/indian-express-malayalam/media/media_files/uploads/2017/02/kiran-2.jpg)
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മലയാളത്തിലെ മുൻനിര നായകരിൽ ഒരാളെ അന്വേഷണ സംഘം ചോദ്യം ചെയ്തു. ഇന്നലെ രാവിലെയാണ് സംഭവത്തിന് പിന്നിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നടനെ അന്വേഷണ സംഘം ചോദ്യം ചെയ്തത്. ഇത് വിവാദമാകാതിരിക്കാൻ ഇക്കാര്യം പൊലീസ് മറച്ചുവയ്ക്കുകയായിരുന്നു. നടന്റെ പേര് പൊലീസ് വ്യക്തമാക്കിയിട്ടില്ല. എന്നാൽ സംഭവത്തിന് പിന്നിൽ തനിക്ക് പങ്കുണ്ടെന്ന സംശയം ഇദ്ദേഹം നിഷേധിച്ചു.
കേസിൽ മുഖ്യപ്രതി സുനിലിനെയും മറ്റുള്ളവരെയും അറിയില്ലെന്ന് നടൻ വിശദീകരിച്ചു. ശത്രുക്കൾ സംഭവം തനിക്കെതിരായി ഉപയോഗിക്കുകയാണെന്നാണ് ഇദ്ദേഹത്തിന്റെ വാദം. എന്നാൽ മുഖ്യപ്രതിയെ അടക്കം പിടികൂടിയ ശേഷം ഇദ്ദേഹത്തെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യുമെന്നാണ് വിവരം.
ഇതിനിടെ കാക്കനാട് നിന്ന് സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തതായി വിവരമുണ്ട്. എന്നാൽ ഇക്കാര്യം പൊലീസ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചില്ല. പൾസർ സുനിയ്‌ക്കായുള്ള തിരച്ചിൽ തുടരുകയാണെന്നാണ് ഇവർ വ്യക്തമാക്കിയത്.
അതേസമയം സംഭവത്തിൽ കളമശേറി മെഡിക്കൽ കോളേജിലെ ഗൈനക്കോളജിസ്റ്റിന്റെ ഭാഗത്ത് നിന്ന് ഉണ്ടായ ഗുരുതര വീഴ്ചകൾ അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്. നടിയുടെ നഖം, വസ്ത്രം എന്നിവ പരിശോധിക്കാതിരുന്നതാണ് അന്വേഷണത്തെ തന്നെ ബാധിച്ചേക്കുമെന്ന നിഗമനത്തിൽ പൊലീസ് എത്തിയിരിക്കുന്നത്. സംഭവത്തിൽ പീഡനശ്രമം നടന്നതായി തെളിയിക്കുന്നതിനുള്ള സുപ്രധാന നിരീക്ഷണങ്ങളാണ് ഇതോടെ നഷ്ടമായതെന്ന് അന്വേഷണ സംഘം പറയുന്നു. ശനിയാഴ്ച പുലർച്ചെ നാല് മണിക്കാണ് നടിയെ സംവിധായകൻ ലാൽ വൈദ്യ പരിശോധനയ്ക്കായി ഇവിടെ എത്തിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.