തിരുവനന്തപുരം: സര്‍ക്കാരിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച് പ്രതിപക്ഷം. മലയാളം സര്‍വകലാശാല സ്ഥലമേറ്റെടുപ്പില് വന്‍ ക്രമക്കേട് നടന്നതായി പ്രതിപക്ഷം നിയമസഭയില്‍ ആരോപിച്ചു. കോടികളുടെ കമ്മീഷന് ഇടപാടാണ് നടന്നിട്ടുള്ളതെന്നാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത്. സി.മമ്മൂട്ടി എംഎല്‍എയാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്.
സര്‍വകലാശാലക്കായി സ്ഥലം 1,60,000 രൂപയ്ക്ക് ഏറ്റെടുത്തതിലാണ് ക്രമക്കേട് നടന്നതായി പ്രതിപക്ഷം ആരോപിക്കുന്നത്. നിലവില്‍ അവിടെ സ്ഥലത്തിന് മൂല്യം മൂവായിരം രൂപ മാത്രമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. വന്‍ ക്രമക്കേടാണ് നടന്നിട്ടുള്ളതെന്നാണ് പ്രതിപക്ഷം പറയുന്നത്. തിരൂരില്‍ മുന്‍പ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച ഗഫൂര്‍ പി.ലില്ലീസാണ് സ്ഥലം വിൽക്കുന്നതെന്നും അഴിമതി നടന്നിട്ടുണ്ടെന്നും പ്രതിപക്ഷം ആരോപിക്കുന്നു.
Read Also: പാലാരിവട്ടം മേല്‍പ്പാലം: തികഞ്ഞ അഴിമതി, കിറ്റ്കോയ്ക്ക് വീഴ്ച പറ്റിയെന്ന് മന്ത്രി
എന്നാല്‍, സര്‍വകലാശാലക്കായി ഭൂരിഭാഗം സ്ഥലം ഏറ്റെടുത്തതും യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണെന്ന് സര്‍ക്കാര്‍ പറയുന്നു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 1,70,000 രൂപയായിരുന്നത് 1,60,000 രൂപയായി ഇപ്പോള്‍ കുറഞ്ഞിരിക്കുകയാണെന്നും ഭരണപക്ഷം വാദിക്കുന്നു.
വിഷയം അടിയന്തര പ്രമേയമായി അനുവദിക്കാനാകില്ലെന്നും ആദ്യ സബ് മിഷനായി പരിഗണിക്കാമെന്നും സ്പീക്കർ നിലപാട് സ്വീകരിച്ചത് പ്രതിപക്ഷ ബഹളത്തിന് കാരണമായി. യുഡിഎഫ് അംഗങ്ങൾ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. നിയമസഭാ സമിതി അന്വേഷണം നടത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.
Read Also: ‘ഞാന്‍ ഹോട്ടല്‍മുറിയിലേക്ക് കയറുമ്പോള്‍ ഭാര്യ കരയുകയായിരുന്നു‘
പ്രതിപക്ഷത്തിന്റെ അവകാശങ്ങൾ ഇല്ലാതാക്കാനാണ് സ്പീക്കർ ശ്രമിക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. എന്നാൽ നോട്ടീസിലെ കാര്യങ്ങൾ 2016ലെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ളതെന്നായിരുന്നു സ്പീക്കറുടെ നിലപാട്. ഇതോടെ പ്രതിപക്ഷം നിയമസഭയിൽനിന്ന് ഇറങ്ങിപ്പോയി.