കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണയ്ക്ക് വനിതാ ജഡ്ജി. പ്രത്യേക സിബിഐ കോടതി ജഡ്ജി ഹണി വർഗീസാണ് കേസിൽ വാദം കേൾക്കുക. വനിതാ ജഡ്ജി വേണമെന്ന നടിയുടെ ആവശ്യം പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ്. 9 മാസത്തിനുളളിൽ കേസിന്റെ വിചാരണ പൂർത്തിയാക്കാനും കോടതി നിർദേശിച്ചു.

ആക്രമിക്കപ്പെട്ട നടി തന്നെയാണ് വിചാരണ വേഗത്തില്‍ ആക്കണമെന്നും വനിതാ ജഡ്ജിയെക്കൊണ്ട് വിചാരണ നടത്തണമെന്നും ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. നേരത്തെ ഹർജി പരിഗണിച്ച കോടതി ഇതിന് അനുകൂലമായാണ് പ്രതികരിച്ചത്.

വനിതാ ജഡ്ജി വേണമെന്ന നടിയുടെ ആവശ്യത്തെ ദിലീപിന്റെ അഭിഭാഷകൻ എതിർത്തിരുന്നു. കേസിൽ കക്ഷി ചേരാൻ അപേക്ഷയും നൽകിയിരുന്നു. കേസിന്റെ വിചാരണ വൈകിപ്പിക്കാനാണ് ദിലീപ് കക്ഷി ചേരാൻ അപേക്ഷ നൽകിയതെന്നായിരുന്നു സർക്കാർ അഭിഭാഷകൻ വാദിച്ചത്.

നടിയുടെ ഹർജിയെ തുടർന്ന് ഹൈക്കോടതി ആവശ്യപ്പെട്ടതനുസരിച്ച് പാലക്കാട് ജില്ലയിലെ വനിതാ ജഡ്ജിമാരുടെ ലിസ്റ്റ് ഇന്ന് രജിസ്ട്രാർ കോടതിക്ക് കൈമാറിയിരുന്നു. നേരത്തെ തൃശൂർ, എറണാകുളം ജില്ലകളിലെ വനിതാ ജഡ്ജിമാരുടെ വിശദാംശങ്ങൾ പരിശോധിച്ചെങ്കിലും ഒഴിവുള്ള ജഡ്ജിമാരെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ