തിരുവനന്തപുരം:മലയാളചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമായ കെ. ആര്‍. മോഹനന്‍(69) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കുടൽ സംബന്ധമായ രോഗത്തെ തുർന്ന് കുറച്ചുനാളുകളായി ചികിത്സയിലായിരുന്നു അദ്ദേഹം. അശ്വത്ഥാമാവ്, പുരുഷാര്‍ഥം, സ്വരൂപം എന്നിവയാണ് പ്രധാന ചിത്രങ്ങള്‍. കേരളസംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാനായും തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഡയറക്റ്ററായും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭൗതികശരീരം വൈകിട്ട് 6.30 കലാഭവനിൽ പൊതുദർശനത്തിന് വെയ്ക്കും.
1975ല്‍ മാടമ്പ് കുഞ്ഞുകുട്ടന്റെ നോവലിന്റെ അടിസ്ഥാനപ്പെടുത്തി ആദ്യചിത്രമായ അശ്വത്ഥാമാവ് സംവിധാനം ചെയ്തു. ആ വര്‍ഷത്തെ ഏറ്റവും മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരം ഈ ചിത്രം നേടി. സി. വി. ശ്രീരാമന്റെ ചെറുകഥയെ അധികരിച്ച് 1987ല്‍ സംവിധാനം ചെയ്ത പുരുഷാര്‍ഥമാണ് രണ്ടാമത്തെ ചിത്രം. ഏറ്റവും മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരം പുരുഷാര്‍ഥം കരസ്ഥമാക്കി. മികച്ച മലയാള ചിത്രത്തിനുളള ദേശീയപുരസ്ക്കാരവും പുരുഷാർത്ഥിന് ലഭിച്ചു. 1992ല്‍ സംവിധാനം ചെയ്ത സ്വരൂപമാണ് അവസാനത്തെ ചിത്രം.ഈ ചിത്രത്തിനും മികച്ച മലയാള ചിത്രത്തിനുളള ദേശീയപുരസ്ക്കാരം നേടി.
(കെ.ആർ.മോഹനനെക്കുറിച്ച് സുഹൃത്തുക്കൾ ചെയ്ത ഡോക്യുമെന്ററി)
കലാമണ്ഡലം കൃഷ്ണൻകുട്ടിപൊതുവാൾ,ദേവഗൃഹം, വിശുദ്ധഭവനങ്ങൾ, എസ് കെ പൊറ്റക്കാട്, കെ ആർ ഗൗരിയമ്മ തുടങ്ങിവരെ കുറിച്ച് ഉൾപ്പടെ മുപ്പതിലേറെ ഡോക്യുമെന്ററികൾ സംവിധാനം ചെയ്തിട്ടുണ്ട്.ഡോക്യുമെന്ററികൾക്കും അദ്ദേഹത്തിന് ദേശീയപുരസ്ക്കാരങ്ങൾ ഉൾപ്പടെ വിവിധ പുരസ്ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
തൃശൂരിലെ ചാവക്കാട് 1948ൽ കെ, എസ് രാമൻ മാസ്റ്ററുടെയും കെ.വി പാറുക്കുട്ടിയുടെയും മകനായി ജനിച്ചു. ഭാര്യപരേതയായ ഡോ. എ. ആർ. രാഗിണി. പൂണൈ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും സംവിധാനത്തിൽ ഡിപ്ലമോ നേടിയ മോഹനൻ കെ എസ് എഫ് ഡി സി ഉദ്യോഗസ്ഥനായിരുന്നു. പിന്നീട് കൈരളി ചാനൽ ആരംഭിച്ച കാലത്ത് അതിന്റെ പ്രോഗ്രാം ഡയറക്ഠറായി ചുമതല നിറവേറ്റിയിരുന്നു.
പ്രശസ്ത ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ കെ. ആർ മോഹനന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.
കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തെ ജനകീയമാക്കുന്നതിൽ അദ്ദേഹം നടത്തിയ പ്രവർത്തനം മാതൃകാപരമായിരുന്നു. കലാമൂല്യമുള്ള സിനിമയ്ക്ക് വേണ്ടി എന്നും വിട്ടുവീഴ്ചയില്ലാത്ത നിലപാട് പുലർത്തിയ വ്യക്തിയായിരുന്നു കെ ആർ മോഹനൻ.
അദ്ദേഹം സംവിധാനം ചെയ്ത സ്വരൂപം, അശ്വത്ഥാമാവ്, പുരുഷാർത്ഥം എന്നീ സിനിമകൾ മലയാള സിനിമാചരിത്രത്തിലെ നാഴികക്കല്ലുകളാണ്.
കൈരളി ചാനൽ പ്രോഗ്രം വിഭാഗം മേധാവി എന്ന നിലയിൽ അദ്ദേഹം നടത്തിയ സേവനം നിസ്തുലമായിരുന്നു.
അദ്ദേഹത്തിന്റെ നിര്യാണത്തിൽ ബന്ധുക്കളോടും സുഹൃത്തുക്കളോടുമൊപ്പം ദു:ഖം പങ്കിടുന്നതായി മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു..