തൃശൂര്‍: അന്തരിച്ച നടനും മുന്‍ എംപിയുമായ ഇന്നസെന്റിന്റെ ശവസംസ്കാര ചടങ്ങുകള്‍ പൂര്‍ത്തിയായി. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിലാണ് ഇന്നസെന്റിന് അന്ത്യവിശ്രമം ഒരുക്കിയിരിക്കുന്നത്. ജനപ്രവാഹത്തിനാല്‍ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ഇരിങ്ങാലക്കുടയിലെ വീട്ടില്‍ നിന്ന് കത്തീഡ്രലിലേക്ക് എത്താന്‍ വൈകിയിരുന്നു.
കത്തീഡ്രല്‍ പള്ളിയില്‍ വച്ച് സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യഗിക ബഹുമതികള്‍ നല്‍കി. ഇന്ന് രാവിലെ ഇരിങ്ങാലക്കുടയിലെ വീട്ടില്‍ ആയിരങ്ങളാണ് പ്രിയ നടനെ കാണാന്‍ എത്തിയത്. സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് റവന്യു മന്ത്രി കെ രാജന്‍ അന്തിമോപചാരം അര്‍പ്പിച്ചു. ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവും വസതിയിലെത്തിയിരുന്നു
ഇന്നലെ ഇരിങ്ങാലക്കുടയിലെ വസതിയിലും കൊച്ചി കടവന്ത്രയിലെ രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും പതിനായിരങ്ങളാണ് ഇന്നസെന്റിനെ അവസാനമായി ഒരു നോക്ക് കാണാനെത്തിയത്.
മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ തുടങ്ങി രാഷ്ട്രീയ സാംസ്കാരിക മേഖലയിലെ പ്രമുഖര അന്തിമോപചാരമര്‍പ്പിച്ചു. സിനിമ മേഖലയിലുള്ളവര്‍ ഒന്നടങ്കം കടവന്ത്രയിലേക്ക് ഒഴുകുകയായിരുന്നു. പലരും പ്രിയ സ്നേഹിതന്റെ മൃതദേഹത്തിന് മുന്നില്‍ വിങ്ങിപ്പൊട്ടുകയും ചെയ്തു.
ഞായറാഴ്ച രാത്രി 10.30 ഓടെയാണ് ഇന്നസെന്റിന്റെ മരണം സ്ഥിരീകരിച്ചത്. മാർച്ച് മൂന്നു മുതൽ ചികിത്സയിലായിരുന്നു. കോവിഡ് ബാധയെത്തുടർന്നുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങളും പല അവയവങ്ങളും പ്രവർത്തനക്ഷമമല്ലാതായതും ഹൃദയാഘാതവുമാണ് മരണത്തിലേക്ക് നയിച്ചതെന്ന് ആശുപത്രി പുറത്തുവിട്ട മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.
2012 ലാണ് ഇന്നസെന്റ് കാൻസറിന്റെ പിടിലാകുന്നത്, പിന്നിടിങ്ങോട് 2020 ൽ മാത്രമാണ് ശാരീരിക ബുദ്ധിമുട്ടുകൾ കൊണ്ട് അദ്ദേഹം സിനിമയിൽ നിന്ന് ഇടവേളയെടുത്തത്. മികച്ച രണ്ടാമത്തെ നടൻ, നിർമാതാവ് എന്ന വിഭാഗങ്ങളിൽ കേരള സർക്കാറിന്റെ ചലച്ചിത്ര പുരസ്കാരവും ഇന്നസെന്റ് സ്വന്തമാക്കി. അസുഖത്തോട് പൊരുതുമ്പോളും തമാശ നിറഞ്ഞ സംസാരവും പൊട്ടിച്ചിരിയും ഇന്നസെന്റിനെ വ്യത്യസ്തനാക്കി. കാൻസർ അനുഭവങ്ങൾ പങ്കുവച്ചുകൊണ്ട് ഇന്നസെന്റ് എഴുതിയ ‘കാൻസർ വാർഡിലെ ചിരി’ എന്ന പുസ്തകം ഏറെ ശ്രദ്ധ നേടി.
‘നെല്ല്’ എന്ന ചിത്രത്തിലാണ് ഇന്നസെന്റ് ആദ്യമായി മുഖം കാണിച്ചത്. അഞ്ചു പതിറ്റാണ്ടോളം നീളുന്ന അഭിനയജീവിതത്തിനിടെ 500ൽ ഏറെ ചിത്രങ്ങളുടെ ഭാഗമായി. ഹാസ്യ റോളുകളിൽ തിളങ്ങിയതിനൊപ്പം തന്നെ വില്ലനായും സ്വാഭാവ നടനായും ഇന്നസെന്റ് മലയാളികൾക്കു മുൻപിലെത്തി. മലയാള ചലച്ചിത്ര ലോകത്ത് മാത്രമല്ല ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, കന്നഡ തുടങ്ങിയ ഭാഷകളിലും ഇന്നസെന്റ് തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. 2014 ൽ ഇരിങ്ങാലക്കുട എന്ന തന്റെ സ്വന്തം പ്രദേശത്തു നിന്ന് എം പിയായി പാർലമെന്റിലും ഇന്നസെന്റ് തന്റെ സാന്നിധ്യം അറിയിച്ചു.