Latest News

കവി എസ് രമേശൻ നായർ അന്തരിച്ചു

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം

S Ramesan Nair, S Ramesan Nair Passes Away, Malayalam Poet and Lyricist S Ramesan Nair Passes Away, Ramesan Nair, എസ് രമേശൻ നായർ, രമേശൻ നായർ, ഗാനരചയിതാവ്, കവി, എസ് രമേശൻ നായർ അന്തരിച്ചു, malayalam news, kerala news, ie malayalam

കവിയും ഗാനരചയിതാവുമായ എസ് രമേശൻ നായർ അന്തരിച്ചു. 73 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രോഗ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

450 ഓളം ഗാനങ്ങൾ എസ് രമേശൻ നായർ രചിച്ചിട്ടുണ്ട്. 2018ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടി. ഗുരുപൗർണ്ണമി എന്ന കാവ്യ സമാഹാരത്തിനാണ് കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം നേടിയത്. 2010-ലെ കേരളസാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരവും നേടി. തിരുക്കുറൾ തമിഴിൽ നിന്നും മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തത് രമേശൻ നായരാണ്.

1948 മേയ് 3ന് കന്യാകുമാരി ജില്ലയിലെ കുമാരപുരത്താണ് എസ് രമേശൻ നായർ ജനിച്ചത്. 1985-ൽ പുറത്തിറങ്ങിയ പത്താമുദയം എന്ന ചലച്ചിത്രത്തിൽ ആദ്യമായി ഗാനരചന നിർവഹിച്ചു. ചലച്ചിത്ര ഗാനങ്ങൾക്കും കവിതകൾക്കും പുറമെ നിരവധി ഭക്തിഗാനങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. ‘ശതാഭിഷേകം’ എന്ന രാഷ്ട്രീയ ആക്ഷേപഹാസ്യ നാടകവും എഴുതിയിട്ടുണ്ട്. കേരള രാഷ്രട്രീയത്തിൽ വിവാദമായ കെ മുരളീധരന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചും തിരഞ്ഞെടുപ്പിൽ മത്സരിച്ചതിനെക്കുറിച്ചുമുള്ള പരിഹാസം നിറഞ്ഞതായിരുന്നു നാടകം.

ആകാശവാണിയിൽ പ്രക്ഷേപണം ചെയ്ത നാടകം വിവാദമാവുകയും തൊട്ടു പിന്നാലെ ഈ നാടകം പുസ്തക രൂപത്തിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. ഈ നാടക രചന വിവാദമായിതിന് പിന്നാലെ ആകാശവാണിയിലെ തിരുവനന്തപുരം നിലയത്തിൽ നിന്നും രമേശൻ നായരെ ആൻഡമാനിലേക്ക് സ്ഥലം മാറ്റി. അതും വിവാദമായി.

വിരമിച്ച അദ്ധ്യാപികയും എഴുത്തുകാരിയുമായ പി രമയാണ് ഭാര്യ. ഏക മകൻ മനു രമേശൻ സംഗീതസംവിധായകനാണ്. എളമക്കരയിൽ മകന്റെ വീട്ടിൽ താമസിച്ചു വരികയായിരുന്നു. അന്തിമ കർമ്മങ്ങൾ നാളെ രാവിലെ 11 മണിക്ക് പച്ചാളം ശാന്തികവാടത്തിൽ നടക്കും.

Read Also: മകന്റെ മോചനം കാണാനായില്ല; സിദ്ധിഖ് കാപ്പന്റെ ഉമ്മ കദീജക്കുട്ടി അന്തരിച്ചു

എസ് രമേശൻ നായരുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

ശ്രദ്ധേയനായ കവിയും ഗാനരചയിതാവുമായിരുന്നു എസ് രമേശൻ നായർ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനസന്ദേശത്തിൽ പറഞ്ഞു. ശ്രീനാരായണഗുരുവിന്റെ ജീവിതത്തെ മുൻനിർത്തി ഗുരുപൗർണമി എന്ന കാവ്യാഖ്യായിക രചിച്ച കവിയാണ് അദ്ദേഹം. ഗുരുവിന്റെ ജീവിതവും സന്ദേശവും പ്രതിഫലിച്ചു നിൽക്കുന്ന ആ കൃതി കാലാതിവർത്തിയായ മൂല്യം ഉൾക്കൊള്ളുന്നതാണ്. തിരുക്കുറൾ, ചിലപ്പതികാരം പോലുള്ള തമിഴ് ക്ലാസിക്കുകൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ സാഹിത്യകാരൻ കൂടിയാണ്.

ഒട്ടനവധി ഹിറ്റ് ഗാനങ്ങളുടെ രചയിതാവായ രമേശൻനായർ കാവ്യ രംഗത്തെന്നപോലെ ചലച്ചിത്ര രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചു. ശതാഭിഷേകം എന്ന രാഷ്ട്രീയ ഹാസ്യ നാടകത്തിലൂടെ കേരളത്തിന്റെയാകെ ശ്രദ്ധയിലേക്ക് വന്ന അദ്ദേഹത്തിന് രാഷ്ട്രീയമായ ചില നീക്കങ്ങളുടെ അടിസ്ഥാനത്തിലാണ് ആകാശവാണിയിൽ നിന്നും സ്ഥലം മാറ്റപ്പെടേണ്ടതായും പിന്നീട് പിരിയേണ്ടതായും വന്നത് എന്നത് സഹൃദയരുടെ മനസ്സിലുണ്ട്. സംസ്ഥാന സാഹിത്യ അക്കാദമി സമഗ്ര സംഭാവനാ പുരസ്കാരവും കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചിട്ടുള്ള അദ്ദേഹത്തിന്റെ വിയോഗം മലയാള ഭാഷക്കും സാഹിത്യത്തിനും സാംസ്കാരിക രംഗത്തിനും കനത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Malayalam poet and lyricist s ramesan nair passes away

Next Story
11,361 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 90 മരണം
The moderation of comments is automated and not cleared manually by malayalam.indianexpress.com