കൊച്ചി: പ്രശസ്ത സംവിധായകനും നടനും നിർമ്മാതാവും തിരക്കഥാകൃത്തുമായ തമ്പി കണ്ണന്താനം അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 64 വയസ്സായിരുന്നു. ഏറെനാളായി ഉദരരോഗത്തിന് ചികിത്സയിലായിരുന്നു.
മോഹൻലാലിന് ഏറെ ജനശ്രദ്ധ നേടിക്കൊടുത്ത ചിത്രമായ ‘രാജാവിന്റെ മകൻ’ ഉൾപ്പെടെ 16-ഓളം ചിത്രങ്ങൾ തമ്പി കണ്ണന്താനം സംവിധാനം ചെയ്തിട്ടുണ്ട്. 80-90 കാലഘട്ടങ്ങളിൽ മലയാളസിനിമാലോകത്ത് സജീവമായിരുന്ന തമ്പി കണ്ണന്താനം, ‘വഴിയോരക്കാഴ്ചകൾ’, ‘നാടോടി’, ‘മാന്ത്രികം’, ‘ചുക്കാൻ’, ‘ഭൂമിയിലെ രാജാക്കന്മാർ’, ‘ഇന്ദ്രജാലം’ നിരവധി ഹിറ്റ് ചിത്രങ്ങൾ മലയാളത്തിന് സമ്മാനിച്ചു.
മാന്ത്രികം, ഇന്ദ്രജാലം, ജന്മാന്തരം, വഴിയോരക്കാഴ്ചകൾ, രാജാവിന്റെ മകൻ എന്നീ ചിത്രങ്ങളുടെ നിർമ്മാതാവായിരുന്നു. ഫ്രീഡം, ജന്മാന്തരം, ആ നേരം അല്പ ദൂരം എന്നീ ചിത്രങ്ങളുടെ തിരക്കഥയും ഒരുക്കി. നിരവധി ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
ശശികുമാറിന്റെ സംവിധാനസഹായിയായി സിനിമയിലേക്ക് വന്ന തമ്പി കണ്ണന്താനം, ജോഷിയുടെ സഹായിയായി ‘മദ്രാസിലെ മോൻ’ എന്ന ചിത്രത്തിൽ അഭിനയിക്കുകയും സംവിധാന സഹായിയാവുകയും ചെയ്തു. 1983ൽ ‘താവളം’ എന്ന ചിത്രത്തിലൂടെ സ്വതന്ത്രസംവിധായകനായി. ‘രാജാവിന്റെ മകൻ’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം പ്രശസ്തനായത്.
കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി താലൂക്കിൽ കണ്ണന്താനത്തു കുടുംബത്തിൽ ബേബിയുടെയും തങ്കമ്മയുടെയും മകനായി 1953 ഡിസംബർ 11നാണ് തമ്പി കണ്ണന്താനം ജനിച്ചത്. കോട്ടയം എംസി സെമിനാരി ഹയർ സെക്കന്ററി സ്കൂൾ, സെന്റ് ഡോമനിക് കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ഭാര്യ കുഞ്ഞുമോൾ. ഐശ്വര്യ, ഏഞ്ചൽ എന്നിവരാണ് മക്കൾ.