മലപ്പുറം: കനത്ത മഴയ്ക്ക് പിന്നാലെ മലപ്പുറം ജില്ലയിലെ മമ്പാട് മേഖലയിൽ അനുഭവപ്പെട്ടത് ഭൂചലനം അല്ലെന്ന് ജിയോളജി വകുപ്പ്. ശക്തമായ മഴയെ തുടർന്ന് മണ്ണിടിച്ചിൽ ഉണ്ടായതാണ് വീടുകളിൽ വിളളൽ വീഴാൻ കാരണമെന്നാണ് ജിയോളജി വകുപ്പിന്റെ പരിശോധനഫലം.

വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച രാവിലെയുമായി രണ്ടു തവണയാണു ഭൂചലനം അനുഭവപ്പെട്ടത്. ഇതേത്തുടർന്ന് മമ്പാട് മേഖലയിൽ കൊങ്ങല്ലൂർ പൂച്ചപ്പാറക്കുന്ന് പ്രദേശത്തെ 73 കുടുംബങ്ങൾ വീടൊഴിഞ്ഞു. ചില വീടുകളിൽ വിളളൽ വീണിട്ടുണ്ട്.

ജിയോളജി വകുപ്പ് അധികൃതർ സ്ഥലത്ത് പരിശോധന നടത്തി. ഇത് ഭൂചലനമല്ലെന്ന് ജിയോളജി അധികൃതർ വിശദീകരിച്ചു. മഴയും കാറ്റും ശക്തമായതോടെ ഭൂഗർഭ ജലത്തിൽ വ്യതിയാനം സംഭവിക്കുകയും ആന്തരിക ഭാഗത്ത് മണ്ണിടിച്ചിൽ ഉണ്ടായതുമാണ് ഈ പ്രതിഭാസത്തിന് കാരണമെന്നാണ് വിശദീകരണം.

വെള്ളിയാഴ്ച രാത്രി കനത്ത മഴയ്ക്കിടെ വലിയ ശബ്ദമുണ്ടായെന്നും ഭൂമിയിൽ തരിപ്പനുഭവപ്പെട്ടെന്നും പ്രദേശവാസികൾ പറഞ്ഞു. ഇതോടെ ജനങ്ങൾ പരിഭ്രാന്തരായി. ചില വീടുകളിൽ ചുമരുകളിൽ വിളളൽ കണ്ടതോടെ നാട്ടിലാകെ ഭീതി പടർന്നു. ഭൂരിഭാഗം കുടുംബങ്ങളും രാത്രി തന്നെ ബന്ധുവീടുകളിലേക്ക് താമസം മാറ്റി.

മമ്പാട് മേഖലയിൽ മണ്ണിടിച്ചിലുണ്ടായിരുന്നു. വെളളിയാഴ്ച രാത്രിയാണ് ഇവിടെ മണ്ണിടിഞ്ഞത്. മമ്പാട് പാലത്തിന് സമീപത്തെ മണ്ണ് ഇടിഞ്ഞുപോയത് പാലത്തിന്റെ സ്ഥിതി അപകടാവസ്ഥയിലാക്കിയിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ