മലപ്പുറം: തവനൂരിലെ വൃദ്ധസദനത്തിൽ നാലുപേർ മരിച്ചു. കൃഷ്ണ മോഹൻ, ശ്രീദേവി അമ്മ, കാളിയമ്മ, വേലായുധൻ എന്നിവരാണ് മരിച്ചത്. ഇന്നും ഇന്നലെയുമായാണ് ഇവർ മരിച്ചത്. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് ഇവർ മരിച്ചതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.

കൃഷ്ണ മോഹനെ ഇന്നലെ വൈകിട്ട് നെഞ്ചുവേദനയെ തുടർന്ന് പൊന്നാനി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്നു രാവിലെയോടെയാണ് മരിച്ചത്. ശ്രീദേവി അമ്മ ഇന്നലെ വൈകിട്ടാണ് വൃദ്ധസദനത്തിൽ വച്ച് മരിച്ചത്. മറ്റു രണ്ടുപേരും ഇന്നു പുലർച്ചയോടെയാണ് മരിച്ചത്.

അതേസമയം, നാലു പേർ മരിച്ചതിൽ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം. നേരത്തെയും വൃദ്ധസദനത്തിനെതിരെ പരാതികൾ ഉയർന്നിരുന്നതായി നാട്ടുകാർ പറയുന്നു.

വൃദ്ധസദനത്തിലെ അന്തേവാസികളുടെ മരണം സംബന്ധിച്ച് മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ജില്ലാ കലക്ടർ, ജില്ലാ പൊലീസ് മേധാവി, ജില്ലാ സമൂഹിക നീതി ഓഫീസർ എന്നിവർ മൂന്നാഴ്ചയ്ക്കകം സംഭവം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകണമെന്ന് കമ്മീഷൻ നിർദേശിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.