മലപ്പുറം: മലപ്പുറം എടപ്പാളിൽ നാടോടി പെൺകുട്ടിക്ക് ക്രൂര മർദനം. 10 വയസുകാരിയാണ് മർദനത്തിന് ഇരയായത്. നെറ്റിയിൽ ആഴത്തിൽ പരുക്കേറ്റ കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിയുടെ പരുക്ക് ഗുരുതരമല്ലെന്നാണ് ഡോക്ടർമാർ അറിയിച്ചത്. ആക്രി സാധനങ്ങൾ ശേഖരിക്കുന്നതിനിടെ എടപ്പാളിലെ മുൻ പഞ്ചായത്ത് പ്രസിഡന്റാണ് കുട്ടിയെ മർദിച്ചത്.
മൂന്നുതവണ വട്ടംകുളം പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.രാഘവനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്നു രാവിലെ 10 മണിയോടെയായിരുന്നു സംഭവം. എടപ്പാൾ ആശുപത്രിക്ക് സമീപമുളള കെട്ടിടത്തിലാണ് പെൺകുട്ടി ഉൾപ്പെട്ട നാടോടി സംഘം ആക്രി സാധനങ്ങൾ ശേഖരിക്കാനെത്തിയത്. ഈ കെട്ടിടം പി.രാഘവന്റേതായിരുന്നു. അനുവാദമില്ലാതെ കെട്ടിടത്തിന് അകത്തു കടന്നുവെന്ന് പറഞ്ഞാണ് ഇയാൾ കുട്ടിയുടെ കൈയ്യിലുണ്ടായിരുന്ന ചാക്ക് ഉപയോഗിച്ച് മർദിച്ചത്.