മലപ്പുറം: എടപ്പാളിൽ തിയേറ്ററിനകത്ത് വച്ച് പീഡനത്തിനിരയായ പെൺകുട്ടിയോട് പ്രതി മൊയ്തീൻ കുട്ടി മുൻപും അപമര്യാദയായി പെരുമാറിയിട്ടുണ്ടെന്ന് റിമാൻഡ് റിപ്പോർട്ട്. മുൻപ് രണ്ടു തവണ ഇയാൾ പെൺകുട്ടിയോട് മോശമായി പെരുമാറിയതായി പൊലീസ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

തിയേറ്ററിനകത്ത് വച്ചാണ് പെൺകുട്ടിയെ കൂടുതൽ നേരം ലൈംഗികമായി ചൂഷണം ചെയ്തത്. മൊയ്തീൻ കുട്ടി വലിയ സമ്പന്നനായതിനാൽ അമ്മയും ഈ ക്രൂരകൃത്യത്തെ തടഞ്ഞില്ല. കുട്ടിയെ പീഡിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തായതോടെ മൊയ്തീൻ കുട്ടി വിദേശത്തേക്ക് കടക്കാൻ ആലോചിച്ചു. എന്നാൽ അഭിഭാഷകന്റെ ഉപദേശ പ്രകാരം ഈ തീരുമാനം ഉപദേശിച്ചു. നാട്ടിൽ മൊയ്തീൻ കുട്ടിയുടെ പേരിൽ കോടിക്കണക്കിന് സ്വത്തുണ്ട്. വിദേശത്തേക്ക് കടന്നാൽ സ്വത്തുക്കൾ നഷ്ടപ്പെടുമെന്ന അഭിഭാഷകന്റെ ഉപദേശം കണക്കിലെടുത്താണ് വിദേശത്തേക്ക് കടക്കാതിരുന്നതെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്.

തിയേറ്ററിൽ പെൺകുട്ടി പീഡനത്തിനിരയായ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിനുപിന്നാലെയാണ് തൃത്താലയിലെ പ്രമുഖ വ്യവസായി ആയ മൊയ്തീൻ കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തത്. പോക്സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പോക്‌സോ നിയമത്തിലെ ആറ്, ഏഴ് വകുപ്പുകളാണ് മൊയ്തീൻകുട്ടിക്കെതിരെ ചുമത്തിയിരിക്കുന്നത്. പെൺകുട്ടിയുടെ അമ്മയ്ക്കെതിരെയും പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.

ഏപ്രിൽ 18 ന് എടപ്പാളിലെ ഒരു തിയേറ്ററിൽ ആയിരുന്നു സംഭവം. തിയേറ്ററിനകത്ത് വച്ച് ഇയാൾ പെൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു. ഏപ്രിൽ 26 ന് പീഡനവിവരം തിയേറ്റർ ഉടമ ചൈൽഡ്‍ലൈൻ അധികൃതർ മുഖേന പൊലീസിൽ അറിയിച്ചുവെങ്കിലും മൊയ്തീൻകുട്ടിക്കെതിരെ കേസെടുക്കാൻ പൊലീസ് തയ്യാറായില്ല. പീഡനത്തിന്റെ സിസിടിവി ദൃശ്യം ചാനലുകൾ പുറത്തുവിട്ടതോടെയാണ് പൊലീസ് കേസെടുത്തതും പ്രതിയെ അറസ്റ്റ് ചെയ്തതും.

ദുബായിലും ഷൊര്‍ണൂരിലും വെള്ളി ആഭരണ ജൂവലറി നടത്തുകയാണ് പ്രതി മൊയ്തീന്‍കുട്ടി. ഇയാൾക്ക് റിയല്‍ എസ്റ്റേറ്റ് ബിസിനസുമുണ്ട്. തൃത്താലയില്‍ ഇയാളുടെ ഉടമസ്ഥതയിലുള്ള ക്വാട്ടേഴ്‌സില്‍ താമസിക്കുന്ന യുവതിയുടെ മകളാണ് പീഡനത്തിനിരയായത്. യുവതിയുമായും മൊയ്തീൻകുട്ടിക്ക് ബന്ധമുണ്ടെന്ന വിവരം പുറത്തുവന്നിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.