/indian-express-malayalam/media/media_files/uploads/2020/12/D-Vijayamohan-manorama.jpg)
മുതിർന്ന മാധ്യമപ്രവർത്തകനും മലയാള മനോരമ ഡൽഹി സീനിയർ കോർഡിനേറ്റിങ് എഡിറ്ററുമായിരുന്ന ഡി വിജയമോഹൻ അന്തരിച്ചു.65 വയസ്സായിരുന്നു. കോവിഡ് രോഗബാധയെത്തുടർന്നുള്ള ആരോഗ്യപ്രശ്നങ്ങളാണ് മരണത്തിലേക്ക് നയിച്ചത്.
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് സ്വദേശിയാണ്. 1978ൽ മനോരമയിൽ ചേർന്ന അദ്ദേഹം 42 വർഷം സ്ഥാപനത്തിൽ സേവനമനുഷ്ടിച്ചു. 1985ൽ ഡൽഹി ബ്യൂറോയിലെത്തിയ അദ്ദേഹം അതിനു മുൻപ് കോഴിക്കോട്, കൊല്ലം, തിരുവനന്തപുരം ബ്യൂറോകളിലും പ്രവർത്തിച്ചിരുന്നു.
തിരുവനന്തപുരം നെടുമങ്ങാട് കരിങ്ങയിൽ കാരയ്ക്കാട്ടുകോണത്തു വീട്ടിൽ 1955 ഫെബ്രുവരി 28നാണ് ജനനം. അച്ഛൻ. പി.കെ. ദാമോദരൻ നായർ. അമ്മ. എസ് മഹേശ്വരി അമ്മ.
D Vijayamohan, longtime face of @Malayla_Manoram in Delhi, biographer of Swamy Ranganadanda @ramakrishnamath,
lover and collector of music is no more pic.twitter.com/EEHyTig890— E P Unny (@unnycartoonist) December 15, 2020
ബാംഗ്ലൂർ കൈരളിനികേതൻ സ്കൂൾ, നെടുമങ്ങാട് ഗവ ഹൈസ്കൂൾ എന്നിവിടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം, തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിൽനിന്ന് സാമ്പത്തികശാസ്ത്രത്തിൽ ബിരുദവും യൂണിവേഴ്സിറ്റി കോളജിൽനിന്ന് ബിരുദാനന്തര ബിരുദവും നേടി. കോമൺവെൽത്ത് പ്രസ് യൂണിയന്റെ ഹാരി ബ്രിട്ടൻ ഫെല്ലോഷിപ്പോടെ ഇംഗ്ലണ്ടില്‍ പത്രപ്രവർത്തനത്തിൽ ഉപരിപഠനവും നടത്തി.
കേരള പ്രസ് അക്കാദമിയുടെ വി കരുണാകരൻ നമ്പ്യാർ അവാർഡ് ,തിരുവനന്തപുരം പ്രസ് ക്ലബിന്റെ ശിവറാം അവാർഡ്, മലയാള മനോരമ ചീഫ് എഡിറ്റേഴസ് ഗോൾഡ് മെഡൽ തുടങ്ങിയ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ഭാര്യ: എസ്.ജയശ്രീ, മകൻ: അഡ്വ.വി.എം.വിഷ്ണു. മരുമകൾ: നീനു.
ഡി വിജയമോഹന്റെ മരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ദേശീയ രാഷ്ട്രീയത്തിലെ ഗതിവിഗതികൾ വസ്തുനിഷ്ഠമായി മലയാളി വായനക്കാർക്ക് പറഞ്ഞുകൊടുത്ത പ്രഗത്ഭനായ പത്രപ്രവർത്തകനായിരുന്നു ഡി വിജയമോഹനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. എല്ലാ മലയാളി കൂട്ടായ്മകളിലും വിജയമോഹന്റെ സാന്നിധ്യമുണ്ടായിരുന്നു. വിജയമോഹന്റെ അപ്രതീക്ഷിതവേർപാട് പത്ര പ്രവർത്തന മേഖലക്കും ഡൽഹിയിലെ മലയാളി കൂട്ടായ്മകൾക്കും വലിയ നഷ്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us