കൊച്ചി: നോവലിസ്റ്റും കേരള സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവുമായ നാരായന്‍ (82) അന്തരിച്ചു. എറണാകുളം എളമക്കരയിലെ വസതിയില്‍ ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അന്ത്യം. കോവിഡ് ബാധിതനായിരുന്നു.
മലയരയര്‍ വിഭാഗക്കാരനായ നാരായന്‍ തന്റെ ജനതയുടെ കഥകള്‍ പറഞ്ഞുകൊണ്ടാണ് ജനമനസുകളില്‍ ഇടംപിടിച്ചത്. കൊച്ചരേത്തി, ഊരാളിക്കുടി, ചെങ്ങാറും കുട്ടാളും, വന്നല, നിസ്സഹായന്റെ നിലവിളി, ഈ വഴിയില്‍ ആളേറെയില്ല, പെലമറുത, ആരാണു തോല്‍ക്കുന്നവര്‍ എന്നിവയാണു പ്രധാന കൃതികള്‍.
നിരവധി ഭാഷകളിലേക്കു വിവര്‍ത്തനം ചെയ്യപ്പെട്ട കൊച്ചരേത്തി എന്ന നോവലിനു 1999ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. 2011-ലെ ഇക്കണോമിസ്റ്റ് ക്രോസ്‌വേര്‍ഡ് ബുക്ക് അവാര്‍ഡും ലഭിച്ചിരുന്നു.
അബുദാബി ശക്തി അവാര്‍ഡ്, തോപ്പില്‍ രവി അവാര്‍ഡ്, സ്വാമി ആനന്ദ തീര്‍ത്ഥ അവാര്‍ഡ് എന്നിവയും അദ്ദേഹത്തിനു ലഭിച്ചു.
ഇടുക്കി കടയാറ്റൂരില്‍ ചാലപ്പുറത്ത് രാമന്റെയും കൊടുകുട്ടിയുടെയും മകനായി 1940 സെപ്തംബര്‍ 26-നായിരുന്നു ജനനം. ഭാര്യ: ലത. മക്കള്‍: രാജേശ്വരി, സിദ്ധാര്‍ത്ഥകുമാര്‍, സന്തോഷ്. തപാല്‍ വകുപ്പില്‍ ജോലി ചെയ്ത അദ്ദേഹം 1995-ല്‍ പോസ്റ്റ്മാസ്റ്റര്‍ പദവിയില്‍നിന്ന് സ്വയംവിരമിക്കുകയായിരുന്നു.
ഭൗതികശരീരം എളമക്കരയിലെ വീട്ടില്‍ പൊതുദര്‍ശനത്തിനു വച്ചശേഷം നാടുകാണിയില്‍ സംസ്‌കരിക്കും.