തിരുവനന്തപുരം: വിതരണ വിഹിതത്തെ കുറിച്ചുള്ള തര്‍ക്കത്തെ തുടർന്ന് മള്‍ട്ടിപ്ലെക്‌സുകളില്‍ റംസാന്‍ റിലീസുകള്‍ അനുവദിക്കേണ്ടെന്ന് നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും തീരുമാനം. കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ദേശീയ മള്‍ട്ടിപ്‌ളെക്‌സ് ശൃംഖലകളായ പിവിആര്‍ സിനിമാസ്, സിനി പോളിസ്, ഇനോക്‌സ് സിനിമാസ് എന്നീ മള്‍ട്ടിപ്‌ളെക്‌സുകളില്‍ സിനിമ റിലീസ് ചെയ്യേണ്ടതില്ലെന്നാണ് സംഘടനാ തീരുമാനം. വിലക്കുകള്‍ ലംഘിച്ച് തീയേറ്ററുകള്‍ക്ക് സിനിമകള്‍ നല്‍കിയ വിതരണക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു.

റിലീസിന്റെ ആദ്യ വാരം കേരളത്തിൽ കളക്ഷനില്‍ നിന്ന് 60 ശതമാനം വിതരണക്കാര്‍ക്കും 40 ശതമാനം തിയറ്ററുകള്‍ക്ക് എന്ന അനുപാതമാണ് തുടരുന്നത്. എന്നാൽ മൾട്ടിപ്ലക്സുകളിൽ 55 ശതമാനം വിതരണക്കാര്‍ക്കും 45 ശതമാനം തിയറ്ററുടമകള്‍ക്കും എന്നതാണ് രീതി. മള്‍ട്ടിപ്ലെക്‌സുകളുടെ അതേ പ്രദര്‍ശന സൗകര്യമുള്ള തിയറ്ററുകള്‍ പോലും വിതരണ വിഹിതത്തില്‍ 60:40 എന്ന അനുപാതം തുടരുമ്പോള്‍ മള്‍ട്ടിപ്‌ളെക്‌സുകള്‍ക്ക് മാത്രം അധിക വരുമാനം നല്‍കേണ്ടെന്നാണ് വിതരണക്കാരും നിര്‍മ്മാതാക്കളും ഇന്ന് തീരുമാനിച്ചിരിക്കുന്നത്.

മലയാളത്തില്‍ മാത്രമായി ഉയര്‍ന്ന വിതരണ വിഹിതം നല്‍കാനാകില്ലെന്നുമാണ് മൾട്ടിപ്ലക്സ് തിയേറ്ററുകളുടെ നിലപാട്. കൊച്ചി ക്യൂ സിനിമാസ്,കാര്‍ണിവല്‍ സിനിമാസിന് കീഴിലുള്ള വിവിധ തിയറ്ററുകള്‍, പാന്‍ സിനിമാസ്, ഏരീസ് മള്‍ട്ടിപ്ലെക്‌സ് എന്നിവര്‍ വിതരണക്കാര്‍ മുന്നോട്ട് വെയ്ക്കുന്ന വ്യവസ്ഥ പ്രകാരം റിലീസിന് തയ്യാറാണ്.

ഫഹദ് ഫാസില്‍ നായകനാകുന്ന തൊണ്ടിമുതലും ദൃക്‌സാക്ഷിയും, റോള്‍മോഡല്‍, വിനീത് ശ്രീനിവാസന്‍ നായകനാകുന്ന ഒരു സിനിമാക്കാരന്‍ എന്നിവയാണ് റംസാന്‍ റിലീസിന് ഒരുങ്ങുന്നത്. അതേസമയം ബേസില്‍ ജോസഫിന്റെ ഗോദ ചോര്‍ന്നത് പെരുമ്പാവൂര്‍ ഇ.വി.എമ്മില്‍ നിന്നാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇനി മുതല്‍ ഈ തീയേറ്ററിന് സിനിമ നല്‍കേണ്ടെന്നും തീരുമാനിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ