കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിൽ നടൻ ദിലീപ് സംശയമുനയിൽ നിൽക്കെ, വിഷയത്തിൽ ഒന്നും മിണ്ടാതെ താര സംഘടനയായ അമ്മ. ഇന്ന് ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്ന യോഗത്തിൽ നടിമാരുടെ സംഘടനയായ വുമൺ കളക്ടീവ് ഇൻ സിനിമ പ്രതിനിധികൾ ചില കാര്യങ്ങൾ പറഞ്ഞുവെന്നും അവർക്കൊപ്പമുണ്ടാകുമെന്ന് ഉറപ്പു നൽകിയതായി ഇന്നസെന്റ് എംപി പറഞ്ഞു.

“പ്രശ്നം ഉണ്ടായപ്പോൾ തന്നെ മുഖ്യമന്ത്രി പിണറായി വിജയനോടും ഡിജിപി ലോക് നാഥ് ബെഹ്റയോടും സംസാരിച്ചിരുന്നു. അന്ന് മാധ്യമങ്ങളിൽ ഒന്നും പ്രസ്താവനകൾ നടത്തരുതെന്ന് ആവശ്യപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ ഈ കാര്യത്തിൽ ഒന്നും പറയുന്നില്ല” ഇന്നസെന്റ് എംപി വ്യക്തമാക്കി.

അതേസമയം ഇരയായ നടിയെ കുറിച്ച് താൻ മോശം പരാമർശം നടത്തിയിട്ടില്ലെന്ന് നടൻ ദിലീപ് വ്യക്തമാക്കി. “സിനിമ പ്രവർത്തകരാണ്. അതുകൊണ്ട് തന്നെ ഒരുപാട് പേർ ചുറ്റിലുമുണ്ടാകും. ഇങ്ങിനെയുള്ളപ്പോൾ കൂട്ടുകൂടുന്നത് ശ്രദ്ധിക്കണം എന്നാണ് പറഞ്ഞത്. ഇതിനെ മാധ്യമങ്ങൾ വളച്ചൊടിക്കുകയായിരുന്നു. ഇതിന് മനോരമയിലൂടെ വിശദീകരണം നൽകിയിരുന്നു” ദിലീപ് പറഞ്ഞു.

എന്നാൽ ചോദ്യങ്ങൾ മുറുകിയതോടെ അംഗങ്ങളായ താരങ്ങൾ രോഷാകുലരായി. “അനാവശ്യ ചോദ്യങ്ങൾ വേണ്ടെന്ന്” നടനും എംഎൽഎയുമായ മുകേഷ് പറഞ്ഞു. ഇതിന് പിന്നാലെ മാധ്യമപ്രവർത്തകർ ദിലീപിനെ വേട്ടയാടുന്നുവെന്ന ആരോപണവുമായി കെ.ബി.ഗണേഷ് കുമാർ രംഗത്ത് വന്നു. “ആടിനെ പട്ടിയാക്കി, പട്ടിയെ പേപ്പട്ടിയാക്കി തല്ലിക്കൊല്ലുന്ന പോലെ ദിലീപിനെ വേട്ടയാടാൻ അനുവദിക്കില്ല. രാജ്യത്ത് നിയമ വ്യവസ്ഥ നിലവിലുണ്ട്. അവർ ഈ കാര്യം അന്വേഷിച്ച് കണ്ടെത്തും.” അദ്ദേഹം പറഞ്ഞു.

നടിയെ ആക്രമിച്ച വിഷയത്തിൽ ചർച്ചയിൽ ആരും ഒരു ചോദ്യവും ചോദിച്ചില്ലെന്ന് കെബി ഗണേഷ്‌കുമാർ പറഞ്ഞു. “താൻ നേരിട്ട് ആവശ്യപ്പെട്ടിട്ടും ആരും ഇക്കാര്യത്തിൽ ഒന്നും പറഞ്ഞില്ല. എന്ത് വേണമെങ്കിലും ചോദിച്ചോളാൻ പറഞ്ഞതാണ്. എന്നാൽ ആരും ഒന്നും ചോദിച്ചില്ല” ഗണേഷ് കുമാർ പറഞ്ഞു.

“ഈ സംഭവത്തിൽ രണ്ട് അംഗങ്ങളെയും അമ്മ മക്കളായി തന്നെ കാണുകയാണ്. രണ്ട് അംഗങ്ങളെയും ഞങ്ങൾ തള്ളിപ്പറയില്ല. ആരെന്ത് പറഞ്ഞാലും അംഗങ്ങളെ തള്ളിപ്പറയാൻ ഞങ്ങളാരും തയ്യാറല്ല. ഒറ്റക്കെട്ടായി അമ്മ മുന്നോട്ട് പോകും. ഈ സംഘടന പൊളിയുകയുമില്ല” കെ.ബി.ഗണേഷ് കുമാർ വിശദീകരിച്ചു.

“രാജ്യത്തെ പൗരനെന്ന നിലയിൽ പൊലീസിന് മൊഴി കൊടുക്കാൻ ദിലീപ് ബാധ്യസ്ഥനാണ്. അദ്ദേഹം അത് ചെയ്തു. പൊലീസ് അന്വേഷണം ശരിയായ ദിശയിലാണെന്ന് അമ്മയുടെ വിലയിരുത്തൽ. ഇക്കാര്യത്തിൽ പൊലീസ് അന്വേഷണം നടക്കുന്നുണ്ട്. അത് മുന്നോട്ട് പോകട്ടെ” അദ്ദേഹം തുടർന്ന് വ്യക്തമാക്കി.

എന്നാൽ പത്രസമ്മേളനത്തിൽ സംബന്ധിച്ച മലയാളത്തിലെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ഒരു വാക്ക് പോലും മിണ്ടിയില്ല. ഇന്നസെന്റ്, ദേവൻ, ഗണേഷ് കുമാർ, മുകേഷ്, ദിലീപ് എന്നിവർ മാത്രമാണ് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.