പൊന്നാനി: മലപ്പുറത്ത് വീണ്ടും കോവിഡ് ആശങ്ക വർധിക്കുന്നു. നിരീക്ഷണത്തിൽ കഴിയവെ നിർദേശങ്ങൾ മറികടന്ന് ആളുകളുമായി ഇടപഴകിയ രണ്ട് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചീക്കോട്, ഊർങ്ങാട്ടിരി സ്വദേശികളായ രണ്ട് യുവാക്കളാണ് ക്വാറന്റൈൻ ലംഘിച്ച് പുറത്തിറങ്ങിയത്. ചീക്കോട് സ്വദേശിയായ യുവാവിന്റെ സമ്പർക്ക പട്ടികയിൽ മാത്രം നിരവധി പേരാണ് ഉൾപ്പെട്ടിരിക്കുന്നത്.

ജമ്മുവിൽ നിന്നെത്തിയ ചീക്കോട് സ്വദേശിയായ യുവാവ് നാട്ടിലെത്തി സമീപത്തെ കടകളിലുൾപ്പെടെ സന്ദർശിച്ചിരുന്നു. ജൂൺ 23ന് സമീപത്തെ മൊബൈൽ കടയിലെത്തിയതോടെ കട അടയ്ക്കാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകി. ഊർങ്ങാട്ടിരിയിൽ കോവിഡ് സ്ഥിരീകരിച്ച യുവാവും ക്വാറന്റൈൻ ലംഘിച്ചതോടെ ആശങ്ക വർധിച്ചിട്ടുണ്ട്.

Also Read: രോഗവ്യാപനം ഉണ്ടാക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നതായി സംശയമെന്ന് കടകംപള്ളി

അതേസമയം, കായംകുളം സാമൂഹവ്യാപന ആശങ്കയിലെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു. ഒരു കുടുംബത്തിലെ പതിനാറ് പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ആശങ്ക വർധിച്ചത്. കഴിഞ്ഞ ദിവസം രോഗം സ്ഥീരികരിച്ച പച്ചക്കറി വ്യാപാരിയുടെ കുടുംബത്തിലെ 16 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. പച്ചക്കറി വ്യാപാരിയുടെ രോഗത്തിന്റെ ഉറവിടം ഇപ്പോഴും വ്യക്തമായിട്ടില്ല.

സംസ്ഥാനത്ത് ഇന്നലെ മാത്രം 211 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ചികിത്സയിലുള്ള 201 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 138 പേർ വിദേശത്തു നിന്ന് എത്തിയവർ. മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയ 39 പേർ. 27 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. സമ്പർക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണം വർധിക്കുന്നതും പ്രതിരോധ പ്രവർത്തനങ്ങൾക്ക് വെല്ലുവിളിയാകുന്നുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.