മലപ്പുറം: സംസ്ഥാനത്ത് ഇന്ന് അഞ്ച് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ നാല് പേരും വിദേശത്തു നിന്ന് എത്തിയവർ. മലപ്പുറം ജില്ലയിൽ മൂന്ന് പേർക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. കുവെെറ്റിൽ നിന്നെത്തിയ മലപ്പുറം സ്വദേശിയായ ഗർഭിണിക്കും അവരുടെ മൂന്ന് വയസുള്ള മകനും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറത്തെ മൂന്നാമത്തെ രോഗി ചെന്നൈയില്‍ നിന്ന് വാളയാര്‍ വഴി നാട്ടിലെത്തിയ 44കാരനാണ്.

സംസ്ഥാനത്ത് ഇന്നലെ വയനാട് ജില്ലയിൽ 11 മാസം പ്രായമുള്ള കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. സമ്പർക്കത്തിലൂടെയാണ് കുട്ടിക്ക് രോഗം ബാധിച്ചത്. കഴിഞ്ഞ ആഴ്‌ച കോവിഡ് സ്ഥിരീകരിച്ച വയനാട് സ്വദേശിയായ കോയമ്പേട് ലോറി ഡ്രെെവറുടെ പേരക്കുട്ടിക്കാണ് ഇന്നലെ കോവിഡ് ബാധിച്ചത്.

Read Also: ഞാനിപ്പോൾ കളിക്കാത്തതു രാഷ്‌ട്രീയം മാത്രമാണ്; ആരോപണങ്ങൾക്കു മുഖ്യമന്ത്രിയുടെ മറുപടി

സംസ്ഥാനത്ത് അതീവ ജാഗ്രത വേണമെന്നും രോഗവ്യാപനം പുതിയ തലത്തിലേക്ക് കടന്നെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പതിവിലും വിപരീതമായി അതീവ ജാഗ്രത പുലർത്തേണ്ട സമയമാണിതെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി ഇന്നു വാർത്താസമ്മേളനം ആരംഭിച്ചത്.

വെല്ലുവിളി നിറഞ്ഞ സാഹചര്യമാണ് മുന്നിലുള്ളത്. ഇപ്പോൾ സംസ്ഥാനത്ത് 32 പേർ രോഗബാധിതരായി ചികിത്സയിലാണ്. ഇതിൽ 23 പേരും മറ്റു സ്ഥലങ്ങളിൽ നിന്ന് എത്തിയവരാണ്. ഇന്ന് മാത്രം സംസ്ഥാനത്ത് അഞ്ച് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇപ്പോൾ ചികിത്സയിലുള്ളവരിൽ ഒൻപത് പേർക്ക് മാത്രമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. വിദേശത്തു നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും ഇനിയും ആളുകൾ സംസ്ഥാനത്തേക്ക് എത്തും. അതിനാൽ ജാഗ്രത കൈവിടരുതെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു.

Read Also: ജില്ലയ്‌ക്കുള്ളിൽ ബസ് സർവീസ് വേണം, ചാർജ് വർധിപ്പിക്കും: മുഖ്യമന്ത്രി

കാസർഗോഡ് ജില്ലയിൽ ഒരു രോഗബാധിതനിൽ നിന്ന് 22 പേർക്ക് വരെ രോഗം പടർന്നു. സ്ഥിതി ആശങ്കാജനകമാണ്. ജാഗ്രതയിൽ വിട്ടുവീഴ്‌ചയുണ്ടായാൽ സ്ഥിതി മോശമാകും. നിയന്ത്രണം പാളിയാല്‍ അപകടമാണ്. വരാനിടയുള്ള ആപത്തിനെതിരെ ശക്തമായ ജാഗ്രത പുലര്‍ത്തണം. പുറത്തുനിന്ന് കൂടുതലാളുകളെത്തുന്നു. സാഹചര്യം വെല്ലുവിളി നിറഞ്ഞതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.