മലപ്പുറം: തിയേറ്ററിൽ പെൺകുട്ടി പീഡനത്തിനിരയായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പെൺകുട്ടിയെ പ്രതി മൊയ്തീൻകുട്ടി ഇതിനു മുൻപും പീഡിപ്പിച്ചതായി പൊലീസിന് വിവരം ലഭിച്ചു. തിയേറ്ററിനകത്ത് വച്ച് പെൺകുട്ടിയെ പീഡിപ്പിച്ചത് അമ്മയുടെ അറിവോടെയാണെന്നും മൊയ്തീൻകുട്ടിയെ ചോദ്യം ചെയ്തതിൽനിന്നും പൊലീസിന് വിവരം ലഭിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം, കുട്ടിയുടെ ഭാവിയെ കരുതിയാണ് പീഡന വിവരം പുറത്തുപറയാതിരുന്നതെന്നാണ് അമ്മ നൽകിയിരിക്കുന്ന മൊഴി. തിയേറ്ററിൽ അമ്മയുടെ സാന്നിധ്യത്തിലായിരുന്നു കുട്ടിക്കുനേരെ ലൈംഗിക അതിക്രമം നടന്നത്. സംഭവത്തിൽ കുട്ടിയുടെ അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി. പെൺകുട്ടിയെ നിർഭയ ഹോമിലേക്ക് മാറ്റിയിട്ടുണ്ട്.

തിയേറ്ററിൽ പെൺകുട്ടി പീഡനത്തിനിരയായ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിനുപിന്നാലെയാണ് തൃത്താലയിലെ പ്രമുഖ വ്യവസായി ആയ മൊയ്തീൻ കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തത്. പോക്സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പോക്‌സോ നിയമത്തിലെ ആറ്, ഏഴ് വകുപ്പുകളാണ് മൊയ്തീൻകുട്ടിക്കെതിരെ ചുമത്തിയിരിക്കുന്നത്. പെൺകുട്ടിയുടെ അമ്മയ്ക്കെതിരെയും പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.

ഏപ്രിൽ 18 ന് എടപ്പാളിലെ ഒരു തിയേറ്ററിൽ ആയിരുന്നു സംഭവം. തിയേറ്ററിനകത്ത് വച്ച് ഇയാൾ പെൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു. ഏപ്രിൽ 26 ന് പീഡനവിവരം തിയേറ്റർ ഉടമ ചൈൽഡ്‍ലൈൻ അധികൃതർ മുഖേന പൊലീസിൽ അറിയിച്ചുവെങ്കിലും മൊയ്തീൻകുട്ടിക്കെതിരെ കേസെടുക്കാൻ പൊലീസ് തയ്യാറായില്ല. പീഡനത്തിന്റെ സിസിടിവി ദൃശ്യം ചാനലുകൾ പുറത്തുവിട്ടതോടെയാണ് പൊലീസ് കേസെടുത്തതും പ്രതിയെ അറസ്റ്റ് ചെയ്തതും. സംഭവത്തിൽ വീഴ്ച വരുത്തിയ ചങ്ങരംകുളം എസ്ഐ കെ.ജെ.ബേബിയെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.

ദുബായിലും ഷൊര്‍ണൂരിലും വെള്ളി ആഭരണ ജൂവലറി നടത്തുകയാണ് പ്രതി മൊയ്തീന്‍കുട്ടി. ഇയാൾക്ക് റിയല്‍ എസ്റ്റേറ്റ് ബിസിനസുമുണ്ട്. തൃത്താലയില്‍ ഇയാളുടെ ഉടമസ്ഥതയിലുള്ള ക്വാട്ടേഴ്‌സില്‍ താമസിക്കുന്ന യുവതിയുടെ മകളാണ് പീഡനത്തിനിരയായത്. യുവതിയുമായും മൊയ്തീൻകുട്ടിക്ക് ബന്ധമുണ്ടെന്ന വിവരം പുറത്തുവന്നിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ