കൊച്ചി: പ്രായപൂർത്തിയെത്താത്ത മലയാളി നടിയുടെ ചിത്രം മോർഫ് ചെയ്ത് ഫെയ്‌സ്ബുക് വഴി പ്രചരിപ്പിച്ച കേസിൽ തമിഴ് യുവാവ് പിടിയിൽ. തിരുവളളുവർ ജില്ലയിലെ തിരുത്തണി താലൂക്കിൽ ബിഗ് സ്ട്രീറ്റ് സ്വദേശിയായ സുനിൽ കുമാറിനെയാണ് തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസ്  അറസ്റ്റ് ചെയ്തത്.

“ഈയടുത്താണ് ഫെയ്‌സ്ബുക്കിലെ തന്റെ അക്കൗണ്ടിലൂടെ സുനിൽ പെൺകുട്ടിയുടെ ചിത്രം പുറത്തുവിട്ടത്. ഒരു സിനിമയിൽ പെൺകുട്ടിയെ കണ്ടപ്പോഴുണ്ടായ തോന്നലിന്റെ പുറത്താണ് ഈ കുറ്റകൃത്യം ചെയ്തത്. പെൺകുട്ടിയുടെ ചിത്രത്തിൽ നിന്ന് തല വെട്ടിയെടുത്ത് നഗ്നമായ മറ്റൊരു ചിത്രത്തിനൊപ്പം ചേർക്കുകയാണ് ചെയ്തത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നിന്നാണ് കേസിന്റെ വിവരം ലഭിച്ചത്. ദീപാവലിയുടെ തൊട്ട് തലേന്നാൾ ഞങ്ങളുടെ ഒരു ടീം തമിഴ്‌നാട്ടിൽ പോയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്,”  അന്വേഷണ ഉദ്യോഗസ്ഥനായ  ഡി വൈ എസ്‌ പി  ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞു.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ സൈബർ ക്രൈം നിയന്ത്രിക്കുന്നതിനായി ആരംഭിച്ച സൈബർക്രൈം (www.cybercrime.gov.in) എന്ന വെബ്സൈറ്റിലായിരുന്നു പരാതി ലഭിച്ചത്.  ഈ പദ്ധതിയുടെ സംസ്ഥാനത്തെ നോഡൽ ഓഫീസർ ക്രൈംബ്രാഞ്ച് ഐജിയാണ്.  തിരുവനന്തപുരം സിറ്റിയിലെ സൈബർ പൊലീസ് വിഭാഗത്തിനാണ് ഈ വെബ്പോർട്ടൽ മുഖേനയുളള പരാതികൾ അന്വേഷിക്കാനുളള ചുമതല.

ഇന്ത്യയിൽ സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ നടക്കുന്ന  കുറ്റകൃത്യത്തെ കുറിച്ച് ലോകത്തിന്റെ ഏത് ഭാഗത്ത് നിന്നും ഈ വെബ്സൈറ്റിൽ വിവരം നൽകാൻ സാധിക്കും. മന്ത്രാലയം സ്വമേധയാ ആണ് കേസെടുക്കുന്നതും അന്വേഷണം നടത്തുന്നതും. അന്വേഷണത്തിന്റെ വിശദമായ വിവരം മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ അപ്ഡേറ്റ് ചെയ്യുകയും വേണമെന്നാണ് ചട്ടം. ഇതിലൂടെ അന്വേഷണം കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കൂടിയാണ് ലക്ഷ്യമിടുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ