കൊച്ചി: താരസംഘടനയായ ‘അമ്മ’ വൻ നികുതിവെട്ടിപ്പ് നടത്തിയെന്ന് ആദായ നികുതി വകുപ്പിന്റെ കണ്ടെത്തൽ. താരനിശകൾക്ക് പ്രതിഫലമായി കിട്ടിയ 8 കോടിയിലധികം രൂപ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ചെലവഴിച്ചുവെന്നു പറഞ്ഞാണ് നികുതി വെട്ടിപ്പ് നടത്തിയതെന്ന് കണ്ടെത്തിയതായി മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്തു. നികുതിവെട്ടിപ്പിനെതിരായ നടപടിക്കെതിരെ ആദായവകുപ്പിന്റെ അപ്പീൽ അതോറിറ്റിയെ അമ്മ സമീപിച്ചിട്ടുണ്ട്. റിക്കവറി അടക്കമുളള നടപടികൾക്കെതിരെ ഹൈക്കോടതിയിൽനിന്നും ഇടക്കാല സ്റ്റേയും വാങ്ങിയിട്ടുണ്ട്.
കേരളത്തും വിദേശത്തും നടത്തിയ താരനിശകളുടെ പ്രതിഫലമായ 8 കോടിയിലധികം രൂപ വരുമാനത്തിൽ അമ്മ കാണിച്ചിട്ടില്ലെന്നാണ് ആദായനികുതി വകുപ്പ് കണ്ടെത്തിയിരിക്കുന്നത്. 2011-12, 2014-15 കാലയളവിൽ നടത്തിയ താരനിശകളുടെ പ്രതിഫലമാണ് അമ്മ മറച്ചുവച്ചതെന്ന് ആദായ നികുതി വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു. 2011-12 ൽ ഒരു പ്രമുഖ ചാനലിനുവേണ്ടി നടത്തിയ താരനിശയുടെ പ്രതിഫല തുകയായ 2 കോടി 5 ലക്ഷം രൂപ അമ്മ കണക്കിൽ ഉൾപ്പെടുത്തിയില്ല. 2014- 15 ൽ മറ്റൊരു ചാനലിനുവേണ്ടി വിദേശത്തും കൊച്ചിയിലും നടന്ന താരനിശയുടെ പ്രതിഫലത്തുകയായ 6 കോടി 10 ലക്ഷം രൂപയും സമാന രീതിയിൽ മറച്ചുവച്ചതായി ആദായ നികുതി വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു.
താരനിശകൾ സംഘടിപ്പിക്കുന്നതിനുളള ചെലവ് ചാനലുകളാണ് വഹിച്ചിരുന്നത്. ഇതിനു പുറമേ പ്രതിഫല തുകയായ 8 കോടി 15 ലക്ഷം രൂപ ചാനലുകൾ അമ്മയ്ക്ക് പ്രതിഫലമായി നൽകിയിരുന്നു. എന്തുകൊണ്ട് ഈ തുക കണക്കിൽക്കാണിച്ചില്ല എന്ന് ആദായനികുതി വകുപ്പ് ആരാഞ്ഞപ്പോൾ ജീവകാരുണ്യ പ്രവർത്തനത്തിന് ചാനലുകൾ നൽകിയതാണ് ഈ തുക എന്നാണ് അമ്മ ഭാരവാഹികൾ മറുപടി നൽകിയത്. എന്നാൽ ഇത് ആദായനികുതി വകുപ്പ് തളളി. അമ്മയുടെ നികുതി വെട്ടിപ്പിനെതിരെ തുടർ നടപടികളുമായി മുന്നോട്ടു പോകാനാണ് ആദായ നികുതി വകുപ്പിന്റെ തീരുമാനം.