ഗൾഫ് ജീവിതത്തിലെ കണ്ടതും കാണാത്തതുമായ യാഥാർത്ഥ്യങ്ങളുടെ കാഴ്ചകളും അതിലെ ഭാവനയുടെ വ്യത്യസ്തമായ ലോകവും അവതരിപ്പിച്ച സാഹിത്യകാരനും പ്രസാധകനുമായ കൃഷ്ണദാസ് നിര്യാതനായി. 70 വയസായിരുന്നു. തൃശൂർ അയ്യന്തോളിലെ വസതിയിലായിരുന്നു അന്ത്യം. രോഗബാധയെത്തുടർന്ന് തൃശൂർ അമല ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
രണ്ട് ദശകത്തിനുള്ളിൽ മലയാളത്തിൽ പ്രസിദ്ധീകരിച്ച് ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞതും ചർച്ച ചെയ്യപ്പെട്ടതുമായ ബെന്യാമിന്റെ ‘ആടുജീവിതം” എന്ന നോവൽ പ്രസിദ്ധീകരിച്ചത് കൃഷ്ണദാസിന്റെ ഉടമസ്ഥതയിലുള്ള ഗ്രീൻ ബുക്സായിരുന്നു.
കൃഷ്ണദാസ് എഴുതിയ ‘ദുബായ്പ്പുഴ ‘എന്ന ഏറെ ശ്രദ്ധേയമായ രചനയും പ്രവാസജീവിതത്തിലേക്ക് വെളിച്ചം വീശുന്നതായിരുന്നു. പത്തേമാരിയിൽ കയറി നാടുവിട്ട മലയാളികളുടെ കഥപറയുന്ന കൃതിയാണ് ദുബായ് പുഴ, പ്രശസ്തി നേടിക്കൊടുത്ത നോവലായ ഇരുട്ടിൽ ഉറങ്ങാതിരിക്കുന്നു, കടലിരമ്പങ്ങൾ, മരുഭൂമിയുടെ ജാലകങ്ങൾ എന്നിവയാണ് കൃഷ്ണദാസിൻറെ കൃതികൾ.
ആർ വത്സൻ എന്നാണ് യഥാർത്ഥ പേരെങ്കിലും കൃഷ്ണദാസ് എന്ന തൂലികാ നാമത്തിലാണ് അറിയിപ്പെട്ടിരുന്നത്. എഴുത്തുകാരൻ, പ്രസാധകൻ എന്നതിന് പുറമെ പത്രപ്രവർത്തകൻ എന്ന നിലയിലും പ്രശസ്തനായിരുന്നു.
ജീവിതത്തിലെ മാത്രമല്ല, എഴുത്തിലെയും മറുലോകങ്ങളിലേക്ക് സഞ്ചരിച്ച പ്രസാധകൻ കൂടിയായിരുന്നു കൃഷ്ണദാസ്. മലയാളത്തിന് പുറത്തുള്ള സാഹിത്യകൃതികളെ മലയാളിക്ക് പരിചയപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ചു. ഈ നൂറ്റാണ്ടിന്റെ തുടക്കം മുതൽ വിദേശസാഹിത്യ സൃഷ്ടികളെ മലയാളികളുടെ മുന്നിൽ അവതരിപ്പിക്കാൻ അദ്ദേഹം ശ്രദ്ധ ചെലുത്തിയിരുന്നു.
മലയാള സാഹിത്യത്തിൽ നിന്നുള്ള രചനകൾക്കൊപ്പമോ അതിനേക്കാൾ കൂടുതലോ വിദേശ രചനകൾ പരിഭാഷപ്പെടുത്തി എത്തിക്കുന്നതിൽ അദ്ദേഹം കൂടുതൽ ഊന്നൽ നൽകിയിരുന്നു. പ്രസാധന രംഗത്തെ വെല്ലുവിളികൾ മാത്രമല്ല. പ്രവാസ ജീവിതം നൽകിയ അനുഭവങ്ങളും അതിന് കാരണമായിട്ടുണ്ട്.
1951-ൽ തൃശ്ശൂർ ജില്ലയിലെ ഏങ്ങണ്ടിയൂരിൽ ജനനിച്ച അദ്ദേഹം പഠനത്തിനു ശേഷം എഴുപതുകളുടെ തുടക്കത്തിൽ ഗൾഫ്നാടുകളിലേക്ക് ചേക്കേറി. ഗൾഫിൽ കുടിയേറിയ ആദ്യകാല പ്രവാസികളിൽ കൃഷ്ണദാസും ഉണ്ടായിരുന്നു. യുഎഇയിലെ ആദ്യകാല ദിനപ്പത്രമായ റോയിറ്റേഴ്സ് ബുള്ളറ്റിനിൽ പ്രവർത്തിച്ച അദ്ദേഹം തുടർന്ന് അബുദാബിയിലെ വിദേശ ബാങ്കായ ഹോങ്കോങ് ബാങ്കിൽ ദീർഘകാലം ഉദ്യോഗസ്ഥനായിരുന്നു.
അക്കാലത്ത് ദേശാഭിമാനി പത്രത്തിൻറെ മിഡിൽ ഈസ്റ്റ് കോളമെഴുത്തുകാരനായി ഗൾഫിലെ ജീവിതത്തെക്കുറിച്ച് ധാരാളം എഴുതി. അബുദാബിയിൽ ജോലി ചെയ്യുന്ന മലയാളികളുടെ സംഘടനയായ അബുദാബി ശക്തി തീയേറ്റേഴ്സിൻറെ മുഖ്യ സംഘാടകനായിരുന്നു. ഗൾഫ് യുദ്ധകാലത്ത് യുദ്ധലേഖകനായും പ്രവർത്തിച്ചിട്ടുണ്ട്. 1998-ൽ ഹോങ്കോങ് ബാങ്കിൽ നിന്നും വിരമിച്ച ശേഷം നാട്ടിലേക്ക് മടങ്ങി. നാട്ടിൽ തിരിച്ചെത്തിയ ശേഷമാണ് 2004ൽ കുറച്ചു സുഹൃത്തുക്കളുമായി ചേർന്ന് തൃശ്ശൂർ കേന്ദ്രമാക്കി ഗ്രീൻ ബുക്ക്സ് തുടങ്ങിയത്.