മലപ്പുറം: കേരളത്തെ വിഴുങ്ങിയ 2018ലെ പ്രളയത്തില്‍ ഉപയോഗശൂന്യമായ വാഴക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന് ഇനി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ തലയെടുപ്പ്. മൂന്നു നിലകളിലായി 15,000 ചതുരശ്രയടി വിസ്തൃതിയില്‍ നിര്‍മിച്ച കെട്ടിടം രാജ്യത്തെ ഏറ്റവും വലിയ കുടുംബാരോഗ്യ കേന്ദ്രമാണ്. ആശുപത്രി ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിനു സമര്‍പ്പിച്ചു.
1974 മുതലുള്ള കെട്ടിടം പ്രളയത്തില്‍ ഉപയോഗശൂന്യമായതിനെത്തുടര്‍ന്ന് താല്‍ക്കാലിക സൗകര്യങ്ങളിലാണ് ആശുപത്രി പ്രവര്‍ത്തിച്ചിരുന്നത്. 10 കോടി രൂപ ചെലവിലാണ് കെട്ടിടത്തിന്റെ പുനര്‍നിര്‍മാണം. വിശാലമായ കെട്ടിടത്തില്‍ താഴെ തട്ടിലുള്ള മറ്റു സര്‍ക്കാര്‍ ആശുപത്രികളിലും സാധാരണ സ്വകാര്യ ആശുപത്രികളിലൊന്നുമില്ലാത്ത നിരവധി സൗകര്യങ്ങളുണ്ട്.
എമര്‍ജന്‍സി റൂം, മിനി ഓപ്പറേഷന്‍ തിയറ്റര്‍, പ്രീ-ചെക്കപ്പ് മുറികള്‍, കണ്‍സള്‍ട്ടിങ്ങ് റൂമുകള്‍, അത്യാധുനിക ലബോറട്ടറി, ഇമേജിങ്ങ് വിഭാഗം, നഴ്‌സ് സ്റ്റേഷന്‍, മെഡിക്കല്‍ സ്റ്റോര്‍, വാക്‌സിന്‍ സ്റ്റോര്‍, സാമ്പിള്‍ കളക്ഷന്‍ സെന്റര്‍, വിഷന്‍ സെന്റര്‍, ഡെന്റല്‍ ക്ലിനിക്, നിരീക്ഷണ മുറി, രോഗികളുടെ കാത്തിരിപ്പ് കേന്ദ്രം, ഗര്‍ഭിണിക്കുള്ള ഒപി സൗകര്യം, പ്രായമായവര്‍ക്കുള്ള കാത്തിരിപ്പ് സ്ഥലം, കുത്തിവയ്പ് കേന്ദ്രം, കോണ്‍ഫറന്‍സ് ഹാള്‍, പാലിയേറ്റീവ് കെയര്‍ സെന്റര്‍ എന്നിങ്ങനെ നീളുന്നു സൗകര്യങ്ങളുടെ പട്ടിക.

മൊബൈല്‍ ഐസിയു സൗകര്യമുള്ള ആംബുലന്‍സ്, കോവിഡ് സാഹചര്യം നേരിടുന്നതിന് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകളുള്ള 10 നിരീക്ഷണ കിടക്കകള്‍, ഓക്‌സിജന്‍ സെ്റ്റബിലൈസേഷന്‍ യൂണിറ്റ്, ഭിന്നശേഷിക്കാര്‍ക്കും ശാരീരിക ബുദ്ധമുട്ടുള്ള രോഗികള്‍ക്കുമായി റാമ്പ്, ലിഫ്റ്റ് എന്നീ സൗകര്യങ്ങളും ആശുപത്രിവികസനത്തിന്റെ ആശുപത്രി വളപ്പില്‍ ഓപ്പണ്‍ ജിമ്മും കുട്ടികള്‍ക്കുള്ള കളിസ്ഥലവും ഒരുക്കിയിരിക്കുന്നു.
Also Read: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ ഇഡി അന്വേഷണം; 104 കോടിയുടെ ക്രമക്കേടെന്ന് മന്ത്രി വാസവൻ
പ്രാഥമികാരോഗ്യങ്ങളെ അത്യാധുനിക സൗകര്യങ്ങളുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്താന്‍ ലക്ഷ്യമിടുന്ന ആര്‍ദ്രം പദ്ധതിയുടെ ഭാഗമായാണ് വാഴക്കാട് ആശുപത്രിക്കു പുതിയ മുഖം കൈവന്നിരിക്കുന്നത്. റീബില്‍ഡ് കേരള ഉദ്യമത്തിന്റെ ഭാഗമായി ഡോ. ഷംസീര്‍ വയലിന്റെ ഉടമസ്ഥതിയിലുള്ള വിപിഎസ് ഹെല്‍ത്ത് കെയറാണ് ആശുപത്രി പുനര്‍ നിര്‍മിച്ചത്.

മദ്രാസ് ഐഐടിയിലെ വിദഗ്ധര്‍ തയാറാക്കിയ പരസ്ഥിതി സൗഹൃദ ഘടനയാണു കെട്ടിടനിര്‍മാണത്തില്‍ ഉപയോഗപ്പെടുത്തിയത്. ഭാവിയിലെ പ്രളയ സാധ്യത കൂടി കണക്കിലെടുത്തുള്ള കെട്ടിടത്തിന്റെ ഘടന. തൃശൂര്‍ ഗവ. എന്‍ജിനീയറിങ്ങ് കോളേജ് ആര്‍ക്കിടെക്ചര്‍ വിദ്യാര്‍ഥികളാണ് രൂപ കല്‍പ്പന തയാറാക്കിയത്.
പ്രകൃതി ദുരന്തങ്ങളില്‍ കേടുപാട് സംഭവിക്കാതിരിക്കാന്‍ ഗ്ലാസ് ഫൈബര്‍ റീഇന്‍ഫോഴ്‌സ്‌മെന്റ് ജിപ്‌സം പാനല്‍ സാങ്കേതിക വിദ്യയാണു കെട്ടിട നിര്‍മാണത്തിന് ഉപയോഗിച്ചത്. ഇഷ്ടികകള്‍, ബ്ലോക്കുകള്‍, തടി, പ്ലാസ്റ്റര്‍ ബോര്‍ഡ് ലൈനിങ്ങുകള്‍ എന്നിവ ഒഴിവാക്കിയുള്ളതാണ് ഈ നിര്‍മാണ രീതി. 2019 ഫെബ്രുവരി 18നു തറക്കല്ലിട്ട കെട്ടിടം രണ്ടു വര്‍ഷം കൊണ്ടാണു പൂര്‍ത്തിയാക്കിയത്.

ഗുണനിലവാരമുള്ള പ്രാഥമികാരോഗ്യ സേവനങ്ങള്‍ നല്‍കാനുള്ള ശ്രമങ്ങളുടെ മികച്ച ഉദാഹരമാണ് പദ്ധതിയെന്ന് മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെ സക്കീന പറഞ്ഞു. വര്‍ഷത്തില്‍ ശരാശരി 75,000 രോഗികള്‍ക്കാണു വാഴക്കാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ സേവനം നല്‍കിയിരുന്നത്്. ഇനി രണ്ടു ലക്ഷം രോഗികള്‍ക്കു ചികിത്സ നല്‍കുകയാണു ലക്ഷ്യം.