തിരുവനന്തപുരം: മലപ്പുറം ജില്ലയിൽ കോവിഡ് ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ മരിച്ച വ്യക്തിയുടെ മരണകാരണം കോവിഡ് അല്ലെന്ന്‌ ആരോഗ്യമന്ത്രി കെ.കെ ശൈലജ. കൊറോണ ഭേദമായി ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിന് ഇടയിലാണ് മരണം സംഭവിക്കുന്നത്. അടുത്തിടെ അദ്ദേഹത്തിന് നടത്തിയ മൂന്ന് ടെസ്റ്റുകളുടെയും പരിശോധനാഫലം നെഗറ്റീവായിരുന്നെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

“വീരാൻകുട്ടിക്ക് നാൽപത് വർഷമായി ഹൃദയസംബന്ധമായ രോഗങ്ങൾ ഉണ്ടായിരുന്നതായി പറയുന്നു. ഇതാണ് മരണത്തിലേക്ക് നയിച്ചത്,” മന്ത്രി പറഞ്ഞു.

“ഇന്ന് രാവിലെ കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് വീരാൻ കുട്ടിയുടെ ഫലം നെഗറ്റീവാണെന്ന് വ്യക്തമായത്. ഇതോടെ ഇദ്ദേഹത്തിൻ്റെ മൃതദേഹം ബന്ധുകൾക്ക് വിട്ടു കൊടുക്കും. ഏപ്രിൽ രണ്ടിന് കൊവിഡ് സ്ഥിരീകരിച്ച വീരാൻ കുട്ടിക്ക് കഴിഞ്ഞ ആഴ്ച നടത്തിയ സാംപിൾ പരിശോധനയിൽ നെഗറ്റീവ് ഫലമാണ് കാണിച്ചിരുന്നത്. ഇതേ തുടർന്ന് അദ്ദേഹത്തെ രോഗമുക്തി നേടിയവരുടെ പട്ടികയിൽ ഉൾപ്പെടുത്തി ചികിത്സ തുടരുകയായിരുന്നു,” മന്ത്രി പറഞ്ഞു.

Read More: കോവിഡ് ഭേദമായ ആൾ മരിച്ചു; പരിശോധനാഫലം വന്നശേഷം സംസ്‌കാരം

കോവിഡ് ഭേദമായതിനാല്‍ തന്നെ സംസ്‌കാരത്തിന് കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കേണ്ടതില്ലെന്നും എന്നാല്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളോടെ മാത്രമെ സംസ്‌കാരം നടത്താവൂ എന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

ഏപ്രില്‍ രണ്ടിനാണ് ഇദ്ദേഹത്തിന് കോവിഡ് ബാധ സ്ഥിരീകരിച്ചത്. അതേസമയം എങ്ങനെയാണ് ഇയാള്‍ക്ക് വൈറസ് ബാധിച്ചത് ഇനിയും വ്യക്തമായിട്ടില്ല. നേരത്തെ ഉംറ കഴിഞ്ഞ് തിരിച്ചെത്തിയ മകനില്‍നിന്നാണ് വൈറസ് ബാധിച്ചതെന്നായിരുന്നു സൂചന. എന്നാല്‍ മകന് രോഗമില്ലെന്ന് പിന്നീട് സ്ഥിരീകരിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.