കോഴിക്കോട്: മലയാള സിനിമ-നാടക രംഗത്ത് ശ്രദ്ധേയമായ ഒട്ടേറെ വേഷങ്ങൾ കൈകാര്യം ചെയ്ത നടൻ കെടിസി അബ്ദുളള അന്തരിച്ചു. കോഴിക്കോട് പിവിഎസ് ആശുപത്രിയിൽ ഇന്ന് വൈകിട്ടാണ് അന്ത്യം. 82 വയസായിരുന്നു. കോഴിക്കോട് പന്ന്യങ്കരയാണ് സ്വദേശം.

1936 ലാണ് അബ്ദുളള ജനിച്ചത്. പാളയം കിഴക്കെക്കോട്ട പറമ്പിൽ ഡ്രൈവർ ഉണ്ണിമോയീന്റെയും ബീപാത്തുവിന്റെയും മകനായിരുന്നു. നാടകങ്ങളിലൂടെയാണ് അബ്ദുള്ള അഭിനയ രംഗത്തെത്തുന്നത്. ആകാശവാണിയുടെ എ ഗ്രേഡ് ആര്‍ട്ടിസ്റ്റും ആയിരുന്നു അബ്ദുള്ള.

രാമു കാര്യാട്ട് സംവിധാനം ചെയ്ത ദ്വീപ് എന്ന മലയാള ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമരംഗത്തേക്ക് വന്നത്. കരിയറിലാകെ 35 ഓളം മലയാള ചിത്രങ്ങളിൽ അഭിനയിച്ചു. സുഡാനി ഫ്രം നൈജീരിയയിലും, ഗദ്ദാമയിലും അറബിക്കഥയിലും അബ്ദുളള ചെയ്ത വേഷം പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയിരുന്നു.

മൊഹബത്തിൽ കുഞ്ഞബ്‌ദുളള എന്ന ചിത്രത്തിൽ അഭിനയിച്ച് വരവെയാണ് അന്ത്യം. ഷാനു സമദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 1959-ലാണ് കെ. അബ്ദുള്ള കെ.ടി.സിയില്‍ ജോലിയില്‍ പ്രവേശിക്കുന്നത്. അതോടെയാണ് കെ.ടി.സി അബ്ദുള്ള എന്ന് പേര് വന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.