മലപ്പുറം: കരുവാരക്കുണ്ട് പഞ്ചായത്തിലെ വിവിധയിടങ്ങളില്‍ നടക്കാനിരുന്ന ഒമ്പതു ബാല വിവാഹങ്ങള്‍ കോടതി ഇടപ്പെട്ട് തടഞ്ഞു. വേനലവധിക്കാലത്ത് നടത്താന്‍ രക്ഷിതാക്കള്‍ തീരുമാനിച്ചുറപ്പിച്ച വിവാഹങ്ങളായിരുന്നു എല്ലാം. മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ഹരിപ്രിയ പി. നമ്പ്യാരാണ് 18 വയസ്സു തികയാതെ ഈ പെണ്‍കുട്ടികളുടെ വിവാഹം നടത്തുന്നതില്‍ നിന്ന് രക്ഷിതാക്കളെ വിലക്കി കൊണ്ട് ഉത്തരവിട്ടത്. കാളികാവ് ചൈല്‍ഡ് ഡെവലപ്‌മെന്റ് ഓഫീസര്‍ സാവിത്രി ദേവിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവ്.

വിവാഹം ഉറപ്പിച്ച ഒരു പെണ്‍കുട്ടി വിവരം രഹസ്യമായി അധികൃതരെ അറിയിച്ചതോടെയാണ് നിയമപരമല്ലാത്ത ഒമ്പതു വിവാഹങ്ങളും പുറത്തറിഞ്ഞത്. ഇവരിലൊരു പെണ്‍കുട്ടിയാണ് ചൈല്‍ഡ്‌ലൈന്‍ ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ച് രക്ഷിക്കണമെന്നാവശ്യപ്പെട്ടത്. തനിക്കു തുടര്‍ന്നു പഠിക്കാനാണ് ആഗ്രഹമെന്നും താല്‍പര്യമില്ലാത്ത വിവാഹം ആത്മഹത്യാപരമാണെന്നും ഈ കുരുക്കില്‍ നിന്ന് രക്ഷിക്കണമെന്നും ആവശ്യപ്പെട്ടതായി ചൈല്‍ഡ്‌ലൈന്‍ അധികൃര്‍ പറഞ്ഞു. സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ ഈ പെണ്‍കുട്ടി തന്നെയാണ് വിവാഹിതരാകാന്‍ പോകുന്ന തന്റെ സഹപാഠികളും പരിചയക്കാരുമടക്കം മറ്റു എട്ടു പെണ്‍കുട്ടികളുടെ വിവരം അധികൃതര്‍ക്കു കൈമാറിയത്. തുടന്ന് നടത്തിയ അന്വേഷണത്തില്‍ ഒമ്പതു കുടുംബങ്ങളേയും അധികൃതര്‍ കണ്ടെത്തി. ഇവരുടെ വീടുകളില്‍ നേരിട്ടു ചെന്ന് അന്വേഷണം നടത്തുകയും വീട്ടുകാര്‍ വിവാഹം ഉറപ്പിച്ചിരുന്നതായി ബോധ്യപ്പെടുകയും ചെയ്‌തെന്ന് ചൈല്‍ഡ്‌ലൈന്‍ മലപ്പുറം ജില്ലാ കോഓര്‍ഡിനേറ്റര്‍ അന്‍വര്‍ കാരക്കാടന്‍ പറഞ്ഞു.

തുടര്‍ന്ന് ഈ കേസുകളില്‍ സാമൂഹിക നീതി വകുപ്പ് ഇടപ്പെട്ടു. കാളികാവ് ചൈല്‍ഡ് മാരേജ് പ്രൊഹിബിഷന്‍ ഓഫീസര്‍ സാവിത്രി ദേവി സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുകയും ഒമ്പു പെണ്‍കുട്ടികള്‍ക്കും വിവാഹ പ്രായമെത്തിയിട്ടില്ലെന്നു ബോധ്യപ്പെടുകയും ചെയ്തു. വിവാഹം മാറ്റി വയ്ക്കാന്‍ രക്ഷിതാക്കള്‍ തയാറായെങ്കിലും പെണ്‍കുട്ടികളുടെ നിയമപരമായ സുരക്ഷ ഉറപ്പു വരുത്താന്‍ ഇവര്‍ കോടതിയെ സമീപിക്കുകയായിരുന്നു. 16-17 വയസ്സുള്ള പത്താം ക്ലാസ്, ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥിനികളായ ഒമ്പതു പേരുടെ ജനന സര്‍ട്ടിഫിക്കറ്റുകളും കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. കോടതിയില്‍ ഹാജരായ രക്ഷിതാക്കളുടെ വാദവും കേട്ടു. പെണ്‍കുട്ടികളുടെ പ്രായം ചൂണ്ടിക്കാട്ടിയ കോടതി ബാലവിവാഹം തടയല്‍ നിയമം വകുപ്പ് 13(6) പ്രകാരം ഇവരുടെ വിവാഹം 18 തികയുന്നതിനു മുമ്പ് നടത്തിക്കൊടുക്കുന്നതില്‍ നിന്നും രക്ഷിതാക്കളെ വിലക്കുകയായിരുന്നു. ഉത്തരവ് ലംഘിച്ചാല്‍ രക്ഷിതാക്കള്‍ക്ക് രണ്ടു വര്‍ഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷയായി ലഭിക്കും.

‘സാധരണ ഇത്തരം കേസുകള്‍ കണ്ടുപിടിക്കപ്പെട്ടാല്‍ ഉടന്‍ രക്ഷിതാക്കളെ കണ്ട് നിയമവിരുദ്ധ വിവാഹത്തില്‍ നിന്നും പിന്തിരിപ്പിക്കുകയാണ് ചെയ്യാറുള്ളത്. പ്രായം തികയാതെ വിവാഹം നടത്തില്ലെന്ന് രക്ഷിതാക്കള്‍ ഉറപ്പു തരികയും ചെയ്യും. വെള്ള പേപ്പറിലെഴുതി ഒപ്പിട്ടു നല്‍കും. എന്നാല്‍ പലപ്പോഴും ഈ ഉറപ്പ് ലംഘിക്കപ്പെട്ടതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അതു കൊണ്ടാണ് കോടതിയെ സമീപിച്ച് തടയല്‍ ഉത്തരവ് സമ്പാദിച്ചത്. ഇതു ലംഘിച്ചാല്‍ നിയമനടപടികള്‍ രക്ഷിതാക്കള്‍ക്കു നേരിടേണ്ടി വരും. അതു കൊണ്ടു തന്നെ നിയമലംഘനത്തില്‍ നിന്നും അവരെ പിന്തിരിപ്പിക്കാന്‍ ഈ കോടതി ഉത്തരവ് കൊണ്ട് സാധിക്കും,’ സാവിത്രി ദേവി പറഞ്ഞു.

ശക്തമായ ബോധവല്‍ക്കരണം ഏറെ ഫലം ചെയ്തിട്ടുണ്ടെങ്കിലും ഇത്തരം വിവാഹങ്ങള്‍ തുടരുകയാണ്. ബോധവല്‍ക്കരണത്തോടൊപ്പം കോടതിയെ സമീപിച്ച് ശക്തമായ നിയമ നടപടികളും ബാലവിവാഹത്തിനെതിരെ സ്വീകരിച്ചു വരികയാണെന്ന് ജില്ലാ ബാലസംരക്ഷണ ഓഫീസര്‍ സമീര്‍ മച്ചിങ്ങല്‍ പറഞ്ഞു.

ജില്ലയിലെ നിലമ്പൂര്‍, കരുവാരക്കുണ്ട് പോലുള്ള മലയോര മേഖലയില്‍ വ്യാപകമായി ഇത്തരം നിയമ വിരുദ്ധ ബാലവിവാഹങ്ങള്‍ നടക്കുന്നുണ്ട്. ആറു മാസം മുമ്പ് നിലമ്പൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി സമാന ഉത്തരവിലൂടെ 12 ബാലവിവാഹങ്ങള്‍ ഒറ്റ ദിവസം തടഞ്ഞത് സംസ്ഥാനത്തു തന്നെ ആദ്യ സംഭവമായിരുന്നു. അധികൃതര്‍ക്ക് രക്ഷിതാക്കള്‍ നല്‍കുന്ന ഉറപ്പ് പലപ്പോഴും ലംഘിക്കപ്പെട്ടപ്പോഴാണ് ജില്ലാ ബാല സംരക്ഷണ യൂണിറ്റ് കോടതിയെ സമീപിച്ച് ബാലവിവാഹം തടയല്‍ ഉത്തരവ് സമ്പാദിക്കാന്‍ ആരംഭിച്ചത്. ഇതോടെ നിയമം ലംഘിക്കുന്ന രക്ഷിതാക്കള്‍ക്ക് കടുത്ത നിയമ പ്രത്യാഘാതങ്ങളും ശിക്ഷയും നേരിടേണ്ടി വരുമെന്നായി.

ബാലവിവാഹത്തിനെതിരെ ജില്ലാ ബാല സംരക്ഷണ യൂണിറ്റ് ’18’ എന്ന ഹ്രസ്വ ചിത്ര പ്രദര്‍ശനം അടക്കമുള്ള ബോധവല്‍ക്കര പരിപാടികള്‍ വിവിധ സ്‌കൂളുകളിലും മറ്റുമായി നടത്തി വരുന്നതിനിടെയാണ് പുതിയ സംഭവം. കഴിഞ്ഞ വര്‍ഷം മഞ്ചേരിയില്‍ ഒരു പെണ്‍കുട്ടി തന്നെ ബാലവിവാഹത്തില്‍ നിന്നും രക്ഷിക്കണമെന്നാവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി അഭയം തേടിയ സംഭവത്തെ ആസ്പദമാക്കിയാണ് ഈ ചിത്രമൊരുക്കിയിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ