മലപ്പുറം: പാണമ്പ്രയിൽ അമിതവേഗതയില്‍ വണ്ടിയോടിച്ചതിനെ ചോദ്യം ചെയ്തതിന് യുവാവ് മർദ്ദിച്ച സംഭവത്തിൽ പൊലീസിനെതിരെ ആരോപണവുമായി മര്‍ദനത്തിനിരയായ പെണ്‍കുട്ടി. പ്രതിയായ ഇബ്രാഹിം ഷബീറിന് മുസ്ലിം ലീഗുമായി ബന്ധമുള്ളതിനാല്‍ പൊലീസ് കര്‍ശന നടപടിയെടുക്കുന്നില്ലെന്ന് പെണ്‍കുട്ടി പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
“പരാതി പിന്‍വലിക്കാന്‍ പല രീതിയില്‍ സമ്മര്‍ദമുണ്ടായി. എന്റെ മൊഴി പൂര്‍ണമായി രേഖപ്പെടുത്താന്‍ പോലും പൊലീസ് തയാറായില്ല. പൊലീസില്‍ നിന്നും അനുകൂലമായ സമീപനമല്ല ഉണ്ടായത്. നിങ്ങള്‍ നോക്കി ഓടിക്കേണ്ടെ എന്നായിരുന്നു ചോദ്യം. വീഡിയോ തെളിവായിട്ടുണ്ടായിട്ടും റോഡില്‍ വച്ചൊരു പെണ്‍കുട്ടിയെ മര്‍ദിച്ചത് നിസാരമായാണ് പൊലീസ് കാണുന്നത്,” പെണ്‍കുട്ടി കൂട്ടിച്ചേര്‍ത്തു.
“ഇബ്രാഹിം ഷബീര്‍ അമിതവേഗത്തിലെത്തി തെറ്റായ വശത്തു കൂടി ഓവര്‍ടേക്ക് ചെയ്തു. ഞങ്ങളുടെ വാഹനം മറിയുമെന്ന അവസ്ഥയിലെത്തിയപ്പോഴാണ് പ്രതികരിച്ചത്. പിന്നീടാണ് ഇയാള്‍ മുസ്ലിം ലീഗിന്റെ ആളാണെന്ന് അറിഞ്ഞത്, പൊലീസിന്റേയും നാട്ടുകാരുടേയും ഭാഗത്ത് നിന്ന് കേസ് ഒതുക്കാനുള്ള ശ്രമം ഉണ്ടായി,” പെണ്‍കുട്ടി ആരോപിച്ചു.
കഴിഞ്ഞ 16 നായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്. അമിതവേഗത ചോദ്യം ചെയ്തതിന് പിന്നാലെ പ്രതി പെണ്‍കുട്ടികളെ മര്‍ദിക്കുകയായിരുന്നു. ഒന്നിലധികം തവണ മുഖത്തടിക്കുകയായിരുന്നു. സംഘര്‍ഷം കണ്ട് നാട്ടുകാര്‍ എത്തിയതോടെ ഇബ്രാഹിം സ്ഥലത്തു നിന്ന് കടന്നു കളയുകയായിരുന്നു. പെണ്‍കുട്ടിയുടെ സഹോദരി ഇബ്രാഹിമിന്റെ ഫൊട്ടോ എടുത്തിരുന്നു. ഇത് ഉപയോഗിച്ചാണ് പരാതി നല്‍കിയത്.
Also Read: കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു; കൂടുതല്‍ കേസുകള്‍ ഡല്‍ഹിയിലും കേരളത്തിലും