മലപ്പുറം: മലപ്പുറം എടപ്പാളിലെ സിനിമാ തിയേറ്ററില്‍ വച്ച് പത്ത് വയസുകാരിയെ പീഡിപ്പിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പരാതി നൽകി രണ്ടാഴ്ച കഴിഞ്ഞിട്ടും കേസ് എടുക്കാതിരുന്നതിന് ചങ്ങരംകുളം  പൊലീസ് സ്റ്റേഷൻ എസ് ഐയെ സസ്പെൻഡ് ചെയ്തു. ഐജിയുടെ നിർദേശ പ്രകാരമാണ് സസ്പെൻഷൻ.  എസ് ഐ കെ. ജി ബേബിയെയാണ് സസ്പെൻഡ് ചെയ്തത്. തൃശൂർ റേഞ്ച് ഐജിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ മലപ്പുറം എസ് പിയാണ്  എസ് ഐ യെ സസ്പെൻഡ് ചെയ്തത്.

ചങ്ങരംകുളം പൊലീസാണ് പ്രതി മൊയ്തീന്‍കുട്ടിയെ പിടികൂടിയത്. പോക്‌സോ നിയമ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസ് എടുത്തിട്ടുളളത്. സിസിടിവിയില്‍ പതിഞ്ഞ പീഡന ദൃശ്യങ്ങള്‍ സഹിതം തിയേറ്റര്‍ ഉടമ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കുകയായിരുന്നു. തൃത്താല സ്വദേശിയാണ് ഇയാളെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാള്‍ മലപ്പുറത്ത് ബിസിനസ് നടത്തുന്നയാളാണ്. ഷൊർണൂരിൽ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത് എന്നാണ് ആദ്യ വിവരം.  തിയറ്ററിൽ ഒപ്പമുണ്ടായിരുന്ന സ്ത്രീയെയും പൊലീസ് അന്വേഷിക്കുന്നുണ്ട്.

മാതൃഭൂമി ന്യൂസാണ് തിയേറ്ററില്‍ നിന്നുളള ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. പരാതി നല്‍കി രണ്ടാഴ്ച കഴിഞ്ഞ് വാര്‍ത്ത പുറത്തുവന്നതോടെയാണ് കേസ് എടുക്കാന്‍ തയ്യാറായതെന്ന് പരാതിയും ചൈല്‍ഡ് ലൈനില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്.

കെഎല്‍ 46 ജി 240 നമ്പര്‍ മേഴ്‌സിഡസ് ബെന്‍സ് കാറിലെത്തിയ പ്രതിക്കൊപ്പം ഒരു യുവതിയും ഉണ്ടായിരുന്നു. തിയേറ്ററില്‍ ഇയാളുടെ ഇടത് വശത്താണ് പെണ്‍കുട്ടി ഇരുന്നത്. വലത് വശത്ത് യുവതിയും ഇരുന്നു.

ഇരുട്ടിന്റെ മറവിലായിരുന്നു പീഡനം. എന്നാല്‍ സിസിടിവിയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. സംഭവം ശ്രദ്ധയില്‍ പെട്ട തിയേറ്റര്‍ ഉടമകള്‍ ദൃശ്യം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ ഏല്‍പ്പിച്ചു. അവര്‍ തെളിവുകള്‍ സഹിതം പൊലീസില്‍ പരാതി നല്‍കി.

ഏപ്രില്‍ പതിനെട്ടിന് നടന്ന സംഭവത്തില്‍ തെളിവുകള്‍ ഉള്‍പ്പെടെ 26നാണ് പൊലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ രണ്ടാഴ്ച കഴിഞ്ഞിട്ടും ഈ കേസില്‍ പൊലീസ് എഫ്‌ഐആര്‍ പോലും എടുക്കാതിരിക്കുകയായിരുന്നു. പൊലീസിന്റെ അനാസ്ഥയെ തുടര്‍ന്ന് സംഭവം വാര്‍ത്തയായി. അതേ തുര്‍ന്ന് പൊലീസ് കേസ് എടുക്കുകയായിരുന്നു.

ഈ കേസുമായി ബന്ധപ്പെട്ട് ഇയാള്‍ വന്ന വാഹനം തിരിച്ചറിഞ്ഞതിന് പിന്നാലെയാണ് പ്രതിയെ പിടികൂടിയത്. തിരൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുളള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

ചൈല്‍ഡ് ലൈന്‍ ഈ സംഭവത്തില്‍ നല്‍കിയ കേസ് രണ്ടാഴ്ചയിലേറെ പൂഴ്ത്തി വച്ചതായി ആരോപണം ഉയരുന്നു. ഇത്രയധികം തെളിവുകള്‍ ലഭിച്ചിട്ടും പൊലീസ് കേസ് അന്വേഷിക്കാതിരുന്നത് വാര്‍ത്ത പുറത്തുവന്നതോടെ വിവാദമായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ കൊടുത്തിട്ടും പൊലീസ് എഫ്‌ഐആര്‍ പോലും എടുത്തില്ലെന്നും റിപ്പോര്‍ട്ട് ചെയ്യുന്നു.

 

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ