മലപ്പുറം: സ്വന്തം പാർട്ടിയായ മുസ്‌ലിം ലീഗിൽ നിന്ന് സഹകരണം ലഭിക്കുന്നില്ലെന്ന കാരണത്താൽ മലപ്പുറം ജില്ലയിലെ വളാഞ്ചേരി നഗരസഭ ചെയർപേഴ്‌സൺ സ്ഥാനം എം.ഷാഹിന രാജിവച്ചു. നഗരസഭ സെക്രട്ടറിക്കാണ് രാജിക്കത്ത് കൈമാറിയത്. സ്ഥാനം രാജിവയ്ക്കുകയാണെന്ന് വ്യക്തമാക്കി കഴിഞ്ഞ ദിവസം ഷാഹിന മുസ്‌ലിം ലീഗ് നേതൃത്വത്തിനും രാജിക്കത്ത് നൽകിയിരുന്നു.

നഗരസഭ ഭരണത്തിന് പാർട്ടിയുടെ പിന്തുണ ലഭിക്കുന്നില്ലെന്ന് ആരോപിച്ചാണ് എം.ഷാഹിനയുടെ രാജി. മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ അദ്ധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുമായി ഷാഹിന കൂടിക്കാഴ്ച നടത്തിയിരുന്നു. ചെയർപേഴ്‌സൺ സ്ഥാനം ഉടനെ രാജിവയ്ക്കരുതെന്ന് ഇദ്ദേഹം ആവശ്യപ്പെട്ടതായി ഷാഹിന പിന്നീട് പറഞ്ഞു. എന്നാൽ ഇത് തളളി മുസ്‌ലിം ലീഗ് നേതൃത്വം തന്നെ രംഗത്ത് വന്നു.

നഗരസഭ കൗൺസിലർ സ്ഥാനം അടക്കമാണ് ഷാഹിന രാജിവച്ചത്. ഇന്ന് വൈകിട്ട് നാല് മണിക്കാണ് രാജിക്കത്ത് നഗരസഭ സെക്രട്ടറിക്ക് കൈമാറിയത്. ഷാഹിന പാർട്ടിക്ക് നൽകിയ രാജികത്ത് സ്വീകരിച്ചതായി മുസ്‌ലിം ലീഗ് ജില്ലാ നേതൃത്വം പറഞ്ഞു. പ്രാദേശിക നേതൃത്വവുമായുളള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് രാജിവച്ചിരിക്കുന്നത്.

തന്റെ രാജി ഷാഹിന വാർത്തസമ്മേളനം വിളിച്ചാണ് അറിയിച്ചത്. ഇത് പ്രാദേശിക തലത്തിൽ പാർട്ടിക്ക് ക്ഷീണമായെന്നാണ് മുസ്‌ലിം ലീഗിന്റെ വിലയിരുത്തൽ. ലീഗിലെ ഭിന്നതകൾ നഗരസഭയുടെ സുഗമമായ പ്രവർത്തനത്തിനെ പ്രതികൂലമായി ബാധിച്ചെന്ന ആരോപണം പ്രതിപക്ഷം കടുപ്പിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.