പൊന്നാനി: മലപ്പുറം ചങ്ങരംകുളത്തിനടുത്ത് നരണിപ്പുഴയിൽ തോണി മറിഞ്ഞ് ആറ് പേർ മരിച്ചു. ഒരാളെ കാണാതായി. ഒരാളെ ജീവനോടെ രക്ഷപ്പെടുത്തി. കടുക്കുഴി ജലാശയം കാണാൻ തോണിയിൽ പുറപ്പെട്ട ഏഴംഗ സംഘമാണ് അപകടത്തിൽ പെട്ടത്.
ഏഴ് പേരാണ് യാത്രാസംഘത്തിലുണ്ടായിരുന്നതെന്നാണ് റിപ്പോർട്ട്. ആറ് കുട്ടികളും വേലായുധനുമാണ് യാത്ര പോയത്. ഇതിൽ തോണി തുഴഞ്ഞ മാപ്പാനിക്കൽ വേലായുധൻ (55) രക്ഷപ്പെട്ടു. ഇയാളെ വിദഗ്ദ്ധ ചികിത്സയ്ക്കായി തൃശ്ശൂരിലേക്ക് കൊണ്ടുപോയി.
വൈഷ്ണവ് (20), അഭിലാഷ് (13), ജനീഷ (14), പ്രസീന (14), മിന്നു(14) എന്നിവരാണ് മരിച്ചത്. ഒരാളെ കാണാതായെന്നാണ് നിഗമനം. വേലായുധനെ വിദഗ്ദ്ധ ചികിത്സയ്ക്കായി തൃശ്ശൂരിലേക്ക് കൊണ്ടുപോയി. എല്ലാവരും മാപ്പാനിക്കൽ കുടുംബാംഗങ്ങളാണെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.
കടുക്കുഴി ജലാശയം കാണാൻ പോയ സംഘമാണ് അപകടത്തിൽ പെട്ടതെന്നാണ് ലഭ്യമായ വിവരമെന്ന് സ്പീക്കറും പൊന്നാനി നിയോജക മണ്ഡലം എംഎൽഎയുമായ പി.ശ്രീരാമകൃഷ്ണൻ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ ടെലിഫോൺ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.