scorecardresearch
Latest News

ആ 79,000 വോട്ട് ഇത്തവണ ആർക്ക്? മലപ്പുറം പുതിയ പരീക്ഷണത്തിന്റെ വേദിയാകുന്നു

കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ എസ് ഡി പി ഐയ്ക്കും വെൽഫെയർ പാർട്ടിക്കും ബി എസ്‌പിക്കും കിട്ടിയ വോട്ടുകൾ ഇത്തവണ ആർക്കു പോകും എന്നതാണ് മലപ്പുറം ഉപതിരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്ന ഒരു ഘടകം

malappuram by election, IUML, CPM, SDPI, Welfare Party, RMP,BSP

മലപ്പുറം: ഉപതെരഞ്ഞെടുപ്പില്‍ പുതിയൊരു പരീക്ഷണത്തിന് മുതിര്‍ന്ന ചെറുകക്ഷികള്‍ പൊതുസ്വീകാര്യനെ ലഭിക്കാതെ വന്നതോടെ തിരഞ്ഞെടുപ്പു മത്സര രംഗത്തു നിന്ന് പിന്മാറി. പ്രചാരണ രംഗത്ത് യുഡിഎഫും എല്‍ഡിഎഫും ബിജെപിയും സജീവമായതോടെ തങ്ങള്‍ ഇത്തവണ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നില്ലെന്ന പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുകയാണ് . പുതുതലമുറാ സമുദായ പാര്‍ട്ടികളായ പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയ പാര്‍ട്ടിയായ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ട് ഓഫ് ഇന്ത്യയും (എസ്.ഡി.പി.ഐ) ജമാഅത്തെ ഇസ്ലാമിയുടെ മേല്‍നോട്ടത്തിലുള്ള വെല്‍ഫയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യയും. ഇത്തവണ പിഡിപി, ആര്‍എംപി, ബിഎസ്.പി എന്നീ പാര്‍ട്ടികളെ കൂടി ഉള്‍പ്പെടുത്തി ഒരു പുതിയ സഖ്യം രൂപീകരിച്ച് പൊതുസമ്മതനായ സ്ഥാനാര്‍ത്ഥിയെ മത്സര രംഗത്തിറക്കുന്ന കാര്യം ഇവര്‍ കൂടിച്ചേര്‍ന്ന് ആലോചിച്ചിരുന്നു. അനൗദ്യോഗികമായാണ് ചര്‍ച്ചകളെല്ലാം നടന്നതെന്ന് എസ്ഡിപിഐ സംസ്ഥാന നേതൃത്വം പറഞ്ഞു. ഇതിന്റെ ഭാഗമായി ചില വ്യക്തികളെ സമീപിച്ചെങ്കിലും തിരഞ്ഞെടുപ്പിന് 20 ദിവസം മാത്രം ബാക്കി നില്‍ക്കെ തിടുക്കപ്പെട്ട് ഒരു തീരുമാനമെടുക്കാന്‍ ആരും തയാറാകാതെ വന്നതോടെയാണ് സഖ്യം ശ്രമം ഉപേക്ഷിച്ച് എല്ലാവരും മത്സര രംഗത്തു നിന്നും പിന്‍വലിഞ്ഞത്.

ഏറെ പ്രതീക്ഷയോടെയാണ് ഈ പാര്‍ട്ടികള്‍ ചര്‍ച്ചകള്‍ നടത്തിയത്. ഗെയില്‍ വാതക പൈപ്പ്‌ലൈന്‍ വിരുദ്ധ സമരം, കരിപ്പൂര്‍ വിമാനത്താവള സ്ഥലമെടുപ്പ് വിരുദ്ധ സമരം, ദേശീയപാത സമരം തുടങ്ങി ഈ പാര്‍ട്ടികള്‍ ഒന്നിക്കുന്ന പല ജനകീയ സമരങ്ങളും വിവിധയിടങ്ങളില്‍ നടന്നു വരുന്നുണ്ട്. ഇത് തിരഞ്ഞെടുപ്പിലും പരീക്ഷിക്കാനായിരുന്നു ശ്രമം. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ എങ്ങുമെത്താതെ വന്നതോടെ എസ്ഡിപിഐയും വെല്‍ഫയര്‍ പാര്‍ട്ടിയും തങ്ങള്‍ ഇത്തവണ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുന്നില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചു. എന്നാല്‍ ആരെ പിന്തുണയ്ക്കുമെന്നതു സംബന്ധിച്ച് ഇനിയും ഇവര്‍ നിലപാട് വ്യക്തമാക്കിയിിട്ടില്ല.

ശനിയാഴ്ച ചേരുന്ന പാര്‍ട്ടി സംസ്ഥാന സമിതി യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും ശേഷം തങ്ങളുടെ നിലപാട് പരസ്യപ്പെടുത്തുമെന്നും എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി പി.കെ ഉസ്മാന്‍ പറഞ്ഞു.

Read More: മലപ്പുറത്ത് എല്ലാം പതിവ് പോലെ. അത്ഭുതവും അട്ടിമറിയും പ്രതീക്ഷകൾ

‘ദേശിയ തലത്തിലോ സംസ്ഥാന തലത്തിലോ പ്രത്യേകിച്ചൊരു ചലനവും സൃഷ്ടിക്കാത്ത തിരഞ്ഞെടുപ്പാണിത്. ഈയൊരു നിര്‍വ്വികാരത ഇടത് പക്ഷത്തിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലും നിഴലിച്ച് കാണുന്നു,’ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നില്ലെന്നറിയിച്ച് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു. ഇന്ത്യന്‍ ദേശീയതയും മതേതര ഭരണഘടനയും ഇപ്പോള്‍ നേരിടുന്ന വെല്ലുവിളിയെ ചെറുതായി കാണാനാവില്ല. ഇതിനെതിരായ പ്രതിരോധം മതേതരകക്ഷികളുടെ ഐക്യത്തെ ക്കുറിച്ചുള്ള വാചകക്കസര്‍ത്തുകളില്‍ ഒതുക്കേണ്ടതല്ല. ഇടത്-വലത് മുന്നണികള്‍ പിന്നാക്ക ജനതയെ പ്രതിനിധീകരിക്കുന്ന പ്രസ്ഥാനങ്ങളോട് പുലര്‍ത്തി വരുന്ന സമീപനത്തെ പുനരവലോകനത്തിന് വിധേയമാക്കണമെന്നും മജീദ് ഫൈസി ആവശ്യപ്പെട്ടു.

Read English Here

സ്വന്തം സ്ഥാനാര്‍ത്ഥിയെ മത്സര രംഗത്തിറക്കേണ്ട സവിശേഷ രാഷ്ട്രീയ സാഹചര്യം ഇപ്പോള്‍ മലപ്പുറത്തില്ലെന്നും അതു കൊണ്ടാണ് ഇത്തവണ പാര്‍ട്ടി മത്സരത്തില്‍ നിന്ന് വിട്ടു നില്‍ക്കുന്നതെന്നും വെല്‍ഫയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം പറഞ്ഞു. മത്സര രംഗത്തുള്ള ഏതെങ്കിലും മുന്നണികളുടെ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കേണ്ടതായോ വിജയിപ്പിക്കേണ്ടതായോ അത്യാവശ്യമായ ഒരു രാഷ്ട്രീയ സാഹചര്യവുമില്ല. ഇടതു പക്ഷത്തിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തന്നെ ഇതു വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷം പോലും നല്ലൊരു മത്സരത്തിനുള്ള തയാറെടുപ്പുകള്‍ നടത്തിയിട്ടില്ലെന്ന് അവരുടെ നീക്കങ്ങളില്‍ നിന്ന് വ്യക്തമാണ്. ഈ സാഹചര്യത്തില്‍ വെല്‍ഫയര്‍ പാര്‍ട്ടിയെ പോലൊരു പുതുതലമുറാ പാര്‍ട്ടി റിസ്‌ക്കെടുക്കേണ്ടതില്ല എന്നാണ് നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ആര്‍ക്കു വോട്ടു ചെയ്യണമെന്ന കാര്യം വോട്ടെടുപ്പ് അടുക്കുന്നതോടെ പാര്‍ട്ടി പ്രവര്‍ത്തകരെ അറിയിക്കുമെന്നും ഒരു പരസ്യ നിലപാട് പ്രഖ്യാപനം ഉണ്ടാവില്ലെന്നും ഹമീദ് പറഞ്ഞു.

https://datawrapper.dwcdn.net/BHwUc/1/

2014-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മലപ്പുറത്ത് മത്സരിച്ച എസ്ഡിപിഐയും വെല്‍ഫയര്‍ പാര്‍ട്ടിയും നിര്‍ണായകമായിരുന്നില്ലെങ്കിലും വോട്ടുപിടിച്ചിരുന്നു. എസ്ഡിപിഐ സ്ഥാനാര്‍ത്ഥി നാസറുദ്ദീന്‍ എളമരം 47,853 വോട്ടുകളും വെല്‍ഫയര്‍ പാര്‍ട്ടിയുടെ പി ഇസ്മഇല്‍ 29,216 വോട്ടുകളും നേടി. എന്നാല്‍ 2016-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരു കൂട്ടരുടേയും വോട്ടു വിഹിതം കൂപ്പു കുത്തുന്നതാണ് കണ്ടത്. മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും വന്‍തോതിലാണ് ഇരു കൂട്ടരുടേയും വോട്ടുകള്‍ ആവിയായിപ്പോയത്. എസ്ഡിപിഐയുടെ വോട്ടു വിഹിതം 16,170 ആയും വെല്‍ഫയര്‍ പാര്‍ട്ടിയുടേത് 15,777 ആയുമാണ് കുറഞ്ഞത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ശ്ക്തമായ എല്‍ഡിഎഫ്-യുഡിഎഫ് മത്സരം നടന്ന ചില മണ്ഡലങ്ങളില്‍ ജയപരാജയങ്ങളെ നിര്‍ണയിക്കുന്നതില്‍ ഇവരുടെ വോട്ടുകള്‍ക്ക് സ്വാധീനമുണ്ടായി എന്നതൊഴിച്ചാല്‍ വലിയ അവകാശവാദങ്ങള്‍ക്കൊന്നും വകയില്ലെന്നാണ് ഇവരുടെ വോട്ടു വിഹിതം കാണിക്കുന്നത്. ഒരു പക്ഷേ ഈ ഇടിവുകളാകാം ഉപതെരഞ്ഞെടുപ്പില്‍ പിഡിപി, ബിഎസ്‌പി, ആര്‍എംപി എന്നീ ചെറുപാര്‍ട്ടികളുമായി ചേര്‍ന്ന് ഒരു താല്‍കാലിക സഖ്യത്തിന് ഇവര്‍ ശ്രമം നടത്തിയത്. ലോക്‌സഭയിലേക്ക് 2014-ല്‍ മലപ്പുറത്ത് മത്സരിച്ച ബിഎസ്പി 2016-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചില്ല. ലോക്‌സഭയിലേക്ക് മത്സരിക്കാതിരുന്ന പിഡിപി നിയമസഭയിലേക്ക് മത്സരിക്കുകയും ചെയ്തിരുന്നു.

https://datawrapper.dwcdn.net/GuiiD/1/

എന്നാൽ മലപ്പുറം ലോകസഭ ഉപതിരഞ്ഞെടുപ്പോടെ ലീഗ് അനുകൂല സമുദായ വോട്ട് ഏകീകരണത്തിന്റെ പരീക്ഷണശാലയാവുകയാണ് മലപ്പുറം എന്ന സംശയം ചിലർ ഉന്നയിക്കുന്നു. ദേശീയതലത്തിൽ ന്യൂനപക്ഷങ്ങൾ പ്രത്യേകിച്ച് മുസ്ലിം സമുദായം നേരിടുന്ന വെല്ലുവിളികൾ നേരിടാൻ ഒന്നിക്കണമെന്ന വാദം ഏറെ കാലമായി ഉയർന്നിരുന്നു. അതിന്റെ പരീക്ഷണമാണോ ഇതെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു എന്ന നിരീക്ഷണം ഉയർന്നിട്ടുണ്ട്. വെൽഫെയർ പാർട്ടിയുടെ നേതൃത്വം നിയന്ത്രിക്കുന്ന ജമാ അത്തെ ഇസ്ലാമിയും ഇതുവരെ തിരഞ്ഞെടുപ്പ് നയം വ്യക്തമാക്കിയിട്ടില്ല. അതേസമയം കഴിഞ്ഞ പല തിരഞ്ഞെടുപ്പിലും തങ്ങൾ പിന്തുണച്ച ഇടതുപക്ഷം സ്വീകരിക്കുന്ന സമീപനങ്ങൾ വെൽഫെയർ പാർട്ടിയുടെയും ജമാ അത്തെ ഇസ്ലാമിയുടെയും സമീപനങ്ങളോട് പ്രത്യേകിച്ച് വികസന കാഴ്ചപ്പാടുകൾ, ന്യൂനപക്ഷങ്ങളോടുളള സമീപനങ്ങൾ, എന്നിവയിൽ വിരുദ്ധമാകുന്നതിനാലാണ് ഈ പ്രതിഷേധം എന്ന് കരുതുന്നവരുമുണ്ട്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Malappuram election where does sdpi welfare party votes go udf ldf cpm league