നംപതി’, ‘അസുരസങ്കീർത്തനം’, എം.സുകുമാരന്‍റെ കഥകൾ എന്നിവയാണ് കഥാസമാഹരങ്ങൾ.

സംഘഗാനം, ഉണർത്തുപാട്ട്, തിത്തുണ്ണി (കഴകം), പിതൃതർപ്പണം (മാര്‍ഗം) എന്നീ രചനകൾ സിനിമകളായി.

‘മരിച്ചിട്ടില്ലാത്തവരുടെ സ്‌മാരകങ്ങൾ’ക്ക്‌ 1976-ലെ കേരള സാഹിത്യ അക്കാദമി അവാർഡും ‘പിതൃതർപ്പണ’ത്തിന്‌ 1992-ലെ മികച്ച ചെറുകഥയ്‌ക്കുളള പത്‌മരാജൻ പുരസ്‌കാരവും ലഭിച്ചു. അദ്ദേഹത്തിന്‍റെ കൃതികൾക്ക് ഒന്നിലേറെ തവണ മികച്ച കഥയ്ക്കുളള  സംസ്ഥാന ചലച്ചിത്ര അവാർഡും ലഭിച്ചിട്ടുണ്ട്.

ഏതാനും ദിവസങ്ങള്‍ മുന്‍പ് ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യനില മെച്ചപ്പെട്ട് വരുന്നതിനിടയില്‍ വന്ന ഹൃദയസംബന്ധിയായ രോഗം ബാധിച്ചാണ് മരണം സംഭവിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.