മലപ്പുറം: സംസ്ഥാനത്ത് ഇന്ന് മലപ്പുറം ജില്ലയിൽ ആയിരത്തിലധികം പേർക്കാണ് പുതുതായി കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. 1,040 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. രോഗ ബാധിതരുടെ എണ്ണം അനുദിനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ ജാഗ്രതാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍ അഭ്യര്‍ഥിച്ച് .

1,040 പേര്‍ക്ക് ഒരു ദിവസം രോഗബാധ സ്ഥിരീകരിക്കുന്നു എന്നത് ആശങ്കാജനകമായ സ്ഥിതിയാണ്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പൊതുജന സഹകരണം കൂടുതല്‍ ഉറപ്പാക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.

Read More: മലപ്പുറത്ത് പുതിയ രോഗികൾ ആയിരത്തിലധികം, തിരുവനന്തപുരത്ത് 935, എറണാകുളത്തും കോഴിക്കോട്ടും എണ്ണൂറിലധികം

ജില്ലയില്‍ ആദ്യമായാണ് രോഗബാധിതരുടെ എണ്ണം ആയിരം കടക്കുന്നത്. ഈ സാഹചര്യത്തില്‍ രോഗപ്രതിരോധത്തിനായുള്ള നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ യാതൊരു വിട്ടുവീഴ്ചകളും അനുവദിക്കില്ലെന്ന് ജില്ലാ ഭരണകൂട് വ്യക്തമാക്കി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുന്നതിനിടെ നിയന്ത്രണങ്ങളില്‍ നല്‍കുന്ന ഇളവുകള്‍ യാതൊരു കാരണവശാലും ദുരുപയോഗം ചെയ്യാന്‍ പാടില്ലെന്നും അവർ വ്യക്തമാക്കി.

വിവാഹം, മരണാനന്തര ചടങ്ങുകള്‍, മറ്റ് പൊതു പരിപാടികള്‍ തുടങ്ങിയവയില്‍ നിശ്ചിത എണ്ണത്തില്‍ കൂടുതല്‍ പേര്‍ പങ്കെടുക്കുന്നത് അനുവദിക്കില്ല. ഇക്കാര്യത്തില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ജനപങ്കാളിത്തത്തോടെ കോവിഡ് വ്യാപനം കുറക്കാനാകുമെന്നും ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പും ഇതര സര്‍ക്കാര്‍ വകുപ്പുകളും ചേര്‍ന്ന് നടത്തുന്ന രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി പൊതുജനങ്ങള്‍ പൂര്‍ണ്ണമായും സഹകരിക്കണമെന്നും ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു.

Read More: സമ്പൂർണ ലോക്ക്ഡൗണ്‍ ഇല്ല, ഗുരുതര സാഹചര്യം ജനങ്ങളെ ബോധ്യപ്പെടുത്തും‌

കോവിഡ് 19 വ്യാപനം ക്രമാതീതമായി വര്‍ധിക്കുമ്പോള്‍ സ്വയമുള്ള പ്രതിരോധം ഉറപ്പാക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ കെ സക്കീന പറഞ്ഞു. കോവിഡ് പ്രതിരോധത്തിനായുള്ള നിർദേശങ്ങളും ജില്ലാ മെഡിക്കല്‍ ഓഫീസർ മുന്നോട്ട് വച്ചു.

നിർദേശങ്ങൾ

  • അത്യാവശ്യങ്ങള്‍ക്ക് മാത്രമാണ് വീടുകളില്‍ നിന്ന് പുറത്തിറങ്ങേണ്ടത്. പുറത്തിറങ്ങുന്നവര്‍ കൃത്യമായ സാമൂഹ്യ അകലവും ശരിയായ രീതിയിലുള്ള മാസ്‌കിന്റെ ഉപയോഗവും ഉറപ്പാക്കണം. കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ചോ, സാനിറ്റൈസര്‍ ഉപയോഗിച്ചോ ശാസ്ത്രീയമായ രീതിയില്‍ ഇടക്കിടെ വൃത്തിയാക്കണം. വീട്ടില്‍ തിരിച്ചെത്തിയ ശേഷം ശാരീരിക ശുചിത്വവും ഉറപ്പാക്കണം.
  • മുതിര്‍ന്ന പൗരന്മാര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, മാറാരോഗികള്‍ എന്നിവര്‍ വൈറസ് ബാധിതരാകുകയാണെങ്കില്‍ ആരോഗ്യസ്ഥിതി ഗുരുതരമാകാനുള്ള സാധ്യത കൂടുകലാണ്. ഈ വിഭാഗത്തിലുള്ളവരുമായി പുറത്തുനിന്നുള്ളവരാരും നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തരുത്.
  • വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ യാതൊരു കാരണവശാലും പൊതുസമ്പര്‍ക്കത്തിലേര്‍പ്പെടാതെ റൂം ക്വാറന്റീന്‍ നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണം. ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായി പാലിക്കുകയും വേണം.
  • രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം.
  • ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ (നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.) വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം.

Read More: സംസ്ഥാനത്ത് 7,354 പേർക്ക് കൂടി കോവിഡ്; സ്ഥിതി ഗുരുതരം

ജില്ലയിൽ ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 970 പേര്‍ക്കാണ് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധുണ്ടായത്. ഉറവിടമറിയാതെ 54 പേര്‍ക്കും നാല് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ചു. രോഗബാധിതരായവരില്‍ അഞ്ച് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ഏഴ് പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. അതേസമയം 525 പേര്‍ വിദഗ്ധ ചികിത്സക്ക് ശേഷം ജില്ലയില്‍ ഇന്ന് രോഗമുക്തരായി. ഇതുവരെ 16,006 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം ജില്ലയില്‍ രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.