പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട സഹോദരന്റെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം തുടരുന്ന ശ്രീജിത് എന്ന യുവാവിന് പിന്തുണയുമായി സിനിമാ ലോകം.
Read More: നീതിയ്ക്കായി ശ്രീജിത്; സമരം 762 ദിവസങ്ങള്‍ പിന്നിടുന്നു
തീവ്രവേദനയില്‍ 762 ദിവസങ്ങള്‍. ഹൃദയം തകരുകയാണ് ഇതു കാണുമ്പോള്‍. തന്റെ സഹോദരന്റെ മരണത്തിനു പിന്നിലുള്ള സത്യം അറിയാനുള്ള അവകാശം ശ്രീജിത്തിനുണ്ട്. ഈ രാജ്യത്തെ ഓരോ പൗരനുമുള്ളതുപോലെ നീതി ശ്രീജിത്തിനും അവകാശപ്പെട്ടതാണ്. ഞാനും നിന്നോടൊപ്പമുണ്ട് സഹോദരാ. ഈ ഒറ്റയാള്‍ പോരാട്ടത്തിന് എന്റെ അഭിനന്ദനം. നിവിന്‍ പോളി തന്റെ ഫെയ്സ്ബുക്ക് പേജില്‍ കുറിച്ചു.
‘ഇര എന്ന വാക്ക് എല്ലാ ഇരകള്‍ക്കും ബാധകമാണ്. പൊലീസ് കസ്റ്റഡിയില്‍ മരിച്ച അനിയന് വേണ്ടി 700 ദിവസത്തിലധികമായി സെക്രട്ടറിയേറ്റിന്റെ മുന്നില്‍ സമരം ചെയ്യുന്ന ശ്രീജിത്തിന് വേണ്ടി അന്തി ചര്‍ച്ചകള്‍ ചെയ്തില്ലെങ്കിലും കണ്ടില്ലെന്നു നടിക്കരുത്. ഒറ്റ പരാതിയില്‍ അറസ്റ്റ് വേണമെന്നില്ല. നല്ല വണ്ണം അന്വേഷിച്ചിട്ട് മതി. He deserve justice’ എന്നായിരുന്നു സംവിധായകന്‍ ജൂഡ് ആന്റണിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.
അനു സിതാര, ജോയ് മാത്യു, ഹണി റോസ് എന്നിവരും ശ്രീജിത്തിന് പിന്തുണയറിയിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. ശ്രീജിത്തിന്റെ ആരോഗ്യസ്ഥിതി മോശമായിട്ടും അധികൃതര്‍ ആരും തിരിഞ്ഞുനോക്കാതെ വന്നതോടെ സോഷ്യല്‍മീഡിയയില്‍ സുഹൃത്തുക്കള്‍ ജസ്റ്റിസ് ഫോര്‍ ശ്രീജിത്ത് ക്യാംപെയ്ന്‍ ആരംഭിച്ചിട്ടുണ്ട്.
സഹോദരന്‍ ശ്രീജീവ് പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതിനെക്കുറിച്ച് സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് 2015 മെയ് 22ന് ശ്രീജിത്ത് ആദ്യമായി സെക്രട്ടേറിയറ്റിന് മുന്നില്‍ സമരവുമായി എത്തുന്നത്. പാറശാല പൊലീസിന്റെ കസ്റ്റഡിയില്‍ കഴിയുമ്പോഴാണ് സഹോദരന്‍ മരിക്കുന്നത്. തന്റെ സഹോദരന്റെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് ആരോപിച്ച് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയ്ക്കും രമേശ് ചെന്നിത്തലയ്ക്കും ശ്രീജിത്ത് പരാതി നല്‍കിയിരുന്നു. ശ്രീജീവിന്റേത് ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നുമായിരുന്നു ശ്രീജിത്തിന്റെ ആരോപണം.