സംഭരണഗുണാങ്കമെന്നും ഗുംഫിതനദിയെന്നും കണ്ടാലോ കേട്ടാലോ  വായിച്ചാലോ ഒന്നും ഞെട്ടരുത്. മലയാളത്തിലെ പുതിയ പദാവലികളാണവ. ഇംഗ്ലീഷിലെ സാങ്കേതിക പദങ്ങൾക്ക് പകരം കണ്ടുപിടിച്ച മലയാളവാക്കുകളാണിവ.

കഡസ്ട്രല്‍ മാപിനും സര്‍ക്കുലറി റേഷ്യോയ്‌ക്കും മലയാളത്തിലെന്തു പറയും. കോ എഫിഷ്യന്റ് ഓഫ് സ്‌റ്റോറേറ്റിവിറ്റി എന്നാല്‍ എന്താണ്. വട്ടം ചുറ്റിക്കുന്ന ഇത്തരം സാങ്കേതിക പദങ്ങള്‍ക്ക് മലയാള വാക്കുകളാകും ഇനി വട്ടംചുറ്റിക്കുക. ആസൂത്രണ സാമ്പത്തിക കാര്യ വകുപ്പിന് കീഴിലുള്ള സംസ്ഥാന വിദൂര സംവേദന പരിസ്ഥിതി കേന്ദ്രമാണ് ഈ​ വാക്കുകൾ അടങ്ങിയ പുസ്‌തകം തയ്യാറാക്കിയിരിക്കുന്നത് .

കഡസ്ട്രല്‍ മാപിന് ഉടമസ്ഥാവകാശ ഭൂപടമെന്നും സര്‍ക്കുലറി റേഷ്യോയ്‌ക്ക് വര്‍ത്തുളാനുപാതമെന്നും കോ എഫിഷ്യന്റ് ഓഫ് സ്‌റ്റോറേറ്റിവിറ്റിക്ക് സംഭരണഗുണാങ്കമെന്നും മലയാളത്തില്‍ പറയാമെന്ന് പുസ്‌തകം വ്യക്തമാക്കുന്നു.

ഭരണഭാഷ മലയാളമാക്കി മാറ്റിയപ്പോഴും സാങ്കേതിക പദങ്ങള്‍ക്ക് കൃത്യമായ മലയാള പദങ്ങള്‍ കണ്ടെത്തുകയെന്നത് ഉദ്യോഗസ്ഥര്‍ക്ക് തലവേദനയായിരുന്നു. വിദൂരസംവേദനവും ഭൗമവിവര വ്യവസ്ഥയും പരിസ്ഥിതിയുമായി ബന്ധപ്പെട്ട സങ്കേതിക പദങ്ങള്‍ക്കാണ് മലയാളം ഒരുക്കിയിരിക്കുന്നത്. ഡോ. വി.സുഭാഷ്ചന്ദ്ര ബോസാണ് പുസ്‌തകം തയ്യാറാക്കിയത്.

ഇംഗ്ലീഷ് അക്ഷരമാലാ ക്രമത്തിലാണ് പുസ്‌തകത്തില്‍ വാക്കുകള്‍ അടുക്കിയിരിക്കുന്നത്. ഇതോടൊപ്പം സാങ്കേതിക പദങ്ങളുടെ വിശദീകരണവും ചുരുക്കപ്പേരുകളും സ്ഥലാകൃതികമാന ചിത്രങ്ങളുടെ മാതൃകകളുമുണ്ട്. ഭൂമിയുടെ ഉപരിതലത്തില്‍ വസ്‌തുക്കളുടെ സ്ഥാനം നിര്‍ണയിക്കാന്‍ സഹായിക്കുന്ന അമേരിക്കന്‍ ഉപഗ്രഹവൃന്ദമായ ആഗോളസ്ഥാനീയ വ്യവസ്ഥയെന്നാണ് ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റത്തിന് (ജിപിഎസ്) പുസ്‌തകം നല്‍കുന്ന മലയാള വിശദീകരണം.

ബ്രെയിഡ് എന്ന പദത്തെ തുരുത്ത് എന്ന് മൊഴി മാറ്റുമ്പോള്‍ ബ്രെയിഡഡ് റിവറിനെ ഗുംഫിത നദി എന്നും ബ്രെയിഡിങ് ഇന്‍ഡക്‌സിനെ ഗുഫനസൂചകാങ്കം എന്നും പുസ്‌തകം പരിഭാഷപ്പെടുത്തുന്നു. ശാസ്ത്രസാങ്കേതിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് റഫറന്‍സ് ഗ്രന്ഥമെന്ന് ലക്ഷ്യമിട്ടാണ് ഈ​ പുസ്‌തകം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ