കൊച്ചി: പ്രമുഖ നടിക്കുനേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധം അറിയിക്കാനായി ചലച്ചിത്ര പ്രവർത്തകർ ഫെബ്രുവരി 19 ന് കൊച്ചിയിലെ ദർബാർ ഹാളിൽ ഒത്തുകൂടിയിരുന്നു. അന്ന് നടൻ ദിലീപും പ്രതിഷേധത്തിൽ പങ്കെടുക്കാൻ എത്തി. പ്രതിഷേധത്തിൽ പങ്കെടുത്ത് ദിലീപ് സംസാരിച്ച വാക്കുകൾ കേട്ട ഒരാൾക്കുപോലും നടിയെ ആക്രമിച്ച ഗൂഢാലോചനക്കേസിൽ ദിലീപ് ജയിലിലായ വാർത്ത വിശ്വസിക്കാൻ പ്രയാസം തോന്നും. നടി ആക്രമണത്തിനിരയായ വാർത്ത കേട്ടപ്പോൾ ഞെട്ടിയെന്നാണ് ദിലീപ് അന്ന് പറഞ്ഞത്. സംസാരിക്കുന്നതിനിടെ ദീലീപിന്റെ തൊണ്ട ഇടറുകയും ചെയ്തു.

ദിലീപ് പറഞ്ഞ വാക്കുകൾ: ”പ്രിയമുളളവരേ, രാവിലെ ആന്റോ വിളിച്ചു പറഞ്ഞപ്പോഴാണ് ഞെട്ടലുളവാക്കുന്ന വാർത്ത കേട്ടത്. എന്റെ കൂടെ ഏറ്റവുമധികം സിനിമ ചെയ്ത കുട്ടിയായിരുന്നു. ശരിക്കു പറഞ്ഞാൽ ഇത്തരം ഒരു വാർത്ത കേൾക്കുമ്പോൾ സ്വന്തം വീടിന് അകത്തേക്കാണ് നോക്കി പോകുന്നത്. സിനിമയിൽ സംഭവിച്ചു എന്നതിനെക്കാൾ അപ്പുറം നമ്മുടെ നാട്ടിൽ സംഭവിച്ചുവെന്നുളളതാണ് വിഷമിപ്പിക്കുന്ന ഒന്ന്. സത്യസന്ധമായിട്ടാണ് പൊലീസ് അന്വേഷണം നടത്തുന്നത്. വാർത്തകൾ വളച്ചൊടിക്കാനല്ല മാധ്യമങ്ങൾ ശ്രമിക്കുന്നത്. ഇനി ഈ നാട്ടിൽ ഇതു സംഭവിക്കാതിരിക്കാൻ നമുക്ക് ഒരുമിച്ച് നിൽക്കാം. അതിന്റെ ഭാഗത്ത് ഞാനും ഉണ്ടാകും. മലയാള സിനിമാ കുടുംബത്തിലെ ഒരംഗത്തിന് സംഭവിച്ചു എന്നതിനപ്പുറം കേരളമെന്ന ദൈവത്തിന്റെ സ്വന്തം നാട്ടിൽ ഇങ്ങനെയൊന്നും സംഭവിക്കാൻ പാടില്ല എന്ന ഉറച്ച തീരുമാനത്തോടുകൂടിയാണ് ഇവിടെ എല്ലാവരും ഒത്തുകൂടിയത്. അതിനുവേണ്ടി ഇവിടെ എത്തിയ എല്ലാവർക്കും എല്ലാ ഐശ്വര്യങ്ങളും നേരുന്നു”.

(വിഡിയോ കടപ്പാട്: ഏഷ്യാനെറ്റ് ന്യൂസ്)

യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസിൽ ഗൂഢാലോചന കുറ്റത്തിനാണ് ദിലീപ് അറസ്റ്റിലായത്. ഇന്നലെ പുലർച്ചെ രഹസ്യ കേന്ദ്രത്തിലേക്ക് വിളിച്ചുവരുത്തിയ ദിലീപിനെ 12 മണിക്കൂർ ചോദ്യം ചെയ്ത ശേഷമാണ് സന്ധ്യയോടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കാവ്യയുമായുളള ബന്ധം മഞ്ജു വാര്യരെ അറിയിച്ചതിലുളള വൈരാഗ്യം കാരണമാണ് നടിയെ ആക്രമിക്കാൻ ദിലീപ് പൾസർ സുനിക്ക് ക്വട്ടേഷൻ നൽകിയതെന്ന് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിൽ വിശദീകരിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ