തിരുവനന്തപുരം: മലയാളഭാഷയുടെ അടിസ്ഥാനപാഠങ്ങള്‍ ശാസ്ത്രീയമായ തയാറാക്കി പൂര്‍ണമായും ഇന്റര്‍നെറ്റ് വഴി പഠിപ്പിക്കുന്ന ആദ്യ കോഴ്‌സിന്റെ പ്രാരംഭഘട്ടം ഉദ്ഘാടനത്തിനൊരുങ്ങി. മലയാളം മിഷന്‍-മലയാളം ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്‌സിന്റെ ആദ്യ ഘട്ടമാണ് ഭാഷയുടെ വളര്‍ച്ചയിലെ നിര്‍ണായക നാഴികക്കല്ലിട്ടിരിക്കുന്നത്. മലയാളം തീരെയറിയാത്ത പഠിതാവിനുപോലും വീട്ടിലിരുന്നുതന്നെ പഠിക്കാവുന്ന രീതിയില്‍ തയാറാക്കുന്ന കോഴ്‌സ് തികച്ചും സൗജന്യമായാണ് ലഭ്യമാക്കുന്നത്. മലയാളഭാഷയിലെ പ്രാഥമിക പാഠങ്ങള്‍ പഠിപ്പിക്കുന്ന ഏക ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്‌സുംകൂടിയാണ് സി-ഡിറ്റിന്റെ സാങ്കേതിക സഹായത്തോടെ തയാറാക്കിയ മലയാളം മിഷന്റെ കോഴ്‌സ്.

മലയാളഭാഷാജ്ഞാനം വിവിധ തലത്തിലുള്ള, വിവിധ ജീവിതസാഹചര്യങ്ങളില്‍ കഴിയുന്ന, വിവിധ പ്രായത്തിലെ പഠിതാക്കളെ എങ്ങനെ മലയാളഭാഷ പഠിപ്പിക്കാം എന്ന പ്രശ്‌നത്തിന് പരിഹാരമായാണ് ഇത്തരം ഒരു പദ്ധതിയിലേക്ക് എത്തിച്ചേര്‍ന്നതെന്ന് മലയാളം മിഷന്‍ ഡയറക്ടര്‍ പ്രൊഫ. സുജ സൂസന്‍ ജോര്‍ജ്ജ് പറഞ്ഞു. ഇന്നത്തെ ഭാഷാപഠനം ക്ലാസ്‌റൂമുകളില്‍ മാത്രം സംഭവിക്കുന്നതല്ല. വിവരസാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ പരിഷ്‌കരണങ്ങള്‍ ഉള്‍ക്കൊള്ളുകയും സാധ്യതകള്‍ കണ്ടെത്തുകയും ചെയ്തുമാത്രമേ ഭാവിയുടെ ഭാഷാപഠനം സുസ്ഥിരമാകുകയുള്ളു. സാങ്കേതികവിദ്യാ-സാഹചര്യത്തിനു യോജ്യമായ പൂര്‍ണമായും ഇന്റര്‍നെറ്റ് അധിഷ്ഠിതമായ മാസീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്‌സ് (MOOC) അഥവാ മൂക് എന്ന പഠനരീതിശാസ്ത്രത്തിലൂടെ പ്രവാസി മലയാളി വിദ്യാര്‍ഥികള്‍ക്കും, ഭാഷ പഠിക്കാന്‍ ആഗ്രഹിക്കുന്ന ഏതൊരു പഠിതാവിനും മലയാളം പഠിക്കാനാവുമെന്നും സുജ സൂസന്‍ ജോര്‍ജ്ജ് കൂട്ടിച്ചേര്‍ത്തു.

ഡിജിറ്റല്‍ ഭാഷാപഠനത്തിലെ പുതിയ ചുവടുവയ്പ്പിന്റെ ഉദ്ഘാടനം ബഹു. സാംസ്‌കാരിക കാര്യ വകുപ്പ് മന്ത്രി ശ്രീ. എ. കെ. ബാലന്‍ നിര്‍വഹിക്കും. തിരുവനന്തപരം പ്രസ് ക്ലബ് ടി.എന്‍. ഗോപകുമാര്‍ സ്മാരക ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ആദ്യ ഘട്ടം കോഴ്‌സ് പാഠങ്ങളുടെ വീഡിയോ അവതരണവും ഉണ്ടായിരിക്കും.

കേരള സര്‍ക്കാര്‍ -സാംസ്‌കാരികകാര്യ വകുപ്പിനുകീഴില്‍ കേരളത്തിനു പുറത്തെ ദേശങ്ങളില്‍ മലയാളഭാഷാപഠനപ്രവര്‍ത്തന പ്രചാരണം നിര്‍വഹിക്കുന്ന സ്ഥാപനമാണ് മലയാളം മിഷന്‍. രണ്ടാംതലമുറ പ്രവാസി മലയാളി വിദ്യാര്‍ഥികള്‍ക്കിടയിലാണ് മലയാളം മിഷന്റെ പ്രധാന പ്രവര്‍ത്തനമേഖല. മലയാളം മാതൃഭാഷയല്ലാത്ത വിദ്യാര്‍ഥികളും മലയാളം മിഷന്റെ നിലവിലെ പാഠ്യപദ്ധതിക്കുകീഴില്‍ മലയാളഭാഷ പഠിക്കുന്നുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.