തിരുവനന്തപുരം: പത്താം ക്ലാസ് വരെ മലയാള ഭാഷ പഠനം നിർബന്ധമാക്കി സംസ്ഥാന സർക്കാർ അവതരിപ്പിച്ച ഓർഡിനൻസിന് ഗവർണറുടെ അംഗീകാരം. വരുന്ന അധ്യയന വർഷം മുതൽ സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും മലയാളം നിർബന്ധമാക്കുന്ന ഓർഡിനൻസാണ് ഇത്. സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾക്കും ഈ ഓർഡിനൻസ് ബാധകമാണ്. മലയാളം സംസാരിക്കാന്‍ അനുവദിക്കാത്ത സ്‌കൂളുകളുടെ എന്‍ഒസി റദ്ദാക്കുമെന്നും കൂടാതെ അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കണമെന്നുണ്ടെങ്കില്‍ മലയാളം നിര്‍ബന്ധമാണെന്ന ചട്ടം പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മലയാളം വിലക്കുന്ന സ്‌കൂളുകളിലെ പ്രധാന അധ്യാപകര്‍ക്ക് 5000 രൂപ പിഴ ഈടാക്കും.
സ്വാശ്രയ മെഡിക്കല്‍ പ്രവേശനം നിയന്ത്രിക്കുന്നതിനുളള ഓര്‍ഡിനന്‍സിനും ഗവര്‍ണര്‍ അംഗീകാരം നല്‍കി. പ്രവേശനം നീറ്റ് പരീക്ഷയുടെ അടിസ്ഥാനത്തില്‍ മാത്രമാക്കും. ഫീസ്, പ്രവേശനം, സംവരണം എന്നിവ നിയന്ത്രിക്കാനും പരിശോധിക്കാനും പ്രത്യേക സമിതി രൂപീകരിക്കും. വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിലായിരിക്കും സമിതിയെന്നും മുഖ്യമന്ത്രി വിശദീകരിച്ചു
എല്ലാ സ്‌കൂളിലും മലയാളം പഠിപ്പിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ നടപടിയുണ്ടാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. നാംതന്നെ നമ്മുടെ ഭാഷയെ പടിയിറക്കിവിടുകയാണെങ്കില്‍ ശ്രേഷ്ഠഭാഷാ പദവി കൊണ്ട് കാര്യമില്ല. ഭാഷ ഇല്ലാതായിപ്പോവുക എന്ന ആപത്ത് നമ്മുടെ ഭാഷയ്ക്ക് വരരുത്. പുതുക്കലുകളിലൂടെയേ ഭാഷയ്ക്ക് വളരാനാവൂ. മലയാള ഭാഷയുടെ വ്യാപനത്തിന് വേണ്ട നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചിരുന്നു.