തിരുവനന്തപുരം: പ്രശസ്ത കവി വിഷ്ണു നാരായണൻ നമ്പൂതിരി (81) അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയിലാണ് അന്ത്യം. അസുഖ ബാധിതനായി ഏറെ നാളായി വിശ്രമത്തിലായിരുന്നു. കേരള സാഹിത്യ അക്കാദമി പുരസ്കാരം, കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്, എഴുത്തച്ഛന് പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. 2014 ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു.
തിങ്കളാഴ്ച മുതല്‍ ശാരീരികാസ്വസ്ഥതകളെല്ലാമുണ്ടായിരുന്നു. ഉച്ചയോടെ ശ്വാസഗതിയില് വ്യത്യാസം വന്നു. അച്ഛന്റെ പ്രിയപ്പെട്ടവരെല്ലാവരും അരികെത്തന്നെ ഉണ്ടായിരുന്നു. വളരെ ശാന്തമായി, അസ്വസ്ഥതകളൊന്നും പ്രകടിപ്പിക്കാതെ അദ്ദേഹം മടങ്ങി. അദ്ദേഹത്തിന്റെ ഇഷ്ടകവികള്‍ അന്ത്യവിശ്രമം കൊള്ളുന്ന ശാന്തികവാടത്തില്‍ നാളെ ഉച്ചയ്ക്ക് രണ്ട് മണിയ്ക്കാണ് സംസ്കാരചടങ്ങുകളെന്ന് മകള്‍ ഡോ. അദിതി നമ്പൂതിരി പറഞ്ഞതായി മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.
അധ്യാപകൻ, പത്രാധിപർ തുടങ്ങിയ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് വിഷ്ണു നാരായണൻ നമ്പൂതിരി. 1939 ജൂൺ രണ്ടിന് തിരുവല്ലയിലാണ് ജനനം. കൊച്ചുപെരിങ്ങര സ്കൂൾ, ചങ്ങനാശേരി എസ്ബി കോളജ്, കോഴിക്കോട് ദേവഗിരി കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. മലബാർ ക്രിസ്ത്യൻ കോളേജ്, കൊല്ലം എസ്എൻ കോളേജ്, വിവിധ സർക്കാർ കോളേജുകളിലും അധ്യാപകനായിരുന്നു. കേരള സാഹിത്യ അക്കാദമി, പ്രകൃതി സംരക്ഷണസമിതി, കേരളകലാമണ്ഡലം തുടങ്ങിയവയുടെ ഭാരവാഹിയായും പ്രവർത്തിച്ചിട്ടുണ്ട്.
Read More: പ്രശാന്തിനോട് സംസാരിച്ചിട്ട് വർഷങ്ങളായി, മുഖ്യമന്ത്രി അറിയാതെ കരാറിൽ ഒപ്പിടില്ല: ചെന്നിത്തല
പ്രണയഗീതങ്ങൾ, ഇന്ത്യയെന്ന വികാരം, സ്വാതന്ത്യ്രത്തെക്കുറിച്ച് ഒരു ഗീതം, അതിർത്തിയിലേക്ക് ഒരു യാത്ര, അരണ്യകം, ഉജ്ജയിനിയിലെ രാപകലുകൾ, മുഖമെവിടെ, ഭൂമിഗീതങ്ങൾ’ തുടങ്ങിയവയാണ് പ്രധാന കവിതാസമാഹാരങ്ങൾ. ‘കവിതയുടെ ഡി.എൻ.എ, അസാഹിതീയം’ എന്നിവ ലേഖനസമാഹാരങ്ങളാണ്. അലകടലുകളും നെയ്യാമ്പലുകളും (ലേഖനസമാഹാരം). ഗാന്ധി, സസ്യലോകം, ഋതുസംഹാരം (വിവർത്തനം), കുട്ടികളുടെ ഷേക്സ്പിയർ (ബാലസാഹിത്യം), പുതുമുദ്രകൾ, വനപർവം, സ്വതന്ത്ര്യസമരഗീതങ്ങൾ, ദേശഭക്തി കവിതകൾ (സമ്പാദനം) തുടങ്ങിയവയാണ് മറ്റു പ്രധാന കൃതികൾ.
കേരള സാഹിത്യ അക്കാദമി അവാർഡ്, ഓടക്കുഴൽ അവാർഡ്, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, ആശാൻ പുരസ്കാരം, കേരള സാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനാ പുരസ്കാരം, മാതൃഭൂമി സാഹിത്യ പുരസ്കാരം, വള്ളത്തോൾ പുരസ്കാരം, വയലാർ അവാർഡ്, ചങ്ങമ്പുഴ പുരസ്കാരം, ഉള്ളൂർ അവാർഡ്, സാഹിത്യകലാനിധി സ്വർണമുദ്ര, വീണപൂവ് ശതാബ്ദി പുരസ്കാരം, എഴുത്തച്ഛൻ പുരസ്കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.
വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. സംസ്കാരത്തെ ആധുനികവല്‍ക്കരിച്ച് പുതിയ കാലവുമായി സമന്വയിപ്പിച്ച കവിയാണ് വിഷ്ണുനാരായണന്‍ നമ്പൂതിരിയെന്ന് അദ്ദേഹം പറഞ്ഞു. ”തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ അധ്യാപകനായിരുന്ന നമ്പൂതിരിയോട് എനിക്ക് എന്നും ശിഷ്യന്റെ ഭാഗത്തുനിന്നുള്ള സ്നേഹാദരങ്ങളുണ്ടായിരുന്നു. പിന്നീട് തിരുവനന്തപുരത്ത് എത്തിയ ശേഷവും ഇടയ്ക്ക് അദ്ദേഹത്തെ കാണാനും ആദരം അര്‍പ്പിക്കാനുമൊക്കെ ഇടവന്നിട്ടുള്ളത് ഞാനോര്‍ക്കുന്നു.”
”മലയാള ഭാഷയേയും കവിതയേയും പുതിയ ഭാവതലങ്ങളിലേക്കുയര്‍ത്തിയ കവിയാണ് അദ്ദേഹം. കവിതയില്‍ കൈക്കൊണ്ട പുരോഗമന നിലപാട് മുന്‍നിര്‍ത്തി അസഹിഷ്ണുതയുടെ ശക്തികള്‍ അദ്ദേഹത്തെ രണ്ടുഘട്ടങ്ങളിലെങ്കിലും കടന്നാക്രമിച്ചത് ഞാനോര്‍ക്കുന്നു. ഒന്ന്, ഒരു കവിത സിലബസ്സിന്റെ ഭാഗമമായി വന്നപ്പോഴായിരുന്നു. മറ്റൊന്ന്, ശാന്തിക്കാരനായിരിക്കെ കടല്‍ കടന്ന് പോയതിന്റെ പേരിലായിരുന്നു.”
”മലയാള ഭാഷയ്ക്കും കേരളീയ സംസ്കാരത്തിനും പുരോഗമനപരമായ മൂല്യങ്ങള്‍ക്കും കനത്ത നഷ്ടമാണ് വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ വിയോഗ”മെന്നും മുഖ്യമന്ത്രി പറഞ്ഞു.