മലപ്പുറം: സർവിസിലിരിക്കെ വര്‍ഷങ്ങളായി വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ മുന്‍ അധ്യാപകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറത്തെ പ്രമുഖ സ്‌കൂളിലെ അധ്യാപകനായിരുന്ന ഇയാള്‍ പരാതിയെത്തുടര്‍ന്ന് ഒളിവിലായിരുന്നു.
സിപിമ്മിന്റെ നഗരസഭാംഗം കൂടിയായിരുന്ന അധ്യാപകനെതിരെ അന്‍പതിലധികം പൂര്‍വ വിദ്യാര്‍ഥികളാണു പരാതി നല്‍കിയത്. അധ്യാപകനായി പ്രവര്‍ത്തിച്ച 30 വര്‍ഷം വിദ്യാര്‍ഥിനികളെ ലൈംഗികകമായി പീഡിപ്പിച്ചുവെന്നതാണ് പരാതി.
ഒന്‍പതു മുതല്‍ 16 വയസ് വരെയുള്ള പെണ്‍കുട്ടികളോട് ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നും ശരീരത്തില്‍ സ്പര്‍ശിക്കുകയും കടന്നുപിടിക്കുകയും ചെയ്തുവെന്നാണ് ആരോപണം. പലതവണ സ്‌കൂള്‍ അധികൃതരോട് പരാതി പറഞ്ഞെങ്കിലും അധ്യാപകനെതിരെ നടപടിയെടുത്തില്ലെന്നും ആരോപണമുണ്ട്.
സര്‍വിസില്‍നിന്ന് വിരമിക്കുന്നതിന്റെ ഭാഗമായി സ്‌കൂളില്‍ നടന്ന യാത്രയയപ്പ് ചടങ്ങിന്റെ ചിത്രങ്ങള്‍ അധ്യാപകന്‍ ഫെയ്സ്ബുക്കില്‍ പങ്കുവച്ചിരുന്നു. ഇതിനോടുള്ള പ്രതികരണമായി ഒരു പൂര്‍വ വിദ്യാര്‍ഥിനി മീ ടു ആരോപണം ഉയരുകയും അത് സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയായിരുന്നു.
Also Read: സ്ത്രീധനം ആവശ്യപ്പെട്ട് മർദിക്കുമായിരുന്നു; ഷഹാനയെ ഭർത്താവ് കൊന്നതെന്ന് അമ്മ
ഒരു പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് ഒട്ടേറെ പെണ്‍കുട്ടികള്‍ ദുരനുഭവം വെളിപ്പെടുത്തുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മയുടെ നേതൃത്വത്തില്‍ അധ്യാപകനെതിരെ പൊലീസില്‍ പരാതി നല്‍കിയത്. മലപ്പുറം വനിതാ പൊലീസ് സ്‌റ്റേഷനിലാണു കേസ് റജിസ്റ്റര്‍ ചെയ്തത്.
വിഷയം സജീവമായതോടെ അധ്യാപകന്‍ നഗരസഭാ കൗണ്‍സിലര്‍ സ്ഥാനം രാജിവച്ചിരുന്നു. സിപിഎം ബ്രാഞ്ച് അംഗത്വത്തില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയുമുണ്ടായി. അധ്യാപകനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കനത്ത പ്രതിഷേധമുയര്‍ന്നിരുന്നു.
അതിനിടെ, വിദ്യാര്‍ഥിനികളെ സര്‍വീസിലിരിക്കെ അധ്യാപകന്‍ പീഡിപ്പിച്ചെന്ന പരാതിയില്‍ സ്‌കൂള്‍ വീഴ്ച വരുത്തിയിട്ടുണ്ടോ എന്ന കാര്യം അന്വേഷിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ ജീവന്‍ ബാബുവിനെ മന്ത്രി വി ശിവന്‍കുട്ടി ചുമതലപ്പെടുത്തി. എത്രയും പെട്ടെന്ന് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.
അധ്യാപകനെതിരായ പരാതിയില്‍ മുഖം നോക്കാതെ നടപടി ഉണ്ടാകുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ പറഞ്ഞു.
- എഡിറ്ററുടെ കുറിപ്പ്: സുപ്രീം കോടതി ഉത്തരവ് അനുസരിച്ച്, ബലാത്സംഗത്തിനോ ലൈംഗികാതിക്രമത്തിനോ ഇരയായവരെ (വ്യക്തി / പ്രായപൂര്‍ത്തിയാകാത്ത ആൾ) തിരിച്ചറിയാന്‍ ഇടയാക്കുന്ന ഏതെങ്കിലും വിവരങ്ങള്‍ വെളിപ്പെടുത്താൻ കഴിയില്ല.