മലപ്പുഴം: കനത്ത മഴയിൽ സംസ്ഥാനത്തുടനീളം കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. മഴക്കെടുതിയിൽ വിവിധ ജില്ലകളിലായി ഇതുവരെ 22 പേരാണ് മരിച്ചത്. ഇടുക്കി, കണ്ണൂർ, വയനാട്, കോഴിക്കോട്, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

മലപ്പുറം വണ്ടൂരിൽ കനത്ത മഴയിൽ റോഡ് ഒലിച്ചുപോയി. വെളളാമ്പുറം – നടുവത്ത് റൂട്ടിലെ റോഡാണ് ശക്തമായ മഴവെളളപ്പാച്ചിലിൽ പൂർണമായും തകർന്നത്.

മലപ്പുറത്ത് കഴിഞ്ഞ 24 മണിക്കൂറായി മഴ നിർത്താതെ പെയ്യുകയാണ്. നീലഗിരി, ഗൂഢല്ലൂർ, കോഴിക്കോടിലേക്കുളള അന്തർ സംസ്ഥാന പാതയിൽ റോഡ് ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. റോഡ് വെളളത്തിൽ മുങ്ങിയതിനാൽ ചെറിയ വാഹനങ്ങൾക്കുപോലും ഇതുവഴി കടന്നുപോകാനാൻ കഴിയുന്നില്ല. മമ്പാടും റോഡ് ഗതാഗതം തടസ്സപ്പെട്ടു. പുന്നപ്പുഴയും ചാലിയാറും കരകവിഞ്ഞൊഴുകിയതോടെയാണ് പലയിടത്തും റോഡ് ഗതാഗതം തടസ്സപ്പെട്ടത്.

ചാലിയാറിൽ ജലനിരപ്പുയർന്നതിനാൽ എടവണ്ണ, വാഴക്കാട്, അരീക്കോട് എന്നിവിടങ്ങളിലെല്ലാം വെളളം കയറി. എടവണ്ണയിൽ താഴ്ന്ന പ്രദേശങ്ങളെല്ലാം വെളളത്തിനടിയിലാണ്. മലയോര മേഖലകളിൽ കനത്ത നാശമാണ് മഴ വിതച്ചത്. നിലമ്പൂർ, കാളികാവ്, കരുവാരകുണ്ട് എന്നിവിടങ്ങളിൽ ഉരുൾപൊട്ടി.

നിലമ്പൂർ താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർ നാളെയും അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാലയങ്ങള്‍ക്കും അംഗന്‍വാടികള്‍ക്കുമാണ് ജില്ലാ കലക്ടര്‍ അമിത് മീണ അവധി പ്രഖ്യാപിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.