തിരുവനന്തപുരം: ബിരുദം അടിസ്ഥാന യോഗ്യതയായ എല്ലാ പിഎസ്‍സി പരീക്ഷകൾക്കും അടുത്ത ചിങ്ങം ഒന്ന് മുതൽ മലയാളം ചോദ്യം ഉൾപ്പെടുത്തും. 100 മാർക്കിന്റെ പരീക്ഷയ്ക്ക് 10 മാർക്കിന്റെ മലയാള ചോദ്യങ്ങൾ ഉണ്ടാകും. മുഖ്യമന്ത്രി പിണറായി വിജയനും പിഎസ്‍സി ചെയർമാൻ അഡ്വ. എംകെ സക്കീറും തമ്മിൽ നടത്തിയ ചർച്ചയിലാണ് ഇത് സംബന്ധിച്ച ധാരണയുണ്ടായത്.

ചില പരീക്ഷകൾ പൂർണ്ണമായും മലയാളത്തിലാക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദേശവും പിഎസ്‍സി ചെയർമാൻ അംഗീകരിച്ചു. പട്ടികജാതി-പട്ടികവർഗ്ഗ സംവരണ ക്വാട്ടയിലേക്കുളള നിയമനം വേഗത്തിലാക്കാനുള്ള മുഖ്യമന്ത്രിയുടെ നിർദേശങ്ങളും പി.എസ്.സി. അംഗീകരിച്ചു. ചർച്ചയിൽ പി.എസ്.സി. ഉദ്യോഗസ്ഥർക്ക് പുറമെ ഔദ്യോഗിക ഭാഷാവകുപ്പ് സെക്രട്ടറി കെ.ആർ. ജ്യോതിലാലും പങ്കെടുത്തു.

സ്പോർട്സ് ക്വാട്ടയിലെ നിയമനം വൈകുന്നത് ഒഴിവാക്കാനും നടപടിയെടുക്കാന്‍ ധാരണയായി. സർക്കാരിന് വേണ്ടി സ്പോർട്സ് കൗൺസില്‍ ഉദ്യോഗാർത്ഥികളുടെ യോഗ്യത വിലയിരുത്തുന്നത് മാറ്റി ചുമതല പി.എസ്.സി.യെ ഏല്പിക്കുന്ന കാര്യത്തിലും ധാരണയായി. ഇതു സംബന്ധിച്ച നിയമനടപടികൾ സർക്കാർ ഉടനെ പൂർത്തിയാക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ