മലപ്പുറം: എടപ്പാളിലെ തിയേറ്റർ പീഡനക്കേസിൽ അറസ്റ്റിലായ തിയേറ്റർ ഉടമ സതീഷിന് ജാമ്യം. സ്റ്റേഷൻ ജാമ്യത്തിലാണ് സതീഷിനെ വിട്ടയച്ചത്. പീഡനവിവരം കൃത്യസമയത്ത് അറിയിച്ചില്ലെന്നും ദൃശ്യങ്ങൾ പ്രചരിപ്പിച്ചുവെന്നുമാണ് തിയേറ്റർ ഉടമയ്ക്കെതിരെ പൊലീസ് ചുമത്തിയ കുറ്റം.

സ്റ്റേഷനിൽ ചോദ്യം ചെയ്യാൻ വിളിച്ചു വരുത്തിയശേഷമാണ് സതീഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്. അതേസമയം, തിയേറ്റർ ഉടമയെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിയെ വനിതാ കമ്മിഷൻ അധ്യക്ഷ എം.സി.ജോസഫൈൻ വിമർശിച്ചു. തിയേറ്റർ ഉടമയ്ക്കെതിരെയുളളത് കെട്ടിച്ചമച്ച കുറ്റാരോപണമെന്നും അറസ്റ്റ് അപലപനീയമെന്നും അവർ പറഞ്ഞു.

തിയേറ്റർ ഉടമ സതീഷ് ആയിരുന്നു കുട്ടിയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ ചൈൽഡ്‌ലൈൻ പ്രവർത്തകർക്ക് നൽകിയത്. ചൈൽഡ് ലൈൻ പ്രവർത്തകർ ദൃശ്യങ്ങൾ നൽകിയിട്ടും പൊലീസ് നടപടി എടുത്തില്ല. ദൃശ്യങ്ങൾ സഹിതം പരാതി നൽകിയിട്ടും 17 ദിവസമാണ് പൊലീസ് കേസ് എടുക്കാതിരുന്നത്. പ്രതി മൊയ്‌തീൻ കുട്ടിയുടെ ഉന്നത ബന്ധങ്ങൾ മൂലമാണ് കേസെടുക്കാൻ മടിച്ചത്. കേസ് എടുക്കാതിരുന്നതിന് എസ്ഐയെ സസ്‌പെൻഡ് ചെയ്‌തിരുന്നു.

തിയേറ്ററിൽ പെൺകുട്ടി പീഡനത്തിനിരയായ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിനുപിന്നാലെ തൃത്താലയിലെ പ്രമുഖ വ്യവസായി ആയ മൊയ്തീൻ കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ‌്തിരുന്നു. പോക്സോ നിയമപ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തത്. പോക്‌സോ നിയമത്തിലെ ആറ്, ഏഴ് വകുപ്പുകളാണ് മൊയ്തീൻകുട്ടിക്കെതിരെ ചുമത്തിയത്.

ഏപ്രിൽ 18 ന് എടപ്പാളിലെ ഒരു തിയേറ്ററിൽ ആയിരുന്നു സംഭവം. തിയേറ്ററിനകത്ത് വച്ച് ഇയാൾ പെൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു. ഏപ്രിൽ 26 ന് പീഡനവിവരം തിയേറ്റർ ഉടമ ചൈൽഡ്‍ലൈൻ അധികൃതർ മുഖേന പൊലീസിൽ അറിയിച്ചുവെങ്കിലും മൊയ്തീൻകുട്ടിക്കെതിരെ കേസെടുക്കാൻ പൊലീസ് തയ്യാറായില്ല. പീഡനത്തിന്റെ സിസിടിവി ദൃശ്യം ചാനലുകൾ പുറത്തുവിട്ടതോടെയാണ് പൊലീസ് കേസെടുത്തതും പ്രതിയെ അറസ്റ്റ് ചെയ്തതും.

ദുബായിലും ഷൊര്‍ണൂരിലും വെള്ളി ആഭരണ ജൂവലറി നടത്തുകയാണ് പ്രതി മൊയ്തീന്‍കുട്ടി. ഇയാൾക്ക് റിയല്‍ എസ്റ്റേറ്റ് ബിസിനസുമുണ്ട്. തൃത്താലയില്‍ ഇയാളുടെ ഉടമസ്ഥതയിലുള്ള ക്വാട്ടേഴ്‌സില്‍ താമസിക്കുന്ന യുവതിയുടെ മകളാണ് പീഡനത്തിനിരയായത്. യുവതിയുമായും മൊയ്തീൻകുട്ടിക്ക് ബന്ധമുണ്ടെന്ന വിവരം പുറത്തുവന്നിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.